അൾജീരിയയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിൽ ആദ്യ ഗോളിന് ശേഷം ലയണൽ മെസ്സി കരഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി അദ്ദേഹത്തിന്റെ കുടുംബം.
അൾജീരിയയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിലെ ആദ്യ ഗോളിന് ശേഷം ലയണൽ മെസി കരഞ്ഞ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. മുൻപ് പലപ്പോഴും മെസ്സി മൈതാനത്ത് കരഞ്ഞിട്ടുണ്ട്. 2024 ൽ കൊളംബിയയുമായുള്ള കോപ്പ അമേരിക്ക ഫൈനലിൽ പരിക്കേറ്റതിനെ തുടർന്ന് മൈതാനം വിട്ടതിന് ശേഷം ഡഗ് ഔട്ടിലിരുന്ന് കരയുന്ന വീഡിയോ ഏതൊരു ഫുട്ബോൾ ആരാധകരെയും വേദനിപ്പിക്കുന്നതായിരുന്നു.
അതിനും മുൻപ് 2016 ൽ കോപ്പ അമേരിക്ക ഫൈനലിൽ ചിലിയുമായുള്ള തോൽവിക്ക് ശേഷം, പിന്നെ 2018 ൽ ബൊളീവിയയെ തോൽപ്പിച്ച് കോപ്പ അമേരിക്ക നേടിയപ്പോൾ, ബാഴ്‌സലോണ വിടുന്നതിന് മുൻപുള്ള വിടവാങ്ങൽ പ്രസംഗത്തിൽ... അങ്ങനെ മെസ്സി വിതുമ്പുന്ന നിരവധി നിമിഷങ്ങൾക്ക് ഫുട്ബാൾ ലോകം സാക്ഷിയായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ലോകകപ്പ് വിജയത്തിന് ശേഷം കളിക്കുന്ന ആദ്യ ലോകകപ്പ് മത്സരത്തിൽ ഗോളിന് ശേഷം എന്തിനായിരിക്കും മെസ്സി കരഞ്ഞിട്ടുണ്ടാവുക എന്നാണ് മത്സരം തത്സമയം കണ്ട എല്ലാവരും ചിന്തിച്ചത്.
എന്നാൽ കുറച്ച് ദിവസങ്ങളായി ജീവിതത്തിലെ വിഷമ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, ഫുട്ബോളുമായി ഇതിന് ബന്ധമില്ലെന്നും മത്സര ശേഷം മെസ്സി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ അദ്ദേഹം കരഞ്ഞതിന്റെ പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് മെസ്സിയുടെ കുടുംബം. മെസിയുടെ പിതാവ് ഹോർഹെ മെസിയുടെ ആരോഗ്യാവസ്ഥയുമായി ബന്ധപ്പെട്ടാണ് മെസി കരഞ്ഞതെന്നാണ് കുടുംബം വ്യക്തമാക്കിയിരിക്കുന്നത്. ഹോർഹെ മെസി നിലവിൽ വിദഗ്ധ ചികിത്സയിലാണെന്നും, അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അനുകൂലമായ രീതിയിലാണ് അദ്ദേഹം സുഖം പ്രാപിച്ചുവരുന്നതെന്നും കുടുംബം വ്യക്തമാക്കിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ മനുഷ്യത്വപരമായി ഇടപെടണമെന്നും കുടുംബം ഓർമ്മിപ്പിച്ചു. അടുത്ത കുടുംബാംഗങ്ങൾക്ക് മാത്രമാണ് അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ അറിയുന്നതെന്നും അതിനാൽ ഔദ്യോഗികമല്ലാതെ വരുന്ന വിവരങ്ങൾ വിശ്വസിക്കരുതെന്നും സത്യസന്ധമായ വിവരങ്ങൾ കൃത്യസമയത്ത് അറിയിക്കുമെന്നും കുടുംബം കൂട്ടിച്ചേർത്തു. അതേസമയം ഗ്രൂപ് ജെയിൽ ഓസ്ട്രിയയുമായാണ് അർജന്റീനയുടെ അടുത്ത മത്സരം.



