Asianet News MalayalamAsianet News Malayalam

48 എംപി മൊബൈല്‍ ക്യാമറ തരംഗത്തിന് പിന്നിലെ കളി

എന്നാല്‍  ശ്രദ്ധയില്‍ എടുക്കാത്ത ഒരു കാര്യം ഇതാണ്. ഈ ഫോണുകളില്‍ ഒന്നും ഡിഫാള്‍ട്ടായ 48 എംപി ക്യാമറ നല്‍കുന്നില്ല എന്ന്, തീര്‍ത്തും ഓപ്ഷനലാണ് അതിന്‍റെ പ്രവര്‍ത്തനം

The truth behind The 48MP camera phone trend
Author
India, First Published Mar 6, 2019, 8:59 AM IST

2019 ആരംഭിച്ചത് മുതല്‍ സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് ചര്‍ച്ചയാകുന്ന വിഷയം ഫോണിന്‍റെ ക്യാമറ തന്നെയാണ് ഇപ്പോള്‍ 48 മെഗാ പിക്സല്‍ ക്യാമറയാണ് ട്രെന്‍റ്. അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയ പ്രധാനപ്പെട്ട മൂന്ന് ബ്രാന്‍റുകള്‍ ഉപയോക്താവിന് മുന്നില്‍ അവതരിപ്പിക്കുന്ന ഫോണുകളില്‍ പ്രധാന പ്രത്യേകത 48 മെഗാപിക്സല്‍ ക്യാമറയാണ്. ഇന്ത്യയിലെ മുന്‍നിര ബ്രാന്‍റായ ഷവോമി എംഐ നോട്ട് 7 പ്രോ, വാവ്വെയുടെ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍റ് ഹോണറിന്‍റെ വ്യൂ 20, വിവോയുടെ വി15 പ്രോ എന്നിവയിലാണ് ഈ കൂടിയ ക്യാമറ വിസ്മയം നല്‍കി പ്രഖ്യാപിച്ചിരിക്കുന്നത്, ഒപ്പം തന്നെ ഒപ്പോയുടെ എഫ്11 പ്രോയിലും 48 എംപി ക്യാമറ അവതരിപ്പിച്ചിട്ടുണ്ട്.

ഈ ഫോണുകള്‍ എല്ലാം തന്നെ മിഡ് ബഡ്ജറ്റ്, സെമി പ്രീമിയം എന്ന് പറയാവുന്ന ഫോണുകളാണ്. ഷവോമിയുടെ ഫോണാണ് ഏറെ വിലക്കുറവ് എന്ന് പറയാന്‍ പറ്റുന്നത്. അതിനാല്‍ തന്നെ ഒരു സാധാരണ ഉപയോക്താവിന് കയ്യില്‍ ഒതുക്കാന്‍ സാധിക്കുന്ന തരത്തില്‍ വലിയ ടെക്നോളജിയാണ് 48 എംപി ക്യാമറയിലൂടെ ഈ സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ മുന്നോട്ട് വയ്ക്കുന്നത് എന്ന് നമ്മുക്ക് തോന്നാം. മറ്റൊരു അര്‍ത്ഥത്തില്‍ ഇവരുടെ വാദങ്ങള്‍ അംഗീകരിച്ചാല്‍ ഉപയോക്താവിന് വേണ്ടിയുള്ള 'സാങ്കേതിക വിപ്ലവം'. 

ശരിക്കും 48 എംപിയുണ്ടോ?

എന്നാല്‍  ശ്രദ്ധയില്‍ എടുക്കാത്ത ഒരു കാര്യം ഇതാണ്. ഈ ഫോണുകളില്‍ ഒന്നും ഡിഫാള്‍ട്ടായ 48 എംപി ക്യാമറ നല്‍കുന്നില്ല എന്ന്, തീര്‍ത്തും ഓപ്ഷനലാണ് അതിന്‍റെ പ്രവര്‍ത്തനം. ഷവോമിയുടെയും ഹോണറിന്‍റെ കാര്യത്തിലേക്ക് വന്നാല്‍ സോണിയുടെ ഐഎംഎക്സ് 586 സെന്‍സറാണ് ഈ കമ്പനികള്‍ ഫോണ്‍ ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ ഫോണിലെ ക്യാമറയുടെ ഡിഫാള്‍ട്ട് സെറ്റിംഗ് 12 എംപി മോഡാണ്. അപ്പോള്‍ സംശയം വരാം എവിടുന്നു വരുന്നു ഈ 48 എംപിയെന്ന്. 

നിങ്ങള്‍ 48 എംപിയുടെ ക്യാമറയില്‍ പോയി നിങ്ങള്‍ക്ക് 48 എംപിയില്‍ എടുക്കുന്ന ചിത്രങ്ങള്‍ ലഭിക്കണമെങ്കില്‍ മാനുവലായി അതിലേക്ക് മാറ്റണം. അതായത് ഒരു ക്യാമറ ആപ്പില്‍ കയറി എടുക്കുന്ന ചിത്രം 48 എംപിയല്ലെന്നതാണ് സത്യം.  ഷവോമി നോട്ട് 7 പ്രോയിലേക്ക് ഒന്നുവരാം. ഇതില്‍ 48 എംപി ക്യാമറ ഉപയോഗിക്കാന്‍ പ്രോ മോഡില്‍ മാനുവലായി സെലക്ട് ചെയ്യണം എന്ന് ഷവോമി തന്നെ പറയുന്നുണ്ട്.

ഷവോമിയുടെ പ്രോഡക്ട് വിവരങ്ങളില്‍ തന്നെ അവര്‍ വ്യക്തമാക്കുന്നു - "48 എംപി ഡ്യൂവല്‍ ക്യാമറ എന്നത് സൂചിപ്പിക്കുന്നത് ക്യാമറയിലുള്ള സെന്‍സറിന്‍റെ പ്രൈമറി ലെന്‍സ് മൊത്തത്തില്‍ 48 എംപി ഇമേജ് ഉണ്ടാക്കാന്‍ സാധിക്കും എന്നാണ്, ഈ ക്യാമറ 48 എംപിയും, 12 എംപിയും ഫോട്ടകള്‍ സൃഷ്ടിക്കാന്‍ ഉതകും. പ്രോ മോഡ് ഇപ്പോള്‍ 48 എംപി മോഡില്‍ ഇടാം, ഇത് ഫോട്ടോ മോഡിലേക്ക് ലഭിക്കാന്‍ അടുത്ത ഒടിഎ അപ്ഡേറ്റ് വഴി സാധിക്കും" ഇതില്‍ നിന്നും ചില ഉപയോക്താക്കള്‍ക്ക് 48 എംപിയില്‍ ചിത്രം ലഭിക്കില്ലെന്ന് പറയേണ്ടി വരും.

പ്രോസസ്സറും ശേഷിയും

ഇതിനൊപ്പം തന്നെയാണ് പ്രൊസസ്സറിന്‍റെ കാര്യം. 48 എംപി സെന്‍സര്‍ ഉപയോഗിക്കുന്ന ഫോണില്‍ തീര്‍ച്ചയായും അതിന് ശേഷി നല്‍കുന്ന പ്രൊസസ്സര്‍ വേണം. നോട്ട് 7 പ്രോയിലേക്ക് നോക്കിയാല്‍  അതില്‍ ഉപയോഗിക്കുന്ന പ്രോസസ്സര്‍ സ്നാപ്ഡ്രാഗണ്‍ 675 ആണ്. ഇന്ത്യയില്‍ നിലവില്‍ ഈ പ്രോസസ്സര്‍ ഉപയോഗിച്ച് രണ്ട് ഫോണുകള്‍ മാത്രമേ ലഭ്യമാകുന്നുള്ളു ഒന്ന് നോട്ട് 7 പ്രോ ആണെങ്കില്‍ മറ്റെത് വിവോ 15 പ്രോയാണ്. രണ്ടിലും 48 എംപി ക്യാമറയുണ്ടെന്ന് നമ്മുക്ക് അറിയാം. എന്നാല്‍ 48 എംപി ക്യാമറയുള്ള ഫോണില്‍ പ്രൊസസ്സറിന് നല്ല പണിയുണ്ട്. കാരണം 48 എംപി ചിത്രം എടുക്കുക എന്നത് വലിയൊരു ടാസ്കാണ്. ഒരു യാഥാര്‍ത്ഥ ചിത്രം പകര്‍ത്താനും അത് പ്രോസസ്സസ് ചെയ്യാനും എടുക്കുന്ന സമയം ഇന്‍സ്റ്റന്‍റ് ഫോട്ടോ എന്ന ആശയത്തെ ഇല്ലാതാക്കും എന്നും വിമര്‍ശനമുണ്ട്. 

ഇതിന് ഒപ്പം തന്നെയാണ് പ്രോ മോഡില്‍ 48 എംപിയില്‍ പടം എടുത്താല്‍ ഫോട്ടോ മോഡില്‍ നിന്നും എടുക്കുന്നതിനെക്കാള്‍ 13എംബി മുതല്‍ 16 എംബി വരെ ആ ചിത്രത്തിന് വ്യാത്യാസം ഉണ്ടാകും. അതിനാല്‍ തന്നെ ഫയല്‍ സൈസ് വലുതായിരിക്കും. 16,999 രൂപ വിലയുള്ള നോട്ട് 7 പ്രോയുടെ കൂടിയ മോഡല്‍ തന്നെ നല്‍കുന്ന ഇന്‍റേണല്‍ സ്റ്റോറേജ് 128 ജിബിയാണ്. അതിനാല്‍ തന്നെ നല്ലൊരു അവസ്ഥയില്‍ 48എംബി ഫോട്ടോ എടുത്താല്‍ അത് 50 എംബിയോളം വലിപ്പം വരാം. ഇത്തരം ഒരു അവസ്ഥയില്‍ ഇപ്പോഴത്തെ ഫോണ്‍ ഉപയോഗിച്ച് എല്ലാ ഫോട്ടോയും 48 എംപിയില്‍ എടുക്കാന്‍ സാധിക്കില്ല എന്നതാണ് സത്യം.

ഹോണര്‍ വ്യൂ 20യിലേക്ക് വന്നാല്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പ്രോസ്സസര്‍ കീരിന്‍ 980 ആണ്. ആപ്പിളിന്‍റെ എ12 ബയോണിക്ക് ചിപ്പിനോടാണ് ഇതിനെ ഹോണര്‍ നിര്‍മ്മാതാക്കള്‍ ചേര്‍ത്തുവയ്ക്കുന്നത്. 48 എംപി ചിത്രം എടുക്കുമ്പോള്‍ ഈ ഫോണിന്‍റെ പ്രോസ്സര്‍ ഇത്തിരി സ്ലോ ആണ് എന്നാണ് ദ ഗഡ്ജറ്റ് നൌ അടക്കമുള്ളവയുടെ റിവ്യൂവില്‍ പറയുന്നത്. ചിത്രങ്ങള്‍ നല്ല ഡീറ്റെയിലിംഗ് നല്‍കുന്നുണ്ട്. എന്നാല്‍ മികച്ച ഡീറ്റെയിലിംഗ് നല്‍കുന്ന ചിത്രങ്ങള്‍ ലഭിക്കുന്നത് ഐഡിയലായ അവസ്ഥയില്‍ ക്ലിക്ക് ചെയ്തവയിലാണ്. ഒപ്പം ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ ഡീറ്റെയില്‍ കാണുവാന്‍ വലിയ സ്ക്രീനുകള്‍, അതായത് ലാപ്ടോപ്പോ, ഡെസ്ക് ടോപ്പോ വേണം എന്നാണ് റിവ്യൂ പറയുന്നത്.  റെഡ്മീ നോട്ട് 7 പ്രോയ്ക്ക് സമാനമായ പ്രോസ്സസറാണ് വിവോ വി15 പ്രോയില്‍ ഉപയോഗിക്കുന്നത്. ഇതില്‍ പ്രോ മോഡിലേക്ക് പോകാതെ 48 എംപി ഓപ്ഷന്‍ തെരഞ്ഞെടുത്ത് ഉപയോഗിക്കാം. 9-10 എംബി വരെ ചിത്രത്തിന്‍റെ വലിപ്പത്തില്‍ മാറ്റം വരും.

വേണോ ഇത്രയും എംപി

സോണിയുടെ സെന്‍സര്‍ വളരെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. അത് വലിയ ഡീറ്റെയിലിംഗോടെ നിങ്ങളുടെ ക്ലിക്കുകള്‍ മനോഹരമായ ചിത്രങ്ങള്‍ നല്‍കും. എന്നാല്‍ ഒരു സ്മാര്‍ട്ട്ഫോണില്‍ ഇത്രയും എംപി ക്യാമറ ആവശ്യമാണോ?, ഇപ്പോള്‍ വിപണിയില്‍ നടക്കുന്ന സ്മാര്‍ട്ട്ഫോണ്‍ കിടമത്സരത്തിന്‍റെ ഫലമാണ് നിങ്ങള്‍ക്ക് ആവശ്യമാണെന്ന് തോന്നിക്കുന്ന കൂടിയ ഫീച്ചറുകള്‍ ഫോണില്‍ ഉള്‍കൊള്ളിക്കുക എന്ന സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളുടെ തന്ത്രം. 48എംപി ക്യാമറയുടെ കാര്യം തന്നെ നോക്കുക ഈ ടെക്നോളജി തങ്ങളുടെ ഫോണില്‍ ഉണ്ടെന്ന് പറയുന്ന സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് അതിന്‍റെ പരിപാലനത്തിന് വേണ്ടി പുതിയ പ്രോസ്സസര്‍ വയ്ക്കേണ്ടി വരുന്നു. എന്നിട്ടും അത് ഉപയോഗിക്കുമ്പോള്‍ ചില മുന്നറിയിപ്പുകളും.

ഇനി ഉപയോക്താവിന്‍റെ ഭാഗത്ത് നിന്നും ചിന്തിച്ചാലോ, സാധാരണക്കാരായ പ്രഫഷണലായി ഫോട്ടോഗ്രാഫിയെ കാണാത്തവരുമാണ് മിഡ് ബഡ്ജറ്റ് സെമി പ്രീമിയം ഫോണുകള്‍ ഉപയോഗിക്കുന്നത്. അവരെ സംബന്ധിച്ച് അവരുടെ സ്മാര്‍ട്ട്ഫോണ്‍ ചിത്രങ്ങള്‍ എടുക്കുന്നത് ഫോണില്‍ ശേഖരിക്കാനോ, അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്യാനോ ആണ്. അതിനാല്‍ തന്നെ 48 എംപി ക്യാമറയില്‍ കൂടിയ സൈസില്‍ എടുത്ത ചിത്രമായിരുന്നാലും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കായി തന്നെ അതിന്‍റെ വലിപ്പം കുറയുന്നുണ്ട്. അതിനാല്‍ തന്നെ 48 എംപി ക്യാമറയില്‍ എടുത്ത ചിത്രം എന്നത് അവിടെ അപ്രസക്തമാകുന്നു.

എന്താണ് ഒരു മികച്ച സ്മാര്‍ട്ട്ഫോണ്‍ ക്യാമറ എന്ന ചോദ്യത്തിന് ടെക് ഫിലോസഫര്‍മാര്‍ അന്നും ഇന്നും പറയുന്നത് തന്നെയാണ് 48 എംപി ട്രെന്‍റിനും ഉത്തരം. ഒരു സ്മാര്‍ട്ട്ഫോണ്‍ ക്യാമറ എന്നത് അതിന്‍റെ എംപിയെ അധികരിച്ചല്ല, ഇന്നത്തെ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സും, മെഷീന്‍ ലേണിംഗും സ്വാധീനം നേടുന്ന കാലത്ത് അവയെ സങ്കലനം ചെയ്യുന്ന സാങ്കേതിക കാര്യം മാത്രമാണ് എംപിയും ക്യാമറയിലെ പുതിയ ടെക്നിക്കുകളും. അതിനാല്‍ തന്നെ ഒരു ഉപയോക്താവിനെ തൃപ്തിപെടുത്തുന്നതായിരിക്കണം ഫീച്ചര്‍ അതില്‍ എന്ത് ടെക്നോളജി ഉണ്ടെന്ന് പറഞ്ഞാലും.

Follow Us:
Download App:
  • android
  • ios