സാംസങ് ഗ്യാലക്സിയുടെ എസ്25 എഡ്‍ജ് എന്ന അള്‍ട്രാ-തിന്‍ സ്മാര്‍ട്ട്‌ഫോണ്‍ മോഡലിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ദില്ലി: സാംസങ് തങ്ങളുടെ അൾട്രാ-തിൻ ഗാലക്‌സി എസ്25 എഡ്‍ജ് സ്മാർട്ട്‌ഫോൺ ഏപ്രിലിൽ പുറത്തിറക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഗാലക്‌സി എസ്25 എഡ്‍ജ് അനാച്ഛാദനം ചെയ്യുന്നതിനായി ഏപ്രിൽ 16ന് സാംസങ് ഒരു ഓൺലൈൻ പരിപാടി നടത്താൻ ഒരുങ്ങുന്നതായാണ് വിവരം. മെയ് മാസത്തിൽ ഈ ഫോണിന്‍റെ വിൽപ്പന ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാംസങ് ഗാലക്‌സി എസ്25 എഡ്‍ജ്: എന്താണ് പ്രതീക്ഷിക്കേണ്ടത്? ഇതാ അറിയേണ്ടതെല്ലാം.

ജനുവരിയിൽ നടന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവന്‍റിൽ കമ്പനി അൾട്രാ-സ്ലിം മോഡലിന്‍റെ പ്രിവ്യൂ പ്രദർശിപ്പിച്ചിരുന്നു. വിശദാംശങ്ങൾ പരിമിതമാണെങ്കിലും, ഗാലക്‌സി എസ്25 എഡ്ജ് ഗാലക്‌സി എസ്25 സീരീസിന്‍റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽ സ്ലിം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഗാലക്‌സി അൺപാക്ക്ഡ് എന്ന പരിപാടിയിൽ, സാംസങ് ഗാലക്‌സി എസ്25 എഡ്ജിന്‍റെ ഒരു ഡമ്മി മോഡൽ പ്രദർശിപ്പിച്ചിരുന്നു. ഇതിനുസരിച്ച് പിന്നിൽ ഒരു ഡ്യുവൽ ക്യാമറ സജ്ജീകരണം ലഭിക്കുന്നു. അടിസ്ഥാന ഗാലക്‌സി എസ്25 മോഡലുകളേക്കാൾ വളരെ കനം കുറഞ്ഞതായി ഈ സ്മാർട്ട്‌ഫോൺ കാണപ്പെടുന്നു. 5.84 എംഎം ആണ് ഇതിന്‍റെ കനം. ബാറ്ററി ശേഷിയിലും ക്യാമറ കോൺഫിഗറേഷനിലുമുള്ള മാറ്റങ്ങൾ കാരണം ഇത് ഭാരം കുറഞ്ഞതായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

അടിസ്ഥാന ഗാലക്‌സി എസ്25-നെ അപേക്ഷിച്ച് വലിയ ഡിസ്‌പ്ലേയായിരിക്കും എഡ്‍ജ് മോഡലിൽ പ്രതീക്ഷിക്കുന്നത്. പ്ലസ് വേരിയന്‍റിന്‍റെ 6.7 ഇഞ്ച് സ്‌ക്രീൻ വലുപ്പത്തോട് അടുത്ത വലിപ്പം ഇതിനും ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ. എങ്കിലും, ബാറ്ററി ശേഷിയിലെ വ്യത്യാസങ്ങൾ കാരണം അടിസ്ഥാന മോഡലിന് സമാനമായി ഏകദേശം 162 ഗ്രാം ഭാരം പ്രതീക്ഷിക്കുന്നു. മറ്റ് എസ്25 മോഡലുകളേക്കാൾ ചെറുതായ 3,900 എംഎഎച്ച് ബാറ്ററിയാണ് എസ്25 എഡ്‍ജിൽ സജ്ജീകരിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്.

ഇമേജിംഗിനായി, ഗാലക്സി എസ്25 അൾട്രയിൽ ഉപയോഗിച്ചതിന് സമാനമായി, ഗാലക്സി എസ്25 എഡ്ജിൽ 200 എംപി ഐസോസെൽ എച്ച്പി 2 പ്രൈമറി സെൻസർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും സീരീസിലെ മറ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, ഒരു പ്രത്യേക ടെലിഫോട്ടോ ക്യാമറ ഒഴിവാക്കി, 12 എംപി അൾട്രാ-വൈഡ് സെൻസർ മാത്രമേ ഇതിന് ലഭിക്കാൻ സാധ്യതയുള്ളൂ എന്നും റിപ്പോർട്ടുകൾ പറയുന്നു.

ഗാലക്‌സി എസ്25 എഡ്ജ് 2025 മെയ് മാസത്തിൽ വിൽപ്പനയ്‌ക്കെത്തും. ഇളം നീല, കറുപ്പ്, വെള്ളി നിറങ്ങളിൽ ഇത് ലഭ്യമാകും. അതേസമയം വിലവിവരങ്ങൾ ഇതുവരെ വ്യക്തമല്ല. പക്ഷേ ഇത് സാംസങിന്‍റെ നിരയിലെ ഒരു പ്രീമിയം സ്‍മാർട്ട്‌ഫോൺ ആയിരിക്കും. സാംസങ് തുടക്കത്തിൽ ഈ സ്‍മാർട്ട്ഫോണിന്‍റെ 40,000 യൂണിറ്റുകൾ ഉത്പാദിപ്പിക്കും. അല്ലെങ്കിൽ കമ്പനിയുടെ ഉൽപ്പാദന അളവിന്‍റെ ഒരു ശതമാനത്തിൽ താഴെ മാത്രം യൂണിറ്റുകൾ ഉൽപ്പാദിക്കുകയുളളൂ എന്നാണ് റിപ്പോർട്ടുകൾ.

Read more: കാത്തിരിപ്പ് അവസാനിപ്പിച്ച് ഐഫോണ്‍ 16ഇ വില്‍പന ഇന്ത്യയില്‍ തുടങ്ങി; വിലക്കുറവില്‍ വാങ്ങാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം