വൺപ്ലസ് നോർഡ് 5 ഉം നോർഡ് സിഇ 5 ഉം ജൂലൈ 8 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. നോർഡ് സിഇ 5 ന് 6.77 ഇഞ്ച് ഫ്ലാറ്റ് ഒഎൽഇഡി ഡിസ്പ്ലേയും 7,100mAh ബാറ്ററിയും ഉണ്ടാകും.
വൺപ്ലസ് നോർഡ് 5 ഉം നോർഡ് സിഇ 5 ഉം ജൂലൈ 8 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ആമസോൺ വഴി ഈ ഫോൺ വിൽപ്പനയ്ക്കെത്തും. നോർഡ് 5 ന്റെ ഡിസൈൻ, ലഭ്യമായ കളർ വകഭേദങ്ങൾ, പ്രധാന സവിശേഷതകൾ, മറ്റ് ഹൈലൈറ്റുകൾ എന്നിങ്ങനെ വൺപ്ലസ് നോർഡ് സിഇ 5 നെ കുറിച്ച് ഇതാ അറിയേണ്ടതെല്ലാം.
ഈ ഫോണിന്‍റെ ഡിസ്‍പ്ലേയും ഡിസൈനും പരിശോധിച്ചാൽ മുൻവശത്ത്, നോർഡ് സിഇ 5 ന് 120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് ഫ്ലാറ്റ് ഒഎൽഇഡി ഡിസ്പ്ലേ ലഭിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇത് സുഗമമായ ദൃശ്യങ്ങളും മികച്ച നിറങ്ങളും വാഗ്ദാനം ചെയ്യുന്നു. യാത്രയ്ക്കിടയിൽ തുടർച്ചയായി കാണുന്നതിനും ഗെയിമിംഗിനും അനുയോജ്യമാണ്. രൂപകൽപ്പനയുടെ കാര്യത്തിൽ മുൻഗാമിയെപ്പോലെ ഒരു ലംബ ക്യാമറ ലേഔട്ടും പിന്നിൽ പരിചിതമായ വൺപ്ലസ് ബ്രാൻഡിംഗും നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം നോർഡ് സിഇ 5 ന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് അതിന്റെ വലിയ 7,100mAh ബാറ്ററിയാണ്. ഇതുവരെയുള്ള ഏതൊരു വൺപ്ലസ് ഡിവൈസിലെയും ഏറ്റവും വലിയ ബാറ്ററികളിൽ ഒന്നായി ഇത് മാറും. ഉപയോക്താക്കൾക്ക് അസാധാരണമായ ബാറ്ററി ലൈഫ് വൺപ്ലസ് നോർഡ് സിഇ 5 വാഗ്ദാനം ചെയ്യുന്നു. 80W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണ ചാർജ്ജിംഗ് വേഗത കൂട്ടുന്നു.
മീഡിയടെക് ഡൈമെൻസിറ്റി 8350 അൾട്ടിമേറ്റ് ചിപ്‌സെറ്റ് ഉപയോഗിച്ച് ഈ സ്‍മാർട്ട്ഫോൺ പ്രവർത്തിക്കാൻ സാധ്യതയുണ്ട്. ഇൻഫിനിക്സ് ജിടി 30 പ്രോയിലും മോട്ടറോള എഡ്‍ജ് 60 പ്രോയിലും അടുത്തിടെ കണ്ട ഇതേ പ്രോസസർ ആണിത്. ദൈനംദിന മൾട്ടി ടാസ്‍കിംഗിനും കാഷ്വൽ ഗെയിമിംഗിനും അനുയോജ്യമായ വിശ്വസനീയമായ മിഡ്-റേഞ്ച് പ്രകടനം വാഗ്‍ദാനം ചെയ്യും. ഫോട്ടോഗ്രാഫി പ്രേമികൾക്കായി, നോർഡ് സിഇ 5-ൽ 8-മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസുള്ള 50-മെഗാപിക്സൽ പ്രൈമറി സെൻസറിന്റെ നേതൃത്വത്തിൽ ഡ്യുവൽ റിയർ ക്യാമറ സിസ്റ്റം ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം, സെൽഫികളും വീഡിയോ കോളുകളും കൈകാര്യം ചെയ്യാൻ 16-മെഗാപിക്സൽ ഫ്രണ്ട് ക്യാമറ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
പൊടിയിൽ നിന്നും ജലത്തിൽ നിന്നും പ്രതിരോധവും പ്രതീക്ഷിക്കുന്നു. അതേസമയം നോർഡ് സിഇ 5 ഫോണിന്‍റെ വിലയെക്കുറിച്ച് വൺപ്ലസ് ഇതുവരെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അതിന്റെ മുൻഗാമിയായ നോർഡ് സിഇ 4ന്‍റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള പതിപ്പ് 24,999 രൂപ മുതൽ ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. നോർഡ് സിഇ 4ന്‍റെ ഉയർന്ന 256 ജിബി വേരിയന്റിന് 26,999 രൂപയായിരുന്നു വില. നോർഡ് സിഇ 5 ഉം ഇതേ മാതൃക പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് 25,000 രൂപ വില ശ്രേണിയിൽ പുതിയ നോർഡ് സിഇ 5 പുറത്തിറങ്ങാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
