അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി വിരമിക്കുമ്പോള്‍ ആരാകും ഫുട്ബോൾ ലോകത്തെ അടുത്ത താരം എന്ന ചോദ്യം ഉയരുകയാണ്. 2007-ൽ മെസി കൈകളിലെടുത്ത കുഞ്ഞായ ലമീന്‍ യമാല്‍ ഇന്ന് ഫൈനലില്‍ നേർക്കുനേർ വരുമ്പോൾ, ആ പഴയ ചിത്രം ഇരുവരുടെയും കരിയറിലെ ഒരു നിയോഗമായി മാറുന്നു.

ന്യൂയോര്‍ക്ക്: കളിക്കളത്തില്‍ തൊട്ടതെല്ലാം പൊന്നാക്കിയ അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി കളമൊഴിയുമ്പോള്‍ ആരാകും പകരക്കാരന്‍? ലോകകപ്പില്‍ മെസി അരങ്ങേറിയ 19-ാം നമ്പര്‍ കുപ്പായമിട്ട് ലമീന്‍ യമാല്‍ കലാശപ്പോരിന് ഇറങ്ങുമ്പോള്‍, ഇരുവരുടേയും ആദ്യ കൂടിക്കാഴ്ചയുടെ ചിത്രമാണ് ഹൈലൈറ്റ്. പ്ലാസ്റ്റിക് ഡബ്ബിലെ സോപ്പുപതയില്‍ പൈതല്‍. ഉളളം കയ്യിലെടുത്ത ഇരുപതുകാരന്‍, കാതിലെന്തെങ്കിലും മന്ത്രമോതിയോ? ബാഴ്‌സ ലോക്കര്‍ റൂമില്‍ വച്ച് കലണ്ടറിന് പടമെടുക്കുമ്പോള്‍, മെറ്റ് ലൈഫിലെ ലൈഫ് ടൈം മൊമന്റിന് ഇരുവരും തീയതി കുറിച്ചിരുന്നോ ?

വര്‍ഷം 2007. കറ്റാലന്‍ പത്രമായ ദിയാരിയോ സ്‌പോര്‍ട്ട്, യുണിസെഫുമായി കൈകോര്‍ത്ത് ഇറക്കുന്ന കലണ്ടറിനാണ് ജോവാന്‍ മോന്‍ഫോര്‍ട്ട് ഈ ചിത്രമെടുത്തത്. 20 വയസ്സുള്ള മെസിയന്ന്, ഫുട്‌ബോള്‍ ലോകത്ത് ഉദിച്ചുയരുന്ന സൂര്യന്‍. മെസി ഇതിഹാസമായി ജ്വലിച്ച് കരിയറിന്റെ അസ്മയത്തിലേക്ക് നീങ്ങുമ്പോള്‍, ആ മന്ത്രിക സ്‌പെര്‍ശമേറ്റ പൈതലിന് പിന്‍ഗാമിയുടെ നിയോഗം. ബാഴ്‌സയിലും ഫുട്‌ബോള്‍ ലോകത്തും. വിധിയുടെ നിയോഗം പോലെ, ഈ ചിത്രം സാക്ഷി. 2021ല്‍ മെസി ബാഴ്‌സ വിട്ടു.

രണ്ടുവര്‍ഷത്തിനിപ്പുറം യമാല്‍ ആ മൈതാനത്ത് പന്തുമായി ഇറങ്ങി. വൈകാതെ മെസിയുമായി താരതമ്യങ്ങള്‍ പിറന്നു. യമാലിനത് ഭാരമായില്ല, ആസ്വദിച്ചും, ശരിവച്ചും പന്തടക്കത്തോടെ കളം വാണു മുന്നോട്ട്. രണ്ടുവര്‍ഷം മുമ്പ് സ്‌പെയിന്‍ യൂറോ നേടി., യമാലിന്റെ അച്ഛനന്ന്, രണ്ട് ഇതിഹാസങ്ങളുടെ തുടക്കമെന്ന അടിക്കുറിപ്പോടെ ഈ ചിത്രം ആദ്യമായി പങ്കുവച്ചു. അത്യപൂര്‍വ നിമിഷത്തെ കുറിച്ച് പത്തൊന്‍പതുകാരന്‍ യമാലിനോട് ചോദ്യമേറെയുണ്ടായി. മെസിയുടെ ഫുട്‌ബോള്‍ മികവിലൊരല്‍പം തനിക്ക് കിട്ടിയിരുന്നെങ്കിലെന്ന് പുഞ്ചിരിചാലിച്ച മറുപടി.

മെസിയാകട്ടെ, ഈ ചിത്രത്തെ കുറിച്ചു നാളിന്നുവരെ ഒന്നുമോതിയിട്ടില്ല. ഇരു പതിറ്റാണ്ടിന്റെ ആയുസ്സന്തരമുള്ള രണ്ടുപേര്‍ ഞായറാഴ്ച ഒരൊറ്റപ്പന്തിനും കപ്പിനുംവേണ്ടി പോരടിക്കും. ഫുട്‌ബോള്‍ ലോകത്തിന്റെ രാജ കിരീടത്തിന്റെ കൈമാറ്റത്തില്‍ കലാശിക്കുമോ ആ യുദ്ധമെന്ന് കാത്തിരുന്നറിയാം.

YouTube video player