Heavy Rain | അതിതീവ്ര മഴ; ആന്ധ്രയില്‍ 27 മരണം, 100 -ഓളം പേരെ കാണാനില്ല
ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആന്ധ്രയിലുണ്ടായ (Andrapradesh) മഴക്കെടുതിയിൽ (Heavy Rain) മരിച്ചവരുടെ എണ്ണം 27 ആയി. ആനന്തപുരിൽ കെട്ടിടം തകർന്ന് രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു. ചിറ്റൂരിൽ ഒഴുക്കിൽപ്പെട്ട് ഏഴ് പേരാണ് മരിച്ചത്. നന്തല്ലൂരിൽ 25 പേരെ കാണാതായി. കഡപ്പയിൽ ബസുകൾ ഒഴുക്കിൽപ്പെട്ട് കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. 18 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ദേശീയ ദുരന്ത പ്രതികരണ സേനയുടെ (National Disaster Response Force) കൂടുതല്‍ അംഗങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചു. ആന്ധ്രയിലെ വിവിധ നദികളില്‍ നിന്ന് 12 മൃതദേഹങ്ങള്‍ കണ്ടെടുത്തു. അതേ സമയം 100 -ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ പുതുച്ചേരിക്കും ചെന്നൈയ്ക്കും ഇടയിൽ വടക്കൻ തമിഴ്‌നാടിനെയും അതിനോട് ചേർന്നുള്ള തെക്കൻ ആന്ധ്രാപ്രദേശ് തീരത്തെയും കടന്ന ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്തിൽ നെല്ലൂർ, ചിറ്റൂർ, കടപ്പ, അനന്തപൂർ ജില്ലകളിൽ വെള്ളിയാഴ്ച ശക്തമായ മഴ പെയ്തു.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. തിരുപ്പതി ക്ഷേത്രപരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. മണ്ണിടിച്ചിലില്‍ റോഡ് തകര്‍ന്നതോടെ തിരുപ്പതിയിലേക്കുള്ള സന്ദര്‍ശനം തല്‍ക്കാലത്തേക്ക് വിലക്കി.
ക്ഷേത്ര നഗരിയിലെ ഉപക്ഷേത്രങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ നൂറ് കണക്കിന് തീര്‍ത്ഥാടകരാണ് കുടുങ്ങിയിരിക്കുന്നത്. ഹോട്ടലുകളിലും വഴിയിലും ഒറ്റപ്പെട്ട തീര്‍ത്ഥാടകരെ സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി.'
ക്ഷേത്രനഗരമായ തിരുപ്പതിയിലെ എഴുപത് ശതമാനം പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. പ്രസിദ്ധമായ വെങ്കടേശ്വര ക്ഷേത്രം, കപീലേശ്വര ക്ഷേത്രം , ആജ്ഞനേയ ക്ഷേത്രം എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. '
ക്ഷേത്രത്തിലേക്കുള്ള വൈകുണ്ഠം ക്യൂ കോംപ്ലക്‌സിലൂടെ കനത്ത വെള്ളപ്പാച്ചിലാണുണ്ടായത്. ഉപക്ഷേത്രങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. തിരുപ്പതി ക്ഷേത്രത്തിന് സമീപത്തുള്ള നാല് തെരുവുകളും വെള്ളത്തിനടിയിലായി.
വെള്ളിയാഴ്ച കടപ്പ ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ആന്ധ്രാപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ (എപിഎസ്ആർടിസി) മൂന്ന് ബസുകൾ കുടുങ്ങി. ഈ ബസുകളിലുണ്ടായിരുന്ന 12 പേർ മരിക്കുകയും 18 പേരെ കാണാതാവുകയും ചെയ്തു.
12 മൃതദേഹങ്ങൾ പുറത്തെടുത്ത രക്ഷാപ്രവർത്തകർ രാജംപേട്ട മേഖലയിൽ കാണാതായവർക്കായി തിരച്ചിൽ നടത്തുകയാണ്. മണ്ട്പല്ലെ, അകെപാടു, നന്ദലുരു വില്ലേജുകളിലാണ് ബസുകൾ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയത്. റോഡുകളിലേക്ക വെള്ളം കയറിയതിനെ തുടര്‍ന്ന് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമൊപ്പം യാത്രക്കാരും ബസുകളുടെ മുകളിൽ കയറിയിരുന്നു.
ശക്തമായ ഒഴുക്കായിരുന്നിട്ടും പ്രദേശവാസികൾ കുറച്ച് പേരെ രക്ഷപ്പെടുത്തി. എന്നാല്‍, ശക്തമായ ഒഴുക്കില്‍ ബസുകളും പെട്ടതോടെ യാത്രക്കാരും ഒഴുകിപ്പോവുകയായിരുന്നു. ഇവിടെ മാത്രം 30 -ഓളം പേര്‍ ഒഴുക്കില്‍പ്പെട്ടു.
നന്ദലൂരിന് സമീപം ആർടിസി ബസിൽ നിന്ന് മൂന്ന് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഏഴ് മൃതദേഹങ്ങൾ ഗുണ്ട്‌ലൂരിൽ നിന്നും മൂന്ന് മൃതദേഹങ്ങൾ റായവരത്ത് നിന്ന് കണ്ടെത്തി.
ജില്ലയിലെ അന്നമയ്യ റിസർവോയർ തകർന്നതിനെത്തുടർന്ന് സമീപത്തെ ഗുണ്ട്‌ലൂർ, ശേഷമാംബപുരം, മണ്ട്പല്ലെ ഗ്രാമങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. കരകവിഞ്ഞൊഴുകിയ തോട് നന്ദുലൂർ, രാജമ്പേട്ട തുടങ്ങിയ പ്രദേശങ്ങളിലും വെള്ളത്തിനടിയിലാക്കി. '
അതിനിടെ, അനന്തപൂർ ജില്ലയിലെ ചിത്രാവതി നദിയിൽ കുടുങ്ങിയ 10 പേരെ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), റവന്യൂ, ഫയർ സർവീസ്, നീന്തൽ വിദഗ്ധർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതായി പൊലീസ് അറിയിച്ചു.
അരുവികൾ, തോടുകൾ, ടാങ്കുകൾ, ജലസംഭരണികൾ എന്നിവ കരകവിഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കനത്ത മഴയിൽ ജനജീവിതം ഏതാണ്ട് പൂര്‍ണ്ണമായും സ്തംഭിച്ചു.
ദുരന്തബാധിത ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അധികൃതർ അവധി പ്രഖ്യാപിച്ചു. നെല്ലൂർ, ചിറ്റൂർ, കടപ്പ ജില്ലകളിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ മൂന്ന് സ്‌പെഷ്യൽ ഓഫീസർമാരെ സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി വൈ.എസ്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ജഗൻ മോഹൻ റെഡ്ഡി ഇന്ന് (20.11.'21) വ്യോമനിരീക്ഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കടപ്പ, ചിറ്റൂർ, നെല്ലൂർ ഉൾപ്പെടെയുള്ള കനത്ത മഴക്കെടുതിയിൽ നാശം വിതച്ച പ്രദേശങ്ങളിൽ മുഖ്യമന്ത്രി അതാത് ജില്ലാ കളക്ടർമാരുമായി മഴക്കെടുതി അവലോകനം ചെയ്യും.