21 -ാം ദിവസം ദില്ലി ചലോ ; അണമുറിയാതെ കര്‍ഷകര്‍, സായുധരായി പൊലീസും
First Published Dec 16, 2020, 11:43 AM IST
കര്‍ഷക പ്രക്ഷോഭം 21 -ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ദില്ലി അതിര്‍ത്തിയിലേക്ക് എത്തിചേരുന്ന ആയിരക്കണക്കിന് കര്‍ഷകരെ തടയാനായി ദില്ലി പൊലീസ്. കര്‍ഷകര്‍ ദില്ലിയിലേക്ക് കടത്താതിരിക്കാന്‍ അയല്‍സംസ്ഥാനങ്ങളിലെ അതിര്‍ത്തികളടയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ദില്ലി പൊലീസ്. നിലവില്‍ ദില്ലി-അമ്പാല, ദില്ലി-ഹിസാര്‍ അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്. ഇതിനാല്‍ ഗ്രാമങ്ങളിലൂടെ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ചാണ് ഇപ്പോള്‍ കര്‍ഷകര്‍ സമരസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും ആയിരക്കണക്കിന് കര്‍ഷകരാണ് സമരഭൂമി ലക്ഷ്യമാക്കി നീങ്ങുന്നത്. നേരത്തെ നൂറ് കണക്കിന് പശുക്കളുമായി കര്‍ഷകര്‍ ദില്ലിക്ക് നീങ്ങുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടിരുന്നു. നൂറ് കണക്കിന് ട്രക്റ്ററുകളില്‍ ഭക്ഷ്യധാന്യങ്ങളുമായി ആഴ്ചകളോളം താമസിച്ച് സമരം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍ ദില്ലിയിലേക്ക് നീങ്ങുന്നത്. അതേ സമയം ദില്ലി അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസിനെയും സായുധരായ അര്‍ദ്ധസൈനീക വിഭാഗത്തെയും കേന്ദ്രസര്‍ക്കാര്‍ വിന്യസിച്ചു. സമരസ്ഥലത്തെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യസ് ക്യാമറാമാന്‍ ദീപു എം നായര്‍.

വിവാദമായ കര്‍ഷക നിയമത്തില്‍ ഭേദഗതി ചര്‍ച്ചയാകാം എന്നാല്‍ നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഇതിനിടെ മേധാപട്കര്‍, ദയാബായി തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകരും കര്‍ഷക പ്രക്ഷോഭത്തിനൊപ്പം ചേര്‍ന്നു.

അതിര്‍ത്തികളില്‍ തങ്ങി സമരം ചെയ്യേണ്ടി വരുന്നതിനാല്‍ പൊജു ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് നേരത്തെ കര്‍ഷക സംഘടനകള്‍ മാപ്പ് ചോദിച്ചിരുന്നു. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സമരത്തിനായാണ് ദില്ലിയിലേക്കെത്തിയതെന്നും എന്നാല്‍ തങ്ങളെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും കര്‍ഷക സംഘടനകള്‍ പത്രകുറിപ്പില്‍ പറഞ്ഞു.
Post your Comments