ദില്ലി; ആപ്പിള്‍ വാച്ച് കെട്ടിയത് മൂലം കൃത്യസമയത്ത് ഹൃദയത്തിന്‍റെ പ്രശ്നം അറിഞ്ഞ ഇന്‍ഡോര്‍ സ്വദേശിയായ 61കാരന്‍റെ ജീവന്‍ രക്ഷപ്പെട്ടു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന  മുന്‍ ഫാര്‍മ ജീവനക്കാരനായ ആര്‍ രാജാന്‍സിന് ആശംസകളുമായി ആപ്പിള്‍ മേധാവി ടിം കുക്കിന്‍റെ സന്ദേശവും എത്തി. ഈ കഴിഞ്ഞ മാര്‍ച്ച് മാസമാണ് ഇദ്ദേഹത്തിന് ഇസിജി സംവിധാനമുള്ള ആപ്പിള്‍ വാച്ച് 5 ലഭിക്കുന്നത്.

ഹാവാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിയും മുന്‍ ടെക്കിയുമായ മകന്‍ സിദ്ധാര്‍ത്ഥ് ആണ് ഇദ്ദേഹത്തിന് ഈ വാച്ച് സമ്മാനിച്ചത്. ഒപ്പം ഈ വാച്ചിലെ പിതാവിന്‍റെ ഇസിജിയുടെ റിസല്‍ട്ട് സ്വന്തം ഫോണില്‍ കാണുവാനുള്ള സംവിധാനവും സിദ്ധാര്‍ത്ഥ് സജീകരിച്ചിരുന്നു. കൃത്യമായി ദിവസങ്ങള്‍ ഈ റിസല്‍ട്ടുകള്‍ നീരീക്ഷിച്ച സിദ്ധാര്‍ത്ഥ് അർദ്ധരാത്രിയിൽ രണ്ടോ മൂന്നോ തവണ പിതാവിന് ക്രമരഹിതമായ ഹൃദയമിടിപ്പുകള്‍ കാണിക്കുന്നത് ശ്രദ്ധിച്ചിരുന്നു. 

ഇതിനെ തുടര്‍ന്ന് കൂടുതൽ പരിശോധനയ്ക്കായി അദ്ദേഹം ഡോക്ടറെ കാണാൻ തീരുമാനിക്കുകയായിരുന്നു. വിശദമായ പരിശോധനയിൽ സിദ്ധാര്‍ത്ഥിന്‍റെ പിതാവിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. കൊവിഡ് -19 നിയന്ത്രണങ്ങൾ കാരണം ശസ്ത്രക്രിയ വൈകിയെങ്കിലും രാജൻസ് തന്റെ ആപ്പിൾ വാച്ചിൽ ഇസിജി നിരീക്ഷിക്കുന്നത് തുടർന്നിരുന്നു. 

പിതാവിന്‍റെ ശസ്ത്രക്രിയയ്ക്കുശേഷം സിദ്ധാർഥ് ആപ്പിള്‍ മേധാവി ടിം കുക്കിന് നന്ദി അറിയിച്ച് കുറിപ്പെഴുതിയിരുന്നു. ഈ കുറിപ്പിനാണ് കുക്ക് മറുപടി നല്‍കിയത്- സിദ്ധാർഥ്, ഈ കാര്യം അറിയിച്ചതിന് നന്ദി. നിങ്ങളുടെ പിതാവിന് കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചുവെന്നതിൽ സന്തോഷമുണ്ട്, അദ്ദേഹത്തിന് ഇപ്പോൾ സുഖം തോന്നുന്നുവെന്ന് പ്രതീക്ഷിക്കുന്നു. എന്നാണ് ടിം കുക്കിന്‍റെ പ്രതികരണം.