ദില്ലി: മെയ് മാസത്തിലാണ് വണ്‍പ്ലസ് വണ്‍പ്ലസ് 7, വണ്‍പ്ലസ് 7 പ്രോ എന്നീ ഫോണുകള്‍ ഇറക്കിയത്. ഇതിന് പിന്നാലെ സെപ്തംബറില്‍ ഈ ഫോണിന്‍റെ പുതിയ പതിപ്പ് വണ്‍പ്ലസ് ഇറക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനകം തന്നെ പുതിയ ഫോണിന്‍റെ പ്രത്യേകതകള്‍ അഭ്യൂഹങ്ങളായി ടെക് ലോകത്ത് വ്യാപകമാണ്. വണ്‍പ്ലസ് 7ടി, വണ്‍പ്ലസ് 7ടി പ്രോ എന്നിങ്ങനെയാകും ഫോണുകളുടെ പേരുകള്‍ എന്നാണ് റിപ്പോര്‍ട്ട്. 

വണ്‍പ്ലസ് 7 സീരിസ് ഫോണുകളില്‍ നിന്നും വന്‍ മാറ്റങ്ങള്‍ ഒന്നും പുതിയ മോഡലുകളില്‍ പ്രതീക്ഷിക്കേണ്ട എന്നാണ് എല്ലാ അഭ്യൂഹങ്ങളും നല്‍കുന്ന സൂചന എങ്കിലും ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നു. മുന്‍ മോഡല്‍ പോലെ 7ടി വാട്ടര്‍ഡ്രോപ്പ് നോച്ചോടെയും, 7ടി പ്രോ ഫുള്‍ സ്ക്രീന്‍ മോഡലിലും ആയിരിക്കും ഇറങ്ങുക. സ്ക്രീന്‍ വലിപ്പം വര്‍ദ്ധിച്ചേക്കും എന്ന സൂചനയുണ്ട്. നിലവില്‍ വണ്‍പ്ലസ് 7 ന്‍റെ സ്ക്രീന്‍ വലിപ്പം 6.41 ഇഞ്ചാണ്. വണ്‍പ്ലസ് 7 പ്രോയുടെ സ്ക്രീന്‍ വലിപ്പം 6.67 ഇഞ്ചാണ്. എഎംഒഎല്‍ഇഡി പാനലായിരിക്കും സ്ക്രീനില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗോറില്ല ഗ്ലാസ് 5 സംരക്ഷണം സ്ക്രീനിനുണ്ടാകും.

വണ്‍പ്ലസ് 7ടി ഫോണുകളില്‍ ഒക്സിജന്‍ ഒഎസ് റാം ബേസ്ഡ് ആണെങ്കിലും ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പ് 10- ലേക്ക് അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കും എന്നാണ് റിപ്പോര്‍ട്ട്. ക്യാമറകളില്‍ ഇതുവരെയുള്ള ശൈലിയില്‍ വ്യത്യസ്തമായി പിന്നിലെ ക്യാമറകള്‍ സര്‍ക്കുലാര്‍ ടൈപ്പിലായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച് സെപ്തംബര്‍ 26നായിരിക്കും വണ്‍പ്ലസിന്‍റെ പുതിയ ഫോണുകള്‍ എത്തുന്നത്. ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം വണ്‍പ്ലസ് 7 ഫോണുകളുടെ വിലയ്ക്ക് അടുത്ത് തന്നെയായിരിക്കും ഇവയുടെ വില.