മൈക്രോമാക്സ് അടുത്ത മാസം ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക് കൂടുതല്‍ കരുത്തോടെയെത്തും. ദില്ലി ആസ്ഥാനമായുള്ള സ്മാര്‍ട്ട്ഫോണ്‍ കമ്പനി നവംബര്‍ 3ന് ഒരു പരിപാടി നടത്തുമെന്ന് പ്രഖ്യാപിച്ചു. മൈക്രോമാക്സിന്റെ പുതിയ ഉപ ബ്രാന്റായ ഇന്‍ ആരംഭിക്കുമെന്നു കരുതുന്നു. സബ് ബ്രാന്‍ഡിന് കീഴില്‍ 7,000 മുതല്‍ 25,000 രൂപ വരെ സ്മാര്‍ട്ട്ഫോണുകള്‍ കമ്പനി പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.

വരാനിരിക്കുന്ന മൈക്രോമാക്സ് ഇന്‍ സ്മാര്‍ട്ട്ഫോണുകളില്‍ ഒന്ന് അടുത്തിടെ ഒരു ബെഞ്ച്മാര്‍ക്കിംഗ് വെബ്സൈറ്റില്‍ കണ്ടെത്തിയിരുന്നു. ഇതു പ്രകാരം ചില സവിശേഷതകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. മൈക്രോമാക്സ് ഇന്‍ 1 എ എന്നാണ് പേര്. മീഡിയടെക് ഹീലിയോ ജി 35 പ്രോസസര്‍, 6.5 ഇഞ്ച് 720പി ഡിസ്പ്ലേ, 3 ജിബി റാം, 32 ജിബി മെമ്മറി, 5000 എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് 10 എന്നിവയുമായാണ് വരുന്നത്. മീഡിയടെക് ഹീലിയോ ജി 85 ഉള്ള മറ്റൊരു സ്മാര്‍ട്ട്ഫോണ്‍ കൂടി ഉണ്ടായിരിക്കാം. 

ഹീലിയോ ജി 35 പ്രോസസറുള്ള മോഡലിന് വ്യത്യസ്ത മെമ്മറി വേരിയന്റുകളില്‍ വ്യത്യസ്ത കോണ്‍ഫിഗറേഷനുകള്‍ ഉണ്ടാകും. 2 ജിബി റാം പതിപ്പിന് പിന്നില്‍ 13 എംപി, 2 എംപി ഡ്യുവല്‍ ക്യാമറകളും മുന്‍വശത്ത് 8 എംപി ക്യാമറയും ഉണ്ടായിരിക്കാം. അതേസമയം, 3 ജിബി റാം മോഡലില്‍ 13 എംപി ്രൈപമറി ഒന്ന്, 5 എംപി സെക്കന്‍ഡറി സെന്‍സര്‍, 2 എംപി ക്യാമറ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറകളാണുള്ളത്. മുന്‍വശത്ത് 13 എംപി ക്യാമറയിലേക്ക് അപ്ഗ്രേഡ് ചെയ്യും.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് ശേഷം ആരംഭിച്ച ചൈന വിരുദ്ധ വികാരത്തെ മൈക്രോമാക്സ് മുതലാക്കാനൊരുങ്ങുകയാണ്. ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നത് ഷവോമി, ഓപ്പോ, റിയല്‍മീ, വിവോ എന്നിവയാണ്. ശ്രദ്ധേയമായ സ്മാര്‍ട്ട് ഫോണുകളുമായി മിഡ് റേഞ്ച് സെഗ്മെന്റുകളില്‍ പ്രവേശിക്കാമെന്നും കമ്പനി പ്രതീക്ഷിക്കുന്നതായി മൈക്രോമാക്സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ പറഞ്ഞു.