ബുറേവി ചുഴലിക്കാറ്റ് ; ജാഗ്രതയോടെ, തയ്യാറെടുപ്പോടെ കേരളം
First Published Dec 4, 2020, 1:47 PM IST
തമിഴ്നാട്ടിലെ തൂത്തുക്കുടി വഴിഇന്ത്യന്‍ ഉപദ്വീപില്‍ കടന്ന ബുറേവി ഉഷ്ണമേഖലാ ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞെങ്കിലും ആശങ്കയകലെയല്ലെന്ന് അധികാരികള്‍. ചുഴലിക്കാറ്റിന്‍റെ തീവ്രത കുറയുന്നതോടെ മഴ കനക്കാനാണ് സാധ്യത. എത്രദിവസം, എത്രയളവില്‍ മഴ പെയ്യുമെന്ന് ഇപ്പോള്‍ പറയാനാകില്ല. ബുറേവി സംബന്ധിച്ച ആശങ്ക ഒഴിഞ്ഞെങ്കിലും മുൻകരുതൽ നടപടികൾ തുടരുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. നാളെ പുലർച്ചെ വരെയുള്ള സമയം നിർണ്ണായകമാണ്. മാറ്റിപ്പാർപ്പിച്ചവർ അതാത് ഇടങ്ങളിൽ തന്നെ തുടരുമെന്നും മന്ത്രി പറഞ്ഞു. അതിതീവ്ര ന്യൂനമർദ്ദം ന്യൂനമർദ്ദമായി മാറുകയും കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചയിടങ്ങളിൽ യെല്ലോ അലർട്ടായി മാറുകയും ചെയ്ത സാഹചര്യത്തിലും മഴ പെയ്യാനുള്ള സാധ്യതയാണുള്ളത്. മഴയുടെ തീവ്രതയോ ശക്തിയോ സംബന്ധിച്ച് മുൻകൂട്ടി പ്രവചിക്കുക സാധ്യമല്ല. മഴ കുറച്ച് ദിവസത്തേക്ക് ഉണ്ടാകുമോ ഇന്ന് മുതൽ പെയ്യുമോ അതിന്‍റെ തീവ്രത എങ്ങനെയാവും എന്നൊക്കെയുള്ള കാര്യങ്ങൾ വിലയിരുത്തിയാകും മുന്നോട്ടുള്ള നടപടികളെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിൽ പറഞ്ഞു. ബുറേവി ഉഷ്ണമേഖലാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളം ശക്തമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രിയും പുറഞ്ഞു. കാറ്റിന്‍റെ ഗതി മാറിയതിനെ തുടര്‍ന്ന് മുന്‍കരുതാലായി പെന്‍മുടി ആനപ്പാറയിലെ കോളനിയില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അക്ഷയ്.

ഇന്നലെ വൈകീട്ടോടെ തമിഴ്നാടിന്‍റെ തെക്കന്‍ തീരമായ രാമേശ്വരത്തെത്തി ചേര്‍ന്നതോടെ ശക്തി കുറഞ്ഞെങ്കിലും ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ബുറേവിയുടെ സ്വാധീനത്തില്‍ തെക്കന്‍ തമിഴ്നാട്ടിലെ മിക്ക സ്ഥലങ്ങളിലും കനത്ത മഴപെയ്യുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും വെള്ളത്തില്‍ മുങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട് . കേരളത്തില്‍ ബുറേവി എന്ത് മാത്രം നാശനഷ്ടമുണ്ടാക്കുമെന്ന് ഇപ്പോള്‍ പറയാറാകില്ലെങ്കിലും സംസ്ഥാനം എല്ലാ മുന്‍കരുതലും കൈക്കൊണ്ടു. നാളെ രാവിലെയോടെയോ ഉച്ചയോടെയോ ബുറെവി കേരളത്തിലേക്ക് പ്രവേശിച്ചേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ചുഴലിക്കാറ്റിനെ നേരിടാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചിരുന്നു. ഇന്ത്യൻ തീരത്ത് പ്രവേശിക്കുമ്പോൾ ചുഴലിക്കാറ്റിന്‍റെ അകത്തെ കാറ്റിന്‍റെ പരമാവധി വേഗത 70 മുതൽ 80 കിമീ വരെയാകുമെന്ന് കരുതുന്നു. കരയിലൂടെ സഞ്ചരിക്കുന്നതോടെ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്രന്യൂന മർദ്ദമായിമാറിയാകും കേരളത്തിലെത്തുക. ഇവിടെ നിന്ന് അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. നിലവിലെ സഞ്ചാരപഥത്തിലൂടെ ബുറേവി ചുഴലിക്കാറ്റ് സഞ്ചരിച്ചാൽ, കൊല്ലം, തിരുവനന്തപുരം അതിർത്തി പ്രദേശങ്ങളിലൂടെ നാളെ പകൽ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കണക്കുകൂട്ടൽ.
Post your Comments