കൊവിഡ് 19 അതിവ്യാപനം; ഒമ്പത് ദിവസത്തേക്ക് കേരളത്തില്‍ ലോക്ഡൌണ്‍

First Published May 6, 2021, 3:23 PM IST


2020 മാര്‍ച്ച് 23 നാണ് കൊവിഡ് 19 രോഗാണുവിന്‍റെ വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ആദ്യമായി സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ പ്രഖ്യാപിക്കുന്നത്. അന്ന് സംസ്ഥാനത്ത് 91 രോഗികളാണെന്ന് സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു. തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ പ്രഖ്യാപിച്ചു. രോഗികളുടെ എണ്ണത്തിലും മരണനിരക്കും കുറഞ്ഞ് വന്നതോടെ രാജ്യം പതുക്കെ പതുക്കെ തുറന്ന് കൊടുത്തു. എന്നാല്‍ അപ്പോഴേക്കും തെക്കനമേരിക്കന്‍ രാജ്യങ്ങളിലും യൂറോപിലും കൊവിഡിന്‍റെ രണ്ടാം തരംഗത്തിലായിരുന്നു. രോഗവ്യാപനത്തില്‍‌ കുറവ് രേഖപ്പെടുത്തിയതോടെ ഇന്ത്യ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ദേശീയ നേതാക്കളെത്തി പ്രചാരണം കൊഴുപ്പിച്ചതോടെ കുറഞ്ഞ് വന്നിരുന്ന രോഗവ്യാപനം ശക്തമായി. ഇതിനിടെ രാജ്യാന്തര തലത്തില്‍ വ്യാപിച്ചിരുന്ന കൊവിഡ് 19 രോഗാണുവിന്‍റെ വകഭേദങ്ങളും ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മിക്ക സംസ്ഥാനങ്ങളിലും കൊവിഡ് 19 രോഗാണുവിന്‍റെ അതിവ്യാപനം നടന്ന് കഴിഞ്ഞിരുന്നു. ( ചിത്രങ്ങള്‍ : കെ ജി ബാലു. കഴിഞ്ഞ സമ്പൂര്‍ണ്ണ ലോക്ഡൌണിന്‍റെ കാലത്ത് തിരുവന്തപുരം നഗരത്തില്‍ നിന്ന് പകര്‍ത്തിയത്.  )