ആശങ്കയൊഴിയാതെ ധാരാവി

First Published Apr 21, 2020, 2:27 PM IST

കൊറോണാ വൈറസ് വ്യാപനത്തില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളിലൊന്നാണ് മുംബൈയിലെ ധാരാവി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയാണ് ധാരാവി. കുറഞ്ഞ സ്ഥലത്തെ കൂടിയ ജനസാന്ദ്രതയാണ് രോഗവ്യാപനത്തില്‍ ധാരാവിയെ പ്രത്യേകമായി ശ്രദ്ധിക്കാന്‍ അധികാരികളെ പ്രയരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 30 കേസുകളാണ്. മൊത്തം 168 കൊവിഡ് 19 വൈറസ് ബാധിതര്‍ ധാരാവില്‍ മാത്രമുണ്ട്. 11 പേര്‍ ഇതുവരെയായി കൊറോണാ വൈറസ് ബാധമൂലം ധാരാവിയില്‍ മരിച്ചു. പുതിയ മുപ്പത് കേസുകളില്‍ 5 രോഗികള്‍ ശാസ്ത്രി നഗറിലും മൂന്ന് വീതം രോഗികള്‍ കല്യാണ്‍വാടിയിലും 60 അടി റോഡിലുമാണ്. നായിക്ക് നഗറിലും കുച്ചേകുര്‍വേ നഗറിലും രണ്ട് വീതവും രോഗികളും മിനാജുദ്ധീന്‍ ഖാന്‍ ഗാല, പിഎംജിപി കോളനി, പദ്മഗോപാല്‍ ചൗല്‍, ദോര്‍വാഡ, മതുന്‍ഗാ ലേബര്‍ക്യാമ്പ്, മുകുന്ദ് നഗര്‍, എന്നിവിടങ്ങളില്‍ ഒരു രോഗിയെ വീതവും ധാരാവിയില്‍ എട്ട് രോഗികളെയും ഇന്നലെ തിരിച്ചറിഞ്ഞതായി സെന്‍ട്രല്‍ മുംബൈ ജി നോര്‍ത്ത് വാര്‍ഡ് അസിസ്റ്റന്‍റ് കമ്മീഷണര്‍  കിരൺ ദിഘാവ്കർ പറഞ്ഞു.