ഈ ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതമായി മാറിയ കേപ് വെർദെ, തങ്ങളുടെ കന്നി ലോകകപ്പിൽ തന്നെ നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ചരിത്ര നേട്ടവും സ്വന്തമാക്കിയിരുന്നു.
പ്രായ (കേപ് വെർദെ): ലോകകപ്പിന്‍റെ നോക്കൗട്ട് (റൗണ്ട് ഓഫ് 32) പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയെ കേപ് വെര്‍ദെ അട്ടിമറിക്കുമെന്ന വൻ പ്രവചനവുമായി പ്രസിഡന്റ് ജോസ് മരിയ നെവെസ്. ലിയോണൽ മെസി നായകനായ അര്‍ജന്‍റീനയെ മറുപടിയില്ലാത്ത ഒരു ഗോളിന് (1-0) കേപ് വെര്‍ദെ പരാജയപ്പെടുത്തുമെന്നാണ് നെവെസ് അവകാശപ്പെടുന്നത്. ബിബിസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച പ്രവചനം നെവെസ് നടത്തിയത്.
ഈ ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതമായി മാറിയ കേപ് വെർദെ, തങ്ങളുടെ കന്നി ലോകകപ്പിൽ തന്നെ നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ചരിത്ര നേട്ടവും സ്വന്തമാക്കിയിരുന്നു. സ്പെയിൻ, യുറുഗ്വായ്, സൗദി അറേബ്യ എന്നിവരടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് തോൽവി അറിയാതെയാണ് ഈ ആഫ്രിക്കൻ രാജ്യം പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.
വിജയസാധ്യത 100 ശതമാനം: ജോസ് മരിയ നെവെസ്
ഫുട്ബോളിൽ പ്രവചനങ്ങൾ അസാധ്യമാണെങ്കിലും സ്വന്തം ടീമിന്‍റെ കളിമികവിൽ പ്രസിഡന്‍റിന് പൂർണ്ണ വിശ്വാസമുണ്ട്.ഞങ്ങൾ മൈതാനത്തിറങ്ങുന്നത് ജയിക്കാൻ വേണ്ടി മാത്രമാണ്. ടീമിന് മേൽ പ്രതീക്ഷകൾ കുറവായിരിക്കുമ്പോൾ, മികച്ച പോരാട്ടവീര്യം പുറത്തെടുത്താൽ വിജയം സാധ്യമാണ്. ആളുകളെ എപ്പോഴും അത്ഭുതപ്പെടുത്താൻ കേപ് വെർദെക്ക് പ്രത്യേക കഴിവുണ്ട്. ഇത്തവണ അർജന്‍റീനയ്ക്കെതിരെ ഞങ്ങൾ 100 ശതമാനവും ജയിക്കും. ഞങ്ങൾ ഇവിടെയെത്തിയത് ചാമ്പ്യന്മാരെ നേരിട്ട് സ്വന്തം വിധി മാറ്റിയെഴുതാനാണ്-ജോസ് മരിയ നെവെസ് പറഞ്ഞു.
തോറ്റാലും തലയുയർത്തി മടങ്ങാം
അർജന്‍റീനയുമായുള്ള മത്സരത്തിൽ പരാജയപ്പെട്ടാൽ പോലും തന്‍റെ ടീമിന് അതൊരു തോല്‍വിയല്ലെന്നും പ്രസിഡന്‍റ് കൂട്ടിച്ചേർത്തു. ഫലം എന്തായാലും, ഒരു ദൗത്യം വിജയകരമായി പൂർത്തിയാക്കിയ സംതൃപ്തിയോടെ ഞങ്ങൾ തലയുയർത്തിത്തന്നെ ഈ ലോകകപ്പിൽ നിന്ന് മടങ്ങുമെന്ന് നെവെസ് പറഞ്ഞു. ഞങ്ങൾക്ക് അസാധ്യമായി ഒന്നുമില്ല എന്നായിരുന്നു കേപ് വെർദെ പരിശീലകൻ പെഡ്രോ ലെയ്റ്റാവോ ബ്രിട്ടോയുടെയും പ്രതികരണം.
ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള അർജന്‍റീനയും ആഫ്രിക്കയിൽ 13-ാം സ്ഥാനത്തുള്ള കേപ് വെർദെയും തമ്മിൽ വലിയ വ്യത്യാസമുണ്ടെങ്കിലും, മൈതാനത്ത് അത് പ്രതിഫലിക്കില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്ത്യൻ സമയം വെള്ളിയാഴ്ച അർദ്ധരാത്രിക്ക് ശേഷം (ശനിയാഴ്ച പുലർച്ചെ) 3.30ന് മിയാമിയിലാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന ഈ ആവേശപ്പോരാട്ടം നടക്കുക.
