SA vs IND: തോറ്റാല്‍ പരമ്പര നഷ്ടം, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ സാധ്യതാ ടീം; രണ്ട് മാറ്റങ്ങള്‍ ഉറപ്പ്
പാള്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്ന(SA vs IND 2nd ODI) ഇന്ത്യക്ക് ഇന്ന് ജീവന്‍മരണപ്പോരാട്ടമാണ്. ഇന്ന് തോറ്റാല്‍ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും നഷ്ടമാവും. ആദ്യ മത്സരത്തില്‍ പുതിയ നായകന്‍ കെ എല്‍ രാഹുലിന് കീഴിലിറങ്ങിയ ഇന്ത്യയുടെ നടുവൊടിച്ചാണ് ദക്ഷിണാഫ്രിക്ക ജയിച്ചു കയറിയിത്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യാതാ ടീം എങ്ങനെയാവുമെന്ന് നോക്കാം.
റുതുരാജ് ഗെയ്‌ക്‌വാദ്: മധ്യനിരയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ നാലാം നമ്പറിലേക്ക് മാറിയാല്‍ ഓപ്പണറായി മികച്ച ഫോമിലുള്ള റുതുരാജ് ഗെയ്ക്‌വാദ് ഇന്നിറങ്ങും.
ശിഖര്‍ ധവാന്‍: ആദ്യ ഏകദിനത്തില്‍ മിന്നുന്ന ഫോമിലായിരുന്ന ശിഖര്‍ ധവാന്‍ തന്നെയായിരിക്കും ഇന്ത്യയുടെ രണ്ടാം ഓപ്പണര്‍.
വിരാട് കോലി: ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞശേഷമുള്ള ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചു നടത്താന്‍ ആദ്യ മത്സരത്തില്‍ കോലിക്കായിരുന്നില്ല. എങ്കിലും കോലി തന്നെയാകും ഇന്ത്യയുടെ ബാറ്റിംഗിന്‍റെ നട്ടെല്ല്.
കെ എല്‍ രാഹുല്‍: നാലാം നമ്പറില്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ നാലാം നമ്പറിലിറങ്ങാനാണ് സാധ്യത. ആദ്യ മത്സരത്തില്‍ രാഹുല്‍ നിറം മങ്ങിയിരുന്നു.
റിഷഭ് പന്ത്: വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് അഞ്ചാം നമ്പറില്‍ എത്തും. ആദ്യ മത്സരത്തില്‍ നിറം മങ്ങിയ പന്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
വെങ്കടേഷ് അയ്യര്‍: അരങ്ങേറ്റ മത്സരത്തില്‍ നിറം മങ്ങിയെങ്കിലും വെങ്കടേഷ് അയ്യര്‍ ബാറ്റിംഗ് ഓള്‍ റൗണ്ടറായി ടീമില്‍ സ്ഥാനം നിലനിര്‍ത്തും.
ഷര്‍ദ്ദുല്‍ ഠാക്കൂര്‍: ആദ്യ മത്സരത്തില്‍ ബൗളിംഗില്‍ നിറം മങ്ങിയെങ്കിലും ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചത് എട്ടാമനായി ഇറങ്ങി അര്‍ധസെഞ്ചുറി നേടിയ ഷര്‍ദ്ദുല്‍ ഠാക്കൂറായിരുന്നു. അതുകൊണ്ടുതന്നെ ഠാക്കൂര്‍ ഇന്നും ഏഴാമനായി ക്രീസിലെത്തും.
Jasprit Bumrah
ജസ്പ്രീത് ബുമ്ര: ആദ്യ മത്സരത്തില്‍ ബൗളിംഗില്‍ തിളങ്ങിയ ജസ്പ്രീത് ബുമ്ര ഇന്നും ഇന്ത്യന്‍ പേസ് പടയെ നയിക്കാനെത്തും.
ആര്‍ അശ്വിന്‍: ആദ്യ മത്സരത്തില്‍ മധ്യ ഓവറുകളില്‍ നന്നായി പന്തെറിഞ്ഞ അശ്വിന്‍ സ്പിന്നറായി ടീമിലെത്തും.
മുഹമ്മദ് സിറാജ്: പഴയ വേഗവും സ്വിംഗും നഷ്ടമായ ഭുവനേശ്വര്‍ കുമാറിന് പകരം ബുമ്രക്കൊപ്പം ഇന്ത്യ ഇന്ന് മുഹമ്മദ് സിറാജിന് അവസരം നല്‍കിയേക്കും.
യുസ്‌വേന്ദ്ര ചാഹല്‍: ആദ്യ മത്സരത്തില്‍ വിക്കറ്റൊന്നും വീഴ്ത്തിയില്ലെങ്കിലും യുസ്‌വേന്ദ്ര ചാഹല്‍ രണ്ടാം സ്പിന്നറായി ടീമിലിടം നേടും.