ലണ്ടന്‍: മൊബൈല്‍ ഹാക്കിങ് രംഗത്ത് ഞെട്ടിക്കുന്ന പുതിയ കണ്ടെത്തല്‍. ആപ്പിള്‍ ഐ ഫോണിനെയാണ് നുഴഞ്ഞുകയറ്റക്കാര്‍ ഏറ്റവും കൂടുതല്‍ നോട്ടമിട്ടിരിക്കുന്നത്. ഏറ്റവും സുരക്ഷയേറിയ ഫോണ്‍ എന്ന ഖ്യാതി നിലനിര്‍ത്താന്‍ ആപ്പിള്‍ പൊരുതുന്നതിനിടയിലാണ് ഈ പേരുദോഷം. ആപ്പിളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവു ശ്രമങ്ങളാണ് ആന്‍ഡ്രോയിഡിനു നേരെ വരുന്നതെന്നും പഠനങ്ങള്‍ കണ്ടെത്തുന്നു. 

മറ്റ് മൊബൈല്‍ ബ്രാന്‍ഡുകളേക്കാള്‍ 167 മടങ്ങ് കൂടുതല്‍ ഐഫോണ്‍ ഉടമകള്‍ ഹാക്കുചെയ്യപ്പെടുമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മൂന്നാം കക്ഷി ബഗുകള്‍ വഴിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഹാക്കിംഗ് വര്‍ദ്ധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ബ്രിട്ടനില്‍ നടത്തിയ ഒരു പഠനത്തിലാണ് ഇതു വെളിപ്പെട്ടത്. യുകെ ആസ്ഥാനമായുള്ള ഫോണ്‍ കേസ് കമ്പനിയായ കേസ് 24 ഡോട്ട് കോമിലെ സാങ്കേതിക വിദഗ്ധരാണ് ഹാക്കിനിങ്ങിന് ഇരയായവരെക്കുറിച്ച് നടത്തിയ പ്രതിമാസ തിരയല്‍ വിശകലനം ചെയ്ത് ഡാറ്റ ശേഖരിച്ചത്. വ്യത്യസ്ത ആപ്ലിക്കേഷനുകള്‍ അല്ലെങ്കില്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ എങ്ങനെ ഹാക്ക് ചെയ്യാമെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ ബ്രിട്ടനിലെ ജനങ്ങള്‍ വല്ലാതെ ആഗ്രഹിക്കുന്നുവെന്നും കമ്പനി വെളിപ്പെടുത്തി. 

ഹാക്ക് ചെയ്യപ്പെട്ട ഐഫോണുകള്‍ക്കായുള്ള മൊത്തം തിരയല്‍ എണ്ണം ബ്രിട്ടനില്‍ 10,040 ആയിരുന്നു. 700 തിരയലുകളുമായി രണ്ടാം സ്ഥാനത്തെത്തിയ സാംസങിനേക്കാള്‍ വളരെ കൂടുതലാണ് ഇത്. എല്‍ജി, നോക്കിയ, സോണി എന്നിവയാണ് ഹാക്കര്‍മാര്‍ക്ക് താല്‍പ്പര്യമില്ലാത്ത ഫോണുകള്‍. 50 തിരയലുകളുമായി സോണി ഏറ്റവും താഴെയായിരുന്നു. 

മറ്റൊരു കണ്ടെത്തലില്‍, ഒരാളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് എങ്ങനെ ഹാക്ക് ചെയ്യാമെന്ന് കണ്ടെത്താന്‍ 12,310 ബ്രിട്ടീഷ് ആളുകള്‍ക്ക് താല്‍പ്പര്യമുണ്ടെന്ന് സാങ്കേതിക വിദഗ്ധര്‍ മനസ്സിലാക്കി. സ്‌നാപ്ചാറ്റ് രണ്ടാമതും വാട്‌സ്ആപ്പ് മൂന്നാം സ്ഥാനത്തുമാണ്. ഫേസ്ബുക്ക് (1,120), ആമസോണ്‍ (1,070), നെറ്റ്ഫ്‌ലിക്‌സ് (750) എന്നിവയാണ് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കുറവാണ്. 'നിങ്ങളുടെ നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ടിനേക്കാള്‍ 16 മടങ്ങ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്,' പഠനം പറയുന്നു.