സിഎന്‍ബിസിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് ഒടുവില്‍ ഒരു ട്രില്യണ്‍ (1,000,000,000,000 കോടി) ഡോളറിലെത്തി. ഇതോടെ, 1 ട്രില്യണ്‍ കമ്പനികളുടെ ക്ലബിന്റെ ഭാഗമാകുന്ന ലോകത്തിലെ നാലാമത്തെ കമ്പനിയായി ആല്‍ഫബെറ്റ്. ആപ്പിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ എന്നീ മറ്റ് മൂന്ന് പേരുകളാണ് ഇതിനു മുന്‍പ് ഈ ക്ലബില്‍ ഉള്‍പ്പെട്ടത്. ആല്‍ഫബെറ്റ് അഞ്ച് വര്‍ഷം മുമ്പാണ് ആരംഭിച്ചത്, ഇത് ഗൂഗിളിനും അനുബന്ധ ബിസിനസ്സുകള്‍ക്കുമായി ഒരു മാതൃ കമ്പനിയായി പ്രവര്‍ത്തിക്കുന്നു.

നിലവില്‍, ഗൂഗിളും അതിന്റെ എല്ലാ പ്രധാന ബിസിനസ്സുകളും ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്, അതില്‍ യുട്യൂബ്, ആന്‍ഡ്രോയിഡ്, അതിനു മുമ്പ് ഗൂഗിളില്‍ നിന്ന് പുറത്തുവന്ന നിരവധി പ്രോജക്റ്റുകള്‍ എല്ലാം തന്നെ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ആല്‍ഫബെറ്റിനെ സംബന്ധിച്ചിടത്തോളം, പ്രധാന ബിസിനസ്സ് ഇപ്പോഴും ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിനാണ്, അതിലൂടെയുള്ള ഗൂഗിളിന്റെ പരസ്യമാണ്.

ആല്‍ഫബെറ്റിന് മുമ്പ്, ലോകത്തിലെ ഒരു ട്രില്യണ്‍ ഡോളര്‍ ക്ലബിന്റെ ഭാഗമായ മൂന്ന് കമ്പനികള്‍ ആപ്പിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ് എന്നിവയായിരുന്നു. വാസ്തവത്തില്‍, 2018 ല്‍ ഒരു ട്രില്യണ്‍ ഡോളര്‍ നേടിയ ആദ്യത്തെ കമ്പനിയാണ് ആപ്പിള്‍, ആമസോണും മൈക്രോസോഫ്റ്റും പിന്നീട് ഇതിനെ പിന്തുടര്‍ന്നു. ഈ പട്ടികയില്‍ ചേരുന്ന നാലാമത്തെ കമ്പനിയാണ് ആല്‍ഫബെറ്റ്.
2019 ഡിസംബറില്‍ ആല്‍ഫബെറ്റ് സ്ഥാപകനും സിഇഒയുമായ ലാറി പേജും സഹസ്ഥാപകനും പ്രസിഡന്റ് സെര്‍ജി ബ്രിനും അവരുടെ സ്ഥാനങ്ങളില്‍ നിന്ന് മാറി ഗൂഗിളിന്റെ സിഇഒ സുന്ദര്‍ പിച്ചായ്ക്ക് അധികാരം നല്‍കിയിരുന്നു. പിച്ചെയുടെ നീക്കമാണ് ഇപ്പോള്‍ ഗൂഗിളിനെ ഈ സ്വപ്‌നതുല്യ നേട്ടത്തിലെത്തിച്ചിരിക്കുന്നത്. 

ഗൂഗിള്‍ ഇപ്പോള്‍ ക്ലൗഡ് ബിസിനസ്സ് എന്നത്തേക്കാളും ശക്തമാക്കാന്‍ ശ്രമിക്കുകയാണ്. സിഎന്‍ബിസി പറയുന്നതനുസരിച്ച്, ഗൂഗിള്‍ തങ്ങളുടെ ക്ലൗഡ് ബിസിനസ്സിനായി 2018 ഫെബ്രുവരി മുതല്‍ 2019 ജൂലൈ വരെയുള്ള വരുമാനം ഒരു ബില്യണ്‍ ഡോളറില്‍ നിന്ന് 2 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്തിയെന്നാണ്. ആന്‍ഡ്രോയിഡും യുട്യൂബും കഴിഞ്ഞാല്‍ ക്ലൗഡ് ബിസിനസ്സ് തന്നെയാണ് ആല്‍ഫബെറ്റിനായി കൂടുതല്‍ പണം വരും ദിവസങ്ങളിലും കൊണ്ടുവരികയെന്നു വ്യക്തമാണ്. ആല്‍ഫബെറ്റ് എലൈറ്റ് ക്ലബില്‍ ഇടംനേടിയതോടെ, ഒരു ട്രില്യണ്‍ ഡോളര്‍ ക്ലബിന്റെ ഭാഗമാകുന്ന അടുത്ത കമ്പനി ഫേസ്ബുക്ക് ആയിരിക്കും എന്ന് വിശകലന വിദഗ്ധര്‍ പ്രവചിക്കുന്നു.