കൊവിഡ്19; കേരളമടക്കം തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിവ്യാപനവും മരണവും കൂടുന്നു
രാജ്യത്തെ കൊവിഡ് കണക്കുകളില്‍ വര്‍ദ്ധനയ്ക്ക് കാരണം തെക്കേ ഇന്ത്യയിലെ രോഗവ്യാപനമെന്ന് കണക്കുകള്‍. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന ആകെ പരിശോധനയുടെ മൂന്നിലൊന്നും നടന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സാംപിളുകള്‍ പോസിറ്റീവാകുന്നത് വന്‍ആശങ്കയാണ് ഉയര്‍ത്തുന്നത്. ഒന്നരകോടിയിലധികം പരിശോധന ഇതിനോടകം രാജ്യത്ത് നടന്നു കഴിഞ്ഞുവെന്ന് കേന്ദ്ര സര്‍ക്കാറിന്‍റെ കണക്കുകള്‍ പറയുന്നു. ഇതില്‍ 53 ലക്ഷത്തില്‍ പരം സാംപിളുകളാണ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം പരിശോധിച്ചത്. അതായത്, ആകെ പരിശോധനയുടെ മൂന്നിലൊന്നും തെക്കേ ഇന്ത്യയിലാണ് നടത്തിയത്. തുടക്കം മുതൽ പരിശോധനയിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായിരുന്നു മുന്നിൽ. ഇപ്പോൾ പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുന്നത് ഉയർന്ന വൈറസ് വ്യാപനത്തിന്‍റെ സൂചനയാണെന്നും ഇത് സമൂഹവ്യാപനത്തിനിടയാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
മൂന്ന് ലക്ഷത്തിന് മുകളിൽ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ 16 ലക്ഷത്തില്‍പരം സാമ്പിളുകളാണ് പരിശോധിച്ചത്. മറ്റ് എല്ലാ സംസ്ഥാനങ്ങളിലായി 80 ലക്ഷത്തിലധികം പരിശോധനകള്‍ നടന്നു.
അതായത് ആകെ പരിശോധനയുടെ 50 ശതമാനത്തിലധികം. എന്നാൽ ഈ സംസ്ഥാനങ്ങളിലാകെ രാജ്യത്തെ മൂന്നിലൊന്ന് രോഗികളേ ഇപ്പോഴുള്ളു.
രാജ്യത്താകെ 12,38,635 കൊവിഡ് ബാധിതരുണ്ടെന്നാണ് കണക്ക്. 24 മണിക്കൂറിനിടെ 45,000 കൊവിഡ് കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്.
ആകെ കൊവിഡ് മരണം 29,861 എന്നാണ് റിപ്പോർട്ട്. 3,56,439 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മഹാരാഷ്ട്രയിൽ ഇന്ന് 9,895 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 3,47,502 ആയി. ഇന്ന് 298 പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 12,854 ആയി. ഇന്ത്യയിലെ ആകെ രോഗബാധിതരുടെ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്.
തെക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് തമിഴ്നാട്ടിലാണ്. രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തോടടുക്കുന്ന തമിഴ്‍നാട്ടില്‍ 20 ലക്ഷത്തില്‍ പരം സാംപിളുകള്‍ ഇതിനോടകം പരിശോധിച്ച് കഴിയുമ്പോഴും രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിലും സ്ഥിതി അതീവ ഗുരുതരമായി തന്നെ തുടരുകയാണ്.
ഇന്നലെ മാത്രം തമിഴ്നാട്ടില്‍ 6472 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗബാധിതർ 19,2964 ആയി. ചെന്നൈയിൽ 90,900 പേർക്ക് കൊവിഡ് ബാധിതരായെന്നാണ് കണക്ക്.
24 മണിക്കൂറിനിടെ 88 പേരാണ് കൊവിഡ് മൂലം തമിഴ്നാട്ടിൽ മരിച്ചത്. ആകെ കൊവിഡ് മരണം 3,232 ആയി. അതിനിടെ കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ എത്തിയ 5 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
മറ്റൊരു തെക്കന്‍ സംസ്ഥാനമായ ആന്ധ്ര പ്രദേശിൽ പ്രതിദിന രോഗബാധ എണ്ണായിരത്തിലേക്ക് അടുത്തു. ഇന്നലെ മാത്രം 7,998 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗം ബാധിച്ചവർ 72,711 ആയി. 61 പേരാണ് ഇന്ന് മരിച്ചത്.
ആന്ധ്ര പ്രദേശിൽ ആകെ മരണം മരണം 884 ആയി. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 34,272 ആണ്. ഇന്ന് മാത്രം 58,052 പേരെയാണ് സംസ്ഥാനത്ത് പരിശോധിച്ചത്.
ഇതിനിടെ തെലങ്കാനയിലും സാമൂഹിക വ്യാപനമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. സംസ്ഥാനത്ത് സാമൂഹിക വ്യാപനമുണ്ടെന്ന് തെലങ്കാന പൊതുജനാരോഗ്യ ഡയറക്ടർ ജി ശ്രീനിവാസ റാവു അറിയിച്ചു.
ഇനിയുള്ള നാലഞ്ച് ആഴ്ചകൾ വളരെ നിർണായകമാണെന്നും ജനങ്ങൾ കർശനമായി സാമൂഹിക അകലം പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. തെലങ്കാനയിൽ ആകെ രോഗബാധിതരുടെ എണ്ണം അരലക്ഷം കടന്നു.
തെലങ്കാനയിൽ ഇന്ന് മാത്രം 1,567 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 662 രോഗികൾ ഹൈദരാബാദിൽ ആണ്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 50,826 എന്നാണ് അവസാനം ലഭിക്കുന്ന റിപ്പോർട്ട്.
ഇവിടെ ഇന്ന് മാത്രം ഒമ്പത് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം 447 ആയി. തെലങ്കാനയിൽ നിലവിൽ ചികിത്സയിലുളളവരുടെ എണ്ണം 11,052 ആണ്.
കര്‍ണ്ണാടകയില്‍ ഇതുവരെയായി 80,863 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 1616 പേര് മരിച്ചു. ഇപ്പോള്‍ സജീവമായ 49,937 പേര് ചികിത്സയിലാണ്. 29,310 പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ആഴ്ചകളിലായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ 7,8 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്.
കര്‍ണ്ണാടകയില്‍ ബംഗളൂരു നഗരത്തിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. നഗരത്തിലെ രോഗികളുടെ എണ്ണത്തില്‍ ഇതുവരെയായും കുറവ് രേഖപ്പെടുത്തിയിട്ടില്ലെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
ഇതിനിടെ കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രിക്കാനാവാതെ വന്നാല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാധ്യത തള്ളിക്കളയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും സംസ്ഥാനം ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. അത് മനസിലാക്കി ജാഗ്രത പാലിച്ച് പോകണമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഇപ്പോള്‍ ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രമായിട്ടല്ല അപകട സാധ്യത ഉള്ളത്. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. രോഗ ലക്ഷണില്ലാത്തവരും രോഗ വാഹകരാകുന്നു, അത് അങ്ങേയറ്റം അപകടകരമായ അവസ്ഥയാണ്. എവിടെയും രോഗം എത്താം എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അതുകൊണ്ട് കൂടുതല്‍ ശക്തമായ കരുതല്‍ സ്വീകരിക്കേണ്ടി വരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്ന് കോണ്‍വെന്റുകളില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മഠങ്ങൾ, ആശ്രമങ്ങള്‍, അഗതിമന്ദിരങ്ങൾ എന്നിവിടങ്ങളിൽ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മഠങ്ങളിലും ആശ്രമങ്ങളിലും ധാരാളം പ്രായമായവരുണ്ട്. അവരെ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ രോഗവാഹകരാണെങ്കില്‍ പ്രായമായവര്‍ക്ക് വലിയ ആപത്തുണ്ടാകും. കഴിവതും ഇത്തരം സ്ഥലങ്ങളില്‍ സന്ദര്‍ശനം ഒഴിവാക്കണം.
ഒഴിവാക്കാന്‍ പറ്റാത്ത സന്ദര്‍ശനമാണെങ്കില്‍ രോഗമില്ലെന്ന് ഉറപ്പുവരുത്തിയാകാണം യാത്രയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം രണ്ടാംദിനവും ആയിരം കടന്നു. 1078 പേര്‍ക്കാണ് ഇന്നലെ മാത്രം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് പേരാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് ഇന്നലെ മാത്രം മരിച്ചത്.
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആണ്. ഇന്നലെ മാത്രം 798 പേര്‍ക്ക് സമ്പർക്കം വഴി രോഗ ബാധയുണ്ടായി. അതിൽ തന്നെ ഉറവിടമറിയാത്ത 65 പേരുമുണ്ട് .
ഉറവിടമറിയാത്ത കേസുകളുടെയും സമ്പര്‍ക്ക രോഗികളുടെയും എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് സംസ്ഥാനത്ത് കടുത്ത ആശങ്കയാണുണ്ടാക്കുന്നത്. തിരുവനന്തപുരത്താണ് കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്.
ഇന്നലെ തിരുവനന്തപുരത്ത് 222 പേര്‍ക്കാണ് കൊവിഡ് 19 പൊസിറ്റീവ് ആയത്. ഇതില്‍ 206 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത 16 കേസുകളും തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തു.
കൊല്ലം ജില്ലയില്‍ ഇന്നലെ സ്ഥിരീകരിച്ച 106 കൊവിഡ് കേസുകളില്‍ 94 പേർക്കും സമ്പർക്കം വഴിയാണ് രോഗം പിടിപെട്ടത്. കൊല്ലത്ത് 9 പേരുടെ രോഗ ഉറവിടവും അറിയില്ല. എറണാകുളം ജില്ലയില്‍ 100 കേസുകളില്‍ 94 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇടുക്കി ജില്ലയിലെ സമ്പര്‍ക്ക കണക്കും ആശങ്കയുണ്ടാക്കുന്നാണ്. 63 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 55 പേര്‍ക്കും കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.
കണ്ണൂരില്‍ 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഏഴ് ആരോഗ്യ പ്രവര്‍ത്തകരും ഒരു തടവുകാരനുമടക്കം ആകെ 51 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.