ദില്ലി: കൊവിഡ് കാലത്ത് ലോകമെങ്ങുമുള്ള  വിപണികളില്‍  മികച്ച വില്‍പ്പന നേടാന്‍ സാധിച്ചുവെന്ന് ആപ്പിള്‍ കമ്പനി സിഇഒ ടിം കുക്ക്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിലെ കണക്കു പ്രകാരം അമേരിക്ക, യൂറോപ്പ്, ഏഷ്യാ പാസിഫിക് എന്നീ മേഖലകളില്‍ മികച്ച വില്‍പ്പനയാണ് ആപ്പിള്‍ നേടിയത്. ഇന്ത്യയിലേത് റെക്കോഡ് വില്‍പ്പനയായിരുന്നുവെന്നും ടിം കുക്ക് പറഞ്ഞു.

ഇന്ത്യന്‍ വിപണി വിശകലനം ചെയ്യുന്ന കമ്പനിയായ കനാലിസ് നേരത്തെ ആപ്പിള്‍ ഏകദേശം 8,00,000 ഐഫോണുകള്‍ രാജ്യത്തു വിറ്റിരിക്കുമെന്നും, കമ്പനിയുടെ വളര്‍ച്ച രണ്ടക്ക സംഖ്യയായിരിക്കുമെന്നും പ്രവചിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് ഇപ്പോള്‍ കമ്പനി പുറത്തുവിട്ടിരിക്കുന്ന കണക്കുകളും നല്‍കുന്ന സൂചന. 

തങ്ങളുടെ 5ജി ഐഫോണുകള്‍ക്ക് ഗംഭീര സ്വീകരണമാണ് ലോകമെമ്പാടും ലഭിച്ചുവരുന്നതെന്ന് കുക്ക് അറിയിച്ചു. വീട് ഓഫിസായി മാറുന്ന സാഹചരിയത്തില്‍ ആപ്പിളിന്‍റെ ഉപകരണങ്ങളാണ് പലരും ഉപയോഗിക്കാന്‍ താല്‍പ്പര്യപ്പെടുന്നത്. ഇതിനൊപ്പം തന്നെ ഇന്ത്യയില്‍ പുതുതായി ആപ്പിള്‍ ആരംഭിച്ച ഓണ്‍ലൈന്‍ സ്റ്റോറും വില്‍പ്പനയ്ക്ക് ഗുണം ചെയ്തു. ഒപ്പം മുന്‍പില്ലാത്ത വിധം ഓഫറുകളാണ് ആപ്പിള്‍ ഫോണുകള്‍ക്ക് ഇത്തവണ വിവിധ ഓണ്‍ലൈന്‍ വില്‍പ്പന മേളകളിലും ലഭിച്ചത്.

അതേസമയം, ചൈനയില്‍ ഐഫോണ്‍ വില്‍പ്പന കുറഞ്ഞു. അതിന്റെ കാരണം ആവശ്യത്തിന് ഫോണുകള്‍ സമയത്തിന് എത്തിച്ചുകൊടുക്കാന്‍ ആകാത്തതാണെന്നു പറയുന്നു. 2014നു ശേഷം ആപ്പിളിനു ചൈനയില്‍ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വരുമാനമാണ്.