Asianet News MalayalamAsianet News Malayalam

മോട്ടോറോള റേസറിന്റെ തനിപ്പകര്‍പ്പെന്നു പരാതി, ഇതാണ് സാംസങ് ഗാലക്‌സി ഫോള്‍ഡ് 2?

മോട്ടോറോളയുടെ ഫോള്‍ഡിങ്ങ് ഫോണായ റേസറിനെ പിന്തുടര്‍ന്ന് സാംസങ്ങും സമാന മോഡല്‍ ഇറക്കുന്നതായി സൂചന. ഇതു സംബന്ധിച്ച പ്രോട്ടോടൈപ്പിന്റെ ചിത്രങ്ങള്‍ ചോര്‍ന്നു.

Is this Samsungs next Galaxy Fold
Author
India, First Published Dec 20, 2019, 12:57 AM IST

മോട്ടോറോളയുടെ ഫോള്‍ഡിങ്ങ് ഫോണായ റേസറിനെ പിന്തുടര്‍ന്ന് സാംസങ്ങും സമാന മോഡല്‍ ഇറക്കുന്നതായി സൂചന. ഇതു സംബന്ധിച്ച പ്രോട്ടോടൈപ്പിന്റെ ചിത്രങ്ങള്‍ ചോര്‍ന്നു. സാംസങ് ഗാലക്‌സി ഫോള്‍ഡ് 2 എന്നാണ് ഇതിന്റെ പേരെന്നാണ് സൂചന. ഇത് പുതിയ മോട്ടറോള റേസറിന്റെ പരിചിതമായ ഡിസൈന്‍ പോലെ കാണിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

വിലയേറിയതാണെങ്കിലും, മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തിലേക്ക് കൊണ്ടുവന്ന ഗാലക്‌സി ഫോള്‍ഡ് ഉപയോഗിച്ച് 2019 ല്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങ് അത്ഭുതങ്ങള്‍ കാണിച്ചിരുന്നു. ഫോള്‍ഡ് ആരംഭിക്കുമ്പോള്‍ കുറച്ച് പ്രശ്‌നങ്ങളുണ്ടായിരുന്നു, ഉപകരണം വില്‍പ്പനയ്‌ക്കെത്തിയതിനുശേഷവും ഇതിന്റെ ഓപ്പറേഷണല്‍ ഘടകങ്ങള്‍ പ്രായോഗികമല്ലെന്ന് പലരും കരുതി. സാംസങ് ഡിസൈനര്‍മാര്‍ ഫീഡ്ബാക്ക് ശ്രദ്ധിക്കുകയും അടുത്ത വര്‍ഷം ഗാലക്‌സി ഫോള്‍ഡ് 2 ഉപയോഗിച്ച് പുറത്തിറക്കുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ പുറത്തായ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. 

സാംസങ് ഗാലക്‌സി ഫോള്‍ഡ് 2 എന്ന് അവകാശപ്പെടുന്ന ചില ചിത്രങ്ങള്‍ വെബില്‍ പലതവണ കറങ്ങി നടക്കുന്നുണ്ട്. ഇത് ഏതാണ്ട് മോട്ടറോളയുടെ ഡിസൈനിന്റെ തനി പകര്‍പ്പാണെന്നു തോന്നുന്നു. ചിത്രങ്ങള്‍ അവലോകനം ചെയ്യുന്നതു പ്രകാരം ഗാലക്‌സി ഫോള്‍ഡ് 2 അതിന്റെ ബുക്ക്‌സ്‌റ്റൈല്‍ ഫോം ഫാക്ടര്‍ ഒഴിവാക്കുന്നു. ഇതാവട്ടെ, മോട്ടറോള റേസറിന് സമാനമായ ഒരു ക്ലാംഷെല്‍ ഡിസൈനുമായി ഒത്തു പോകുന്നുണ്ട്. ഇമേജുകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ പതിവായി കാണപ്പെടുന്ന നേര്‍ത്ത ബെസലുകളുള്ളതായി കാണിക്കുന്നു. എന്നിരുന്നാലും, ഉപകരണം മടക്കിക്കഴിയുമ്പോള്‍ അത് ചെറുതായിത്തീരുന്നു. 

ഡിസ്‌പ്ലേയുടെ മധ്യത്തില്‍ ഒരു ഹൈംഗ് ഉണ്ട്, അത് ഫോണിനെ പകുതിയായി മടക്കിക്കളയുന്നു. ഇത് മോട്ടറോള റേസറിനോട് സാമ്യമുള്ളതായി തോന്നുന്നു. പക്ഷേ മോട്ടറോള റേസറില്‍ നിന്ന് വ്യത്യസ്തമായി, ബെസലുകളൊന്നുമില്ല. എന്നാലിത്, മോട്ടറോള റേസര്‍ പോലെ മെലിഞ്ഞതായി കാണപ്പെടുന്നു, ഒപ്പം ക്ലാംഷെലിന് പുറത്ത് ഒരു ചെറിയ സെക്കന്‍ഡറി ഡിസ്‌പ്ലേ ഉണ്ടെന്ന സൂചനയും നല്‍കുന്നു. എല്ലായ്‌പ്പോഴും കാണിക്കുന്ന ഒരു ഡിസ്‌പ്ലേ വിഭാഗമുണ്ട്, അത് സമയം കാണിക്കുന്നു, മറ്റ് നോട്ടിഫിക്കേഷനുകളും വേഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. ഇരട്ട ക്യാമറ സംവിധാനം മടക്കിക്കഴിയുമ്പോള്‍ സെല്‍ഫികള്‍ എടുക്കാം.

മുകളിലെ മധ്യഭാഗത്ത് ഒരു പഞ്ച്‌ഹോള്‍ കട്ടൗട്ടും പ്രധാന ഡിസ്‌പ്ലേയില്‍ കാണാം. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള സാംസങ്ങിന്റെ വണ്‍ യുഐ 2.0 യുടെ ഏറ്റവും പുതിയ പതിപ്പിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നതെന്ന് തോന്നുന്നു. അതിനാല്‍, എംഡബ്ല്യുസി 2020 ല്‍ അല്ലെങ്കില്‍ മാര്‍ച്ചില്‍ നടക്കുന്ന ഗാലക്‌സി അണ്‍പാക്ക്ഡ് ഇവന്റില്‍ സാംസങ്ങ് ഇത് കാണികള്‍ക്ക് കാണിക്കാനുള്ള സാധ്യതയുണ്ട്.

മോട്ടറോള റേസറുമായി താരതമ്യപ്പെടുത്തുമ്പോള്‍, ആരോപിക്കപ്പെടുന്നതു പോലെ ഫോള്‍ഡ് 2 ലളിതമായ ഉപരിതലങ്ങളും വളവുകളും ഉപയോഗിച്ച് കൂടുതല്‍ മെലിഞ്ഞ ഡിസൈനിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രധാന ഡിസ്‌പ്ലേയ്ക്ക് ചുറ്റും മെലിഞ്ഞ ബെസലുകളുണ്ട്, കൂടുതല്‍ ഡിസ്‌പ്ലേയും കുറച്ച് ബെസലുകളും ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇത് മികച്ചതാണ്. ഏറ്റവും മികച്ച ഭാഗം, തുറക്കുമ്പോള്‍, ഫോള്‍ഡ് 2 സാംസങില്‍ നിന്നുള്ള മറ്റേതൊരു സാധാരണ സ്മാര്‍ട്ട്‌ഫോണിനെ പോലെ കാണപ്പെടുന്നു എന്നതാണ്.

2020 ലെ മുന്‍നിര ചിപ്പുകള്‍ക്കൊപ്പം സാംസങ് ഇത് വാഗ്ദാനം ചെയ്യുന്നുണ്ടോ എന്നതാണ് ഇനി അറിയാനുള്ളത്. യഥാര്‍ത്ഥ ഗാലക്‌സി ഫോള്‍ഡിന് പകരം ഫോള്‍ഡ് 2 ന് ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 865 ചിപ്പ് നല്‍കിയേക്കുമെന്നു പ്രതീക്ഷിക്കുന്നു. ഫോള്‍ഡ് 2 ന് മിഡ്‌റേഞ്ച് ചിപ്പുകളുമായി വരാനും കുറഞ്ഞ വിലയ്ക്ക് നല്‍കാനുമുള്ള സാധ്യതയുണ്ട് അതും പിന്നിലുള്ള ഇരട്ട ക്യാമറകളില്‍ നിന്ന് വ്യക്തമാണ്. അതിനാല്‍, വിലയുടെ കാര്യത്തില്‍ സാംസങ്ങിന് മോട്ടറോളയുമായി മത്സരിക്കാം. ഫോട്ടോകളുടെ ആധികാരികതയെക്കുറിച്ച് അഭിപ്രായം പറയാനാവില്ലെങ്കിലും ഒരു കാര്യം പറയാം, ഫോള്‍ഡ് 2 ഇതുപോലെ പുറത്തുവന്നാല്‍, 2020 ല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഫോള്‍ഡിങ്ങിന്റെ ഒരു വര്‍ഷമായി മാറിയേക്കാം.

Follow Us:
Download App:
  • android
  • ios