ഉപയോക്താക്കളുടെ സ്മാര്‍ട്ട് ഗാഡ്ജറ്റുകള്‍ നിമിഷങ്ങള്‍ക്കകം ഹാക്ക് ചെയ്യാന്‍ ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് സാധിക്കുമെന്നു ഗവേഷകരുടെ വെളിപ്പെടുത്തല്‍. മിഷിഗണ്‍ സര്‍വകലാശാലയിലെയും ജപ്പാനിലെ ഇലക്ട്രോ കമ്മ്യൂണിക്കേഷന്‍ സര്‍വകലാശാലയിലെയും ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 

സ്മാര്‍ട്ട് സ്പീക്കറുകളെയും മറ്റ് ഗാഡ്‌ജെറ്റുകളെയും ലേസര്‍ ഉപയോഗിച്ചു കൊണ്ട് സമാനമായ വോയ്‌സ് കമാന്‍ഡ് നല്‍കി എങ്ങനെ നിയന്ത്രിക്കാമെന്ന് അവര്‍ വെളിപ്പെടുത്തി. ലൈറ്റ് കമാന്‍ഡുകള്‍ ഉപയോഗിച്ച് ഗവേഷകര്‍ ഈ ഉയര്‍ന്ന സുരക്ഷാ ഫീച്ചറുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ട ഉപകരണങ്ങള്‍ നിഷ്പ്രയാസം ഹാക്ക് ചെയ്‌തോടെ സ്മാര്‍ട്ട്ഫീച്ചറുകളില്‍ അധിഷ്ഠിതമായവരുടെ ലോകം നടുങ്ങിയിരിക്കുകയാണ്. 

വാര്‍ത്ത കഴിഞ്ഞദിവസം പുറത്തു വന്നതോടെ, ഈ സംവിധാനങ്ങളിലെ സുരക്ഷാ കേടുപാടുകള്‍ തീര്‍ക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുന്ന തിരക്കിലാണ് ഇപ്പോള്‍ ഗവേഷകര്‍. പ്രത്യേകമായ ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് സെക്യൂരിറ്റി ഫീച്ചറുകള്‍ അണ്‍ലോക്ക് ചെയ്യുകയോ, വോയിസ് കമാന്‍ഡില്‍ മോഡ്യുലേഷന്‍ വ്യതിയാനം വരുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കാനും നടപ്പിലാക്കാനും കഴിയുമെന്നുമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വാര്‍ത്തകള്‍. 

ഈ സാങ്കേതിക പിഴവുകള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നു സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണയായി കമാന്‍ഡ് നടപ്പിലാക്കാന്‍ ഒരു വോയ്‌സ് അസിസ്റ്റന്റുമായി സംസാരിക്കണം. എന്നാല്‍ സ്മാര്‍ട്ട് സ്പീക്കറുകളിലും മറ്റ് ഗാഡ്‌ജെറ്റുകളിലും ലേസര്‍ പ്രകാശിപ്പിക്കുന്നതിലൂടെ ഉടമസ്ഥനല്ലാത്ത ആര്‍ക്കും കമാന്‍ഡ് നല്‍കാമെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. 

ആമസോണിന്റെ അലക്‌സാ, ആപ്പിളിന്റെ സിരി, ഗൂഗിളിന്റെ അസിസ്റ്റന്റ് എന്നിവയും ഈ സാങ്കേതികവിദ്യയ്ക്ക് ഇരയാകുന്നതായാണ് കണ്ടെത്തല്‍. ഗൂഗിള്‍ ഹോം, ഗൂഗിള്‍ നെസ്റ്റ് കാം ഐക്യു, ആമസോണ്‍ എക്കോ, എക്കോ ഡോട്ട്, എക്കോ ഷോ ഉപകരണങ്ങള്‍, ഫേസ്ബുക്കിന്റെ പോര്‍ട്ടല്‍ മിനി, ഐഫോണ്‍ എക്‌സ്ആര്‍, ഐപാഡ് ആറാം ജെന്‍ എന്നിവ ലേസര്‍ സാങ്കേതികത ഉപയോഗിച്ച് സെക്യൂരിറ്റി അണ്‍ലോക്ക് ചെയ്യാന്‍ കഴിഞ്ഞു. 

ഈ ഗവേഷണം അവലോകനം ചെയ്യുകയാണെന്ന് ഗൂഗിള്‍ പറഞ്ഞപ്പോള്‍, ആമസോണും ആപ്പിളും ഈ വിഷയത്തില്‍ അഭിപ്രായമൊന്നും നല്‍കിയിട്ടില്ലെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. 'മൈക്രോഫോണ്‍ ഉപയോഗിച്ചു കമാന്‍ഡ് നല്‍കുന്ന ഉപകരണങ്ങളില്‍ പുതിയ ക്ലാസ് സിഗ്‌നല്‍ ഇഞ്ചക്ഷന്‍ ആക്രമണങ്ങള്‍ സ്വാഭാവികമാണെന്നും ഇവയില്‍ പരിഭ്രമിക്കേണ്ടതില്ലെന്നും ഇതൊക്കെയും ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണെന്നും മറുവാദം ഉയരുന്നുണ്ടെങ്കിലും സുരക്ഷാപ്രതിസന്ധി മറികടന്നില്ലെങ്കില്‍ പല കമ്പനികളും അടച്ചുപൂട്ടേണ്ടിവരുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ മുന്നേറുന്നത്. 

സ്മാര്‍ട്ട് ഗാഡ്ജറ്റിലെ മൈക്രോഫോണ്‍ ഉപയോഗപ്പെടുത്തി പ്രകാശത്തെ ശബ്ദത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണ് ലേസര്‍ സാങ്കേതിക വിദ്യയിലൂടെ സാധ്യമാക്കിയത്. മിക്ക സ്മാര്‍ട്ട് സ്പീക്കറുകള്‍ക്കും മറ്റ് സ്മാര്‍ട്ട് ഉപകരണങ്ങള്‍ക്കും മൈക്രോഫോണ്‍ ഉള്ളതിനാല്‍ ഉപയോക്താവിന്റെ നിര്‍ദ്ദേശത്തോടു പ്രതികരിക്കാന്‍ കഴിയും.

ഈ സാഹചര്യത്തില്‍, മൈക്രോഫോണിന്റെ അപ്പര്‍ച്ചറില്‍ ഒരു ആംപ്ലിറ്റിയൂഡ് മോഡുലേറ്റഡ് ലൈറ്റ് ലക്ഷ്യമാക്കി ടാര്‍ഗെറ്റ് മൈക്രോഫോണിലേക്ക് അനിയന്ത്രിതമായ ഓഡിയോ സിഗ്‌നലുകള്‍ കുത്തിവയ്ക്കാന്‍ എങ്ങനെ കഴിയും എന്ന് ഗവേഷകര്‍ കാണിച്ചു. ഇത്തരത്തില്‍ 110 മീറ്റര്‍ വരെ ദൂരത്തില്‍ നിന്നും ഉപകരണങ്ങള്‍ പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു.

സ്മാര്‍ട്ട്‌ലോക്ക് ഉപയോഗിച്ച് പൂട്ടുന്ന വീടിന്റെ മുന്‍വാതില്‍, ഗാരേജ് വാതിലുകള്‍, ഇ-കൊമേഴ്‌സ് സൈറ്റുകളിലെ ഷോപ്പിങ് തുടങ്ങി, ഏതൊരു ടാര്‍ഗറ്റിന്റെ അക്കൗണ്ടിലേക്ക് കണക്റ്റുചെയ്തിരിക്കുന്ന ലോക്കുകളും ഈ ലേസര്‍ കമാന്‍ഡിങ്ങിലൂടെ അണ്‍ലോക്ക് ചെയ്യാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു. ഇതു മാത്രമല്ല, ടെസ്‌ല, ഫോര്‍ഡ് പോലുള്ള വാഹനങ്ങളിലെ കമാന്‍ഡ് അണ്‍ലോക്ക് ചെയ്യാനും സാധിച്ചു.

വീടിന് പുറത്തുള്ള ആര്‍ക്കും ഈ ഉപകരണങ്ങളിലേക്ക് 'ഹാക്ക്' ചെയ്യാനും ഉപയോക്താവ് നല്‍കാത്ത കമാന്‍ഡുകള്‍ നടപ്പിലാക്കാനും കഴിയുമെന്ന് ഈ ലേസര്‍ ആക്രമണം വെളിപ്പെടുത്തുന്നു. ഓരോ കമാന്‍ഡിന്റെയും ശബ്ദം ലൈറ്റ് ബീമില്‍ എന്‍കോഡുചെയ്തു, അത് മൈക്രോഫോണില്‍ അമര്‍ത്തിയാല്‍, രണ്ടാമത്തേത് ആരെങ്കിലും കമാന്‍ഡ് സംസാരിച്ചതുപോലെ വൈബ്രേറ്റുചെയ്യുകയും ചുമതല നിര്‍വഹിക്കുകയും ചെയ്യും. 

റിമോട്ട് കണ്‍ട്രോള്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ലേസര്‍ ഉണ്ടെങ്കില്‍ സ്മാര്‍ട്ട് ഹൗസ് എന്ന കണ്‍സെപ്റ്റ് തന്നെ പൊളിച്ചെഴുതാന്‍ കഴിയുമെന്ന് ഇതോടെ വെളിപ്പെട്ടിരിക്കുകയാണ്. ഈ പഠനം പുറത്തു വന്നതിനെത്തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ടു ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന നിരവധി കമ്പനികള്‍ ആശങ്കയിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.