കര്‍ഷക സമരം മൂന്നാം ദിവസവും തുടരുന്നു ; അഞ്ച് ദിവസം കഴിഞ്ഞ് ചര്‍ച്ചയാകാമെന്ന് കേന്ദ്രം
എന്‍ഡിഎ സര്‍ക്കാറിന്‍റെ കാർഷിക പരിഷ്‍കരണ നിയമത്തിനെതിരെ രാജ്യത്തെ കർഷകർ മൂന്നാം ദിവസവും പ്രതിഷേധം തുടരുന്നതിനിടെ, ഡിസംബർ മൂന്നിന് കർഷക സംഘടനകളുമായി ചർച്ച നടത്താമെന്ന് വാഗ്ദാനം നല്‍കി കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍, കര്‍ഷകര്‍ സമരം ഉപേക്ഷിക്കണമെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ആവശ്യപ്പെട്ടു. ഇതിനിടെ ബുറാഡിയിൽ എത്തുന്ന കർഷകർക്ക് എല്ലാ സഹായങ്ങളും വാഗ്‍ദാനം ചെയ്യുമെന്ന് ദില്ലി സംസ്ഥാന സർക്കാറും രംഗത്തെത്തി. സമരത്തിനായി എത്തുന്ന കർഷകർക്ക് വെള്ളവും, ശുചി മുറികളും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നാണ് ദില്ലി സര്‍ക്കാര്‍ വാഗ്ദാനം. നേരത്തെ അറസ്റ്റ് ചെയ്യുന്ന കര്‍ഷകരെ പാര്‍പ്പിക്കാനായി ദില്ലി സംസ്ഥാനത്തെ 9 സ്റ്റേഡിയങ്ങള്‍ ജയിലുകളാക്കി മാറ്റാന്‍ അനുവദിക്കണമെന്ന് ദില്ലി പൊലീസ് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. ഇതോടെ പൊലീസിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാറും അറിയിക്കുകയായിരുന്നു.
രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 200 ഓളം കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണ് എന്‍ഡിഎ സര്‍ക്കാര്‍ നിയമമാക്കിയ മൂന്ന് കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിലേക്ക് 'ദില്ലി ചലോ' എന്ന പേരില്‍ കര്‍ഷകര്‍ മാര്‍ച്ച് ആരംഭിച്ചത്.
നവംബര്‍ 26 -ാം തിയതിയിലെ ദേശീയ പണിമുടക്കിന് പിന്നാലെയായിരുന്നു കര്‍ഷകരുടെ മാര്‍ച്ച് സംഘടിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍, കര്‍ഷകരെ ദില്ലിയുടെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍.
കര്‍ഷകര്‍ ദില്ലി സംസ്ഥാന അതിര്‍ത്തി കടക്കാതിരിക്കാന്‍ ദില്ലിയെ അതിര്‍ത്തി സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട അഞ്ച് സംസ്ഥാന അതിര്‍ത്തികളും കേന്ദ്ര സര്‍ക്കാര്‍ അടച്ചിരുന്നു. മാത്രമല്ല, എല്ലാ അതിര്‍ത്തികളിലും സായുധ പൊലീസും അര്‍ദ്ധ സൈനീക വിഭാഗങ്ങളായ സിആര്‍പിഎഫ്, ബിഎസ്എഫ് വിഭാഗങ്ങളെയും വിന്യസിച്ചു.
അതിര്‍ത്തി റോഡുകളില്‍ മണ്ണിട്ടും കുഴി കുത്തിയും റോഡ് തടസപ്പെടുത്തിയത് കൂടാതെ ബാരിക്കേഡുകളും കമ്പി വലകളും വച്ചും വലിയ കോണ്‍ക്രീറ്റ് പില്ലറുകള്‍ ഇറക്കിയും സര്‍ക്കാര്‍ കര്‍ഷകരുടെ ദില്ലി പ്രവേശനത്തെ തടയാന്‍ ശ്രമിച്ചു.
എന്നാല്‍ രാജ്യത്തെ കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ മുട്ട് മടക്കാനേ കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാറിനായൊള്ളൂ. ആദ്യ ദിനം കര്‍ഷകരെ തടഞ്ഞ് നിര്‍ത്താന്‍ പൊലീസിന് കഴിഞ്ഞെങ്കിലും രണ്ടാം ദിനം ആയിരക്കണക്കിന് കര്‍ഷകര്‍ ദില്ലി സംസ്ഥാന അതിര്‍ത്തിയിലേക്ക് ഒഴുകിയെത്തി.
സമരതീവ്ര മുന്‍കൂട്ടി കണ്ടിരുന്ന കര്‍ഷകര്‍ ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളുമായാണ് സമരത്തിനെത്തിയത്. ഉത്തരേന്ത്യയിലെ കടുത്ത തണുപ്പിനെ അവഗണിച്ച് കുടുംബ സമേതമെത്തിയ കര്‍ഷകര്‍ പൊലീസിന്‍റെ ബാരിക്കേടുകളെയും മറ്റ് പ്രതിരോധങ്ങളെയും നിഷ്പ്രഭമാക്കുന്ന കാഴ്ചയായിരുന്നു ഇന്നലെ ദില്ലി സംസ്ഥാനത്തിന്‍റെ അതിര്‍ത്തികളില്‍ നടന്നത്.
ദില്ലി - ഹരിയാന അതിർത്തിയായ സിംഗുവുല്ലെത്തിയ കർഷകർക്ക‌് നേരെ രാവിലെ മുതൽ പലതവണ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ആദ്യം തന്ത്രപരമായി പിന്മാറിയ കര്‍ഷകര്‍ പിന്നീട് ശക്തമായി തിരിച്ചുവരുന്ന കാഴ്ചയായിരുന്നു അതിര്‍ത്തികളില്‍ കണ്ടത്.
ഇന്നലെ ഉച്ചക്ക് ശേഷം രണ്ട് മണിയോടെ കർഷകർ പൊലീസ് ബാരിക്കേഡുകൾക്ക് അരികിലേക്ക് ഇരച്ചുനീങ്ങി. ബാരിക്കേഡുകളും കോൺക്രീറ്റ് പാളികളും തള്ളി മാറ്റിയും തങ്ങളെത്തിയ വാഹനങ്ങള്‍ ഉപയോഗിച്ച് തള്ളിമാറ്റിയും കര്‍ഷകര്‍ മുന്നോട്ട് തന്നെ എന്ന സന്ദേശം പൊലീസിന് നല്‍കി.
കര്‍ഷകര്‍ പിന്മാറാന്‍ തയ്യാറല്ലെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് കര്‍ഷകര്‍ക്ക് നേരെ ലാത്തിപ്രയോഗിക്കുകയും നിരവധി തവണ കണ്ണീര്‍വാതകവും ജലപീരങ്കികളും ഉപയോഗിച്ചു. ഇതോടെ ദില്ലിയുടെ അതിര്‍ത്തി അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളമായി.
പൊലീസ് അക്രമം ആരംഭിച്ചതോടെ കൈയില്‍ കിട്ടിയ ആയുധങ്ങളുമായി കര്‍ഷകരും പൊലീസിന് നേരെ തിരിഞ്ഞു. ശക്തമായ കല്ലേറിന് അതിര്‍ത്തി സാക്ഷ്യം വഹിച്ചു. ഇതിനിടെ റോഡിന് കുറുകെ പൊലീസ് നിർത്തിയിട്ട മണ്ണ് നിറച്ച ഒരു ട്രക് സമരക്കാർ കയ്യടക്കി. ട്രക്ക് ഉപയോഗിച്ച് ബാരിക്കേഡുകൾ ഇടിച്ചുനിരത്തിയ കര്‍ഷകര്‍ ഒരു പൊലീസ് വാഹനം ഇടിച്ചുനീക്കി പൊലീസുകാർക്ക് നേരെ തന്നെ തിരിച്ചുവിട്ടു.
ഇതോടെ പൊലീസ് വലയത്തിലേക്ക് എത്തിയവർക്ക് നേരെ ലാത്തിച്ചാർജും തുടങ്ങി. പൊലീസും കർഷകരും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടി. മൂന്ന് മണിയോടെ സംഘർഷത്തിന് അല്‍പ്പം അയവ് വന്നു. ഇതോടെയാണ് അനുനയ നീക്കവുമായി പൊലീസ് കര്‍ഷകരെ സമീപിച്ചത്.
കർഷകരെ ദില്ലിയിലേക്ക് കടത്തിവിടാം. പക്ഷേ, സമരം പാർലമെന്‍റിന് പരിസരത്തോ, രാംലീല മൈതാനിയിലോ നടത്തുന്നതിന് പകരം വടക്കൻ ദില്ലിയിലെ ബുറാഡിയിൽ നടത്തണമെന്ന് പൊലീസ് നിർദേശം മുന്നോട്ട്‍വെച്ചു.
പൊലീസ് നിര്‍ദ്ദേശം അംഗീകരിച്ച് ദില്ലിയിലേക്ക് കയറുമെന്ന് ഒരു വിഭാഗം കർഷക സംഘടനാ നേതാക്കൾ അറിയിച്ചു. ബുറാഡിയിൽ നിന്ന് തുടർ സമരങ്ങൾ ആലോചിക്കുമെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു.
ബുറാഡിയിൽ എത്തുന്ന കർഷകർക്ക് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ദില്ലി സംസ്ഥാന സർക്കാരും അറിയിച്ചതോടെ കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ മറ്റ് പോംവഴികളില്ലാതായി. സമരത്തിനായി എത്തുന്ന കർഷകർക്ക് വെള്ളവും, ശുചി മുറികളും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നാണ് ദില്ലി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.
പൊലീസ് നിര്‍ദ്ദേശം അംഗീകരിച്ച് ഒരു വിഭാഗം കര്‍ഷകര്‍ ഇന്നലെ തന്നെ ദില്ലിയിലേക്ക് പ്രവേശിച്ചു. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ദില്ലി പൊലീസിനെ വിശ്വസിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ജന്തര്‍മന്ദിറിലോ, രാംലീലാ മൈതാനിയിലോ സമരത്തിന് സ്ഥലം നൽകണമെന്ന നിലപാടിൽ ഉറച്ച് വലിയൊരു വിഭാഗം കര്‍ഷകര്‍ ഇപ്പോഴും ദില്ലി-ഹരിയാന അതിര്‍ത്തിയിൽ തുടരുകയാണ്.
ഇതിനിടെ ഇന്നലെ വൈകീട്ടോടെയാണ് സമരം അവസാനിപ്പിക്കണമെന്നും ഡിസംബര്‍ 3 ന് ചര്‍ച്ചയാകാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയത്. എന്നാൽ നിയമം പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് എല്ലാ കര്‍ഷക സംഘടനകളും.
യുപി, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ കർഷകസംഘടനകളാണ് മാർച്ചിന് നേതൃത്വം നൽകുന്നത്. കൊടും തണുപ്പായതിനാൽ ഭക്ഷണപദാർത്ഥങ്ങളും തീകായാനുള്ള വസ്തുക്കളുമായാണ് കർഷകർ സമരത്തിനെത്തിയത്.
ദില്ലിയിലേക്ക് കടക്കാൻ അനുവദിച്ചില്ലെങ്കിൽ എവിടെയാണോ മാർച്ച് തടയുന്നത് അവിടെയിരുന്ന് വീണ്ടും പ്രതിഷേധിക്കുമെന്ന് കർഷകർ വ്യക്തമാക്കി. കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ കര്‍ഷക സംഘടനകളുമായി നടത്തിയ ആദ്യഘട്ട ചർച്ചകള്‍ പരാജയമായിരുന്നു.
അന്ന് നടത്തിയ ചര്‍ച്ചകളിലെല്ലാം പുതിയ കര്‍ഷക നിയമം പിന്‍വലിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ നിലപാട്. ഇതേത്തുടർന്നാണ് വൻ പ്രതിഷേധറാലിയ്ക്ക് കർഷകർ തയ്യാറായത്.
കര്‍ഷകരുടെ മാര്‍ച്ചിന്റെ രണ്ടാം ദിവസം സംസ്ഥാനത്തെ ഒന്‍പത് സ്റ്റേഡിയങ്ങള്‍ അറസ്റ്റ് ചെയ്യുന്ന കര്‍ഷകരെ പാര്‍പ്പിക്കാനായി താത്ക്കാലിക ജയിലുകളാക്കാന്‍ അനുവദിക്കണമെന്ന് ദില്ലി പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദില്ലി പൊലീസിന്‍റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളി.
കര്‍ഷക സമരത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേഡിയങ്ങള താത്ക്കാലിക ജയിലുകളാക്കാനുള്ള നടപടിയുമായി ദില്ലി പൊലീസ് മുന്നോട്ട് വന്നത്. ദില്ലി അതിര്‍ത്തിയിലെ സാഹചര്യം മുന്‍കൂട്ടി കണ്ടായിരുന്നു പൊലീസിന്‍റെ നീക്കം.
എന്നാല്‍, കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അവരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ താമസം വിനാ നടപ്പിലാക്കണമെന്നുമാണ് ദില്ലി പൊലീസിന്‍റെ ആവശ്യത്തോട് ദില്ലി ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ പ്രതികരിച്ചത്.
പ്രശ്ന പരിഹാം കര്‍ഷകരെ ജയിലിലാക്കുക എന്നതല്ലെന്ന് കടുത്ത നിലപാടില്‍ ദില്ലി സംസ്ഥാന സര്‍ക്കാര്‍ നിലയുറപ്പിച്ചതോടെ പൊലീസിന് പിന്മാറാതെ നിവര്‍ത്തിയില്ലെന്നായി. സമാധാനപരമായി പ്രതിഷേധിക്കാന്‍ ഭരണഘടനയനുസരിച്ച് ഓരോ ഇന്ത്യക്കാരനും അവകാശമുണ്ടെന്നും സത്യേന്ദ്ര ജെയ്ന്‍ വിശദമാക്കിയിരുന്നു.
ദില്ലി പൊലീസിന്‍റെ ആവശ്യം നിരാകരിക്കണമെന്ന് ആം ആദ്മി നേതാവ് രാഘവ് ചന്ദയും ആവശ്യപ്പെട്ടിരുന്നു. അതിനിടെ ഇന്നലെ 105 -ഓളം കര്‍ഷകരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യ്തിരുന്നു.
സമരത്തിന്റെ ആദ്യ ദിനം തന്നെ കര്‍ഷക സംഘടനാ നേതാവായ കൃഷ്ണപ്രസാദിനെയും ജിതേന്ദ്ര യാദവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൂടുതല്‍ കര്‍ഷക സംഘടനകള്‍ ദില്ലിയിലേക്ക് എത്തുന്നതോടെ കസ്റ്റഡിയിലെടുക്കുന്നവരുടെ എണ്ണവും കൂടുമെന്നും ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് കര്‍ഷകരെ ദില്ലിയിലേക്ക് കടക്കാന്‍ അനുവദിക്കാമെന്ന നിലപാടിലേക്ക് കേന്ദ്ര സര്‍ക്കാറിന് നേരിട്ട് നിയന്ത്രണമുള്ള ദില്ലി പൊലീസ് നിലപാട് മാറ്റിയത്.
ജന്തര്‍മന്തിറിലേക്ക് പോകാന്‍ അനുവദിക്കണമെന്നാവശ്യവുമായി സമരത്തിന്റെ മൂന്നാം ദിവസമായ ഇന്നും ആയിരക്കണക്കിന് സമരക്കാര്‍ ദില്ലി അതിര്‍ത്തിയില്‍ തമ്പടിക്കുകയാണ്.