മീററ്റ് : ഒരേ IMEI നമ്പറിൽ 13,500 ഫോണുകൾ വിറ്റതിന് മീററ്റിൽ ഒരു ഫോൺ നിർമാണ കമ്പനിക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്.വളരെ യാദൃച്ഛികമായി നടത്തിയ ഒരു പരിശോധനയിലാണ് ഈ ഗുരുതരമായ സാങ്കേതികപിഴവ് പുറത്തുവന്നത്. മീററ്റ് പോലീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആറുമാസമായി നടന്ന അന്വേഷണത്തിനൊടുവിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ നടന്നിട്ടുളളത്. 
 
വിവോ കമ്പനിയുടെ തന്റെ ഫോൺ  കമ്പനിയുടെ ഓതറൈസ്ഡ് സർവീസ് സെന്ററിൽ റിപ്പയറിങ്ങിനു നൽകിയിട്ടും വേണ്ടുംവിധം പ്രവൃത്തിക്കുന്നില്ല എന്നുകണ്ട്, ഒന്നു പരിശോധിക്കാൻ വേണ്ടിമീററ്റ് പൊലീസിലെ ഒരു സബ് ഇൻസ്‌പെക്ടർ , സൈബർ സെൽ സ്റ്റാഫിൽ അംഗമായ തന്റെ സുഹൃത്തിനെ ഏൽപ്പിക്കുന്നു.  ഫോൺ പരിശോധിച്ച സൈബർ സെൽ ജീവനക്കാരൻ ഫോണിന്റെ ഐഎംഇഐ നമ്പർ അതിന്റെ ബോക്സിൽ അച്ചടിച്ചിരിക്കുന്നതല്ല എന്ന് കണ്ട അമ്പരന്നു.  അതോടെ പൊലീസ് ആ സിംകാർഡുമായി ബന്ധപ്പെട്ട സർവീസ് ഓപ്പറേറ്റർക്ക് ഇതേ ഐഎംഇഐ നമ്പർ കൂടുതൽ ഡാറ്റ ശേഖരിക്കാൻ വേണ്ടി നൽകി. അവരാണ് സെപ്റ്റംബർ 2019 വരെ മാത്രം 13,557 മൊബൈൽ ഹാൻഡ് സെറ്റുകളിൽ ഇതേ ഐഎംഇഐ നമ്പർ ആണുള്ളത് എന്ന വിവരം മീററ്റ് പൊലീസിന് കൈമാറിയത്. 

എന്താണ് ഐഎംഇഐ നമ്പർ ?

ഐഎംഇഐ എന്നാൽ. 'ഇന്റർനാഷണൽ മൊബൈൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി' എന്നാണ് പൂർണരൂപം. ഇത് ഒരു 15 അക്ക നമ്പർ ആയിരിക്കും.  ഒരു ഫോണിന് സാധാരണയായി അനന്യമായ ഒരു IMEI നമ്പർ കാണും. എന്നാൽ ഇരട്ട സിം ഫോണുകളിൽ രണ്ട് ഐഎംഇഐ നമ്പർ കാണും. ആ നമ്പർ മറ്റൊരു ഫോണിനും കാണില്ല. വാഹനങ്ങളുടെ രജിസ്‌റെഷൻ നമ്പറും, ഷാസി നമ്പറും പോലെ തന്നെയാണ് മൊബൈലിന്റെ ഫോൺ നമ്പറും ഐഎംഇഐ നമ്പറും. മോഷണം പോയ പല വാഹനങ്ങളും ഷാസി അല്ലെങ്കിൽ എഞ്ചിൻ നമ്പർ വെച്ച് തിരിച്ചറിയും പോലെ ഒരു പ്രത്യേക മൊബൈൽ ഫോണിനെ തിരിച്ചറിയാൻ മാത്രമാണ് IMEI ഉപയോഗിക്കുന്നത്. മിക്ക ഫോണുകളിലും കീപാഡിലേക്ക് * # 06 # നൽകി IMEI ഫോണിന്റെ സ്ക്രീനിൽ പ്രദർശിപ്പിക്കാൻ കഴിയും. ഫോണിന്റെ ബാറ്ററി കമ്പാർട്ടുമെന്റിനുള്ളിലും ഇത് അച്ചടിച്ചിട്ടുണ്ടാകും.

'AA-BB BB BB - CC CC CC D' എന്ന ഫോർമാറ്റിൽ ആയിരിക്കും സാധാരണ  ഒരു ഫോണിന്റെ IMEI നമ്പർ ഉണ്ടാകുക.ആദ്യത്തെ 2 അക്കങ്ങൾ (AA) ബോഡി ഐഡന്റിഫയർ ആണ്.അത് അംഗീകൃതമായ ജി എസ് എം എ (GSMA) ഗ്രൂപ്പ്‌ നല്കിയ TAC അഥവാ 'ടൈപ്പ് അലോക്കേഷൻ കോഡ്' നമ്പർ ആണ്. അടുത്ത 6 നമ്പരുകളിൽ നിന്ന് ഫോൺ നിർമാതാവ്, ബ്രാൻഡ്‌ എന്നിവയും മനസ്സിലാക്കാം. അടുത്തുവരുന്ന 6 നമ്പറുകൾ ഈ ഫോണിന്റെ സീരിയൽ നമ്പർ ആയിരിക്കും.അവസാനം വരുന്നത് 'ചെക്ക്‌ സം' സംഖ്യയും. ഇത് ഈ പ്രത്യേക ഫോൺ സെറ്റിനുള്ള സവിശേഷ തിരിച്ചറിയൽ നമ്പർ ആണ്.  മോഷ്ടിച്ച ഫോണുകൾ സിം കാർഡ് ഊരി വലിച്ചെറിഞ്ഞ ശേഷം മറ്റേതെങ്കിലും നെറ്റ്‌വർക്കിലേക്ക് വേറെ സിം ഉപയോഗിച്ച് ലോഗിൻ ചെയ്‌താൽ ഈ നമ്പർ വഴി കണ്ടെത്താൻ സാധിക്കും. അതുകൊണ്ടുതന്നെ രണ്ടു ഫോണുകൾക്ക് ഒരിക്കലും ഒരേ ഐഎംഇഐ നമ്പർ ഉണ്ടായിരിക്കാൻ പാടില്ല. 

ഒരു ഫോണിന്റെ യുണീക് ആയിട്ടുള്ള ഐഎംഇഐ നമ്പർ മറ്റൊരു ഫോണിനും ഉണ്ടാകാൻ പാടില്ല എന്നും, അങ്ങനെ സംഭവിച്ചാൽ മൂന്നുവർഷം വരെ തടവ് ശിക്ഷ കിട്ടാം എന്നുമുള്ള ട്രായിയുടെ നോട്ടിഫിക്കേഷൻ 2017 -ൽ പുറത്തു വന്ന ശേഷവും ഇങ്ങനെ ഒരു അശ്രദ്ധ ഫോൺ നിർമാണ കമ്പനികളുടെ ഭാഗത്തു നിന്ന് വന്നിരിക്കുന്നു എന്നത് വളരെ ഞെട്ടലുണ്ടാക്കുന്ന ഒരു സംഗതിയാണ്. 

എന്തായാലും സംഗതി വെളിച്ചത്തുവന്നതോടെ  സിറ്റി പൊലീസ് ആ നിർമാണ കമ്പനിക്കും അതിന്റെ സർവീസ് സെന്ററിനും എതിരെ സിആർപിസി സെക്ഷൻ 91 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു എന്ന് മീററ്റ് എസ്പി അഖിലേഷ് എൻ സിംഗ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. മൊബൈൽ ഫോൺ നിർമാതാക്കളുടെ കുറ്റകരമായ അനാസ്ഥ, ക്രിമിനലുകളുടെ സ്വൈരവിഹാരത്തിന് എങ്ങനെ സഹായകരമാകുന്നു എന്ന തെളിയിക്കുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം മീററ്റിൽ നടന്നിരിക്കുന്നത്.