കൊച്ചി: നല്ലൊരു ചൂട് ചായ കുടിക്കണമെന്നു നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? എന്നാല്‍, ഇനി അധികം വിഷമിക്കേണ്ടതില്ല. ഇതാ വന്നിരിക്കുന്നു സ്മാര്‍ട്ട് കപ്പ്. വയര്‍ലെസ് ചാര്‍ജിങ് ഉപയോഗിച്ച് ചൂടാകുന്ന ഈ കപ്പിലേക്ക് അല്‍പ്പം വെള്ളം വച്ചാല്‍ ചൂടാക്കി കിട്ടും. കാപ്പിയോ ചായയോ ഇന്‍സ്റ്റന്റായി ഉണ്ടാക്കാനുള്ള ചേരുവുകള്‍ കൂട്ടിക്കലര്‍ത്തിയാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ജോലി ചെയ്യുന്നിടത്തിരുന്ന് ഈ സ്മാര്‍ട്ട് കോഫി കുടിക്കാം.

സെറാമിക്ക് കപ്പിലാണ് ഈ സ്മാര്‍ട്ട് കപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാതാക്കള്‍ മറ്റാരുമല്ല, ഷവോമി തന്നെ. ഏകദേശം രണ്ടായിരം രൂപയാവും ഈ സെറാമിക്ക് സ്മാര്‍ട്ട് കപ്പിന്റെ വില. കഴുകുകയോ തുടയ്ക്കുകയോ ചെയ്യാം. സ്മാര്‍ട്ട് ടിവികള്‍, എയര്‍ പ്യൂരിഫയറുകള്‍, ആക്‌സസറികള്‍ എന്നിവപോലുള്ള ഗാര്‍ഹിക ജീവിതശൈലി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഷവോമിയുടെ യൂണിറ്റില്‍ നിന്നാണ് ഇതുമെത്തുന്നത്.

ചൈനയില്‍ 189 യുവാന്‍ (ഏകദേശം 2,000 രൂപ) വിലയുള്ള ഈ വയര്‍ലെസ് വാം കപ്പ് നിങ്ങളുടെ പാനീയത്തെ 55 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാക്കുന്നു. വയര്‍ലെസ് ചാര്‍ജിംഗ് ടീ കോസ്റ്റര്‍ വഴിയാണ് ചൂടാക്കല്‍ നടത്തുന്നത്. പരമ്പരാഗത വയര്‍ ചൂടാക്കല്‍ രീതിക്ക് പകരം ചൂടാക്കുന്നതിന് ഈ രീതി സുരക്ഷിതമാണെന്ന് ഷവോമി പറയുന്നു. കപ്പ് സെറാമിക് കൊണ്ടാണ് നിര്‍മ്മിച്ചതെന്നും ഇത് പൂര്‍ണ്ണമായും വാട്ടര്‍പ്രൂഫ് ആണെന്നും ഷവോമി പറയുന്നു. അതിനാല്‍, നിങ്ങള്‍ക്ക് ഇത് സാധാരണ കപ്പ് പോലെ വൃത്തിയാക്കാന്‍ കഴിയും.

എന്നാല്‍ ടീ കോസ്റ്റര്‍ ഉപയോഗിക്കാത്തപ്പോള്‍, നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ കോസ്റ്ററില്‍ വയര്‍ലെസ് ചാര്‍ജ് ചെയ്യാന്‍ സ്ഥാപിക്കാം. 10വാട്‌സ് വരെ വയര്‍ലെസ് ചാര്‍ജിംഗിനെ കോസ്റ്റര്‍ പിന്തുണയ്ക്കുമെന്നും വിവിധ ബ്രാന്‍ഡുകളായ ഷവോമി, ആപ്പിള്‍, സാംസങ്ങ് എന്നിവയുടെ ഫോണില്‍ നിന്നും ഇത് കണക്ട് ചെയ്യാന്‍ കഴിയുമെന്നും കമ്പനി പറയുന്നു. ഫോണ്‍ വയര്‍ലെസ് ചാര്‍ജിംഗിനെ പിന്തുണയ്ക്കണമെന്നു മാത്രം.