കൊവിഡ് രോഗാണുവാഹക കത്തുകള്‍ ലഭിക്കാന്‍ സാധ്യത; ലോകരാജ്യങ്ങള്‍ക്ക് ഇന്‍റര്‍പോളിന്‍റെ മുന്നറിയിപ്പ്
കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾക്ക് മുന്നിറിയിപ്പുമായി ഇന്റർപോൾ. രാഷ്ട്രീയ നേതാക്കള്‍ക്ക് കൊവിഡ് രോഗാണുവാഹക കത്തുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് ഇന്‍റര്‍ പോളിന്‍റെ നിര്‍ദേശം.
കൊവിഡുമായി ബന്ധപ്പെട്ട് ഇന്‍റര്‍പോള്‍ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിലാണ് മുന്നറിയിപ്പുകള്‍ നല്‍കുന്നത്.
ഇന്ത്യ ഉൾപ്പെടെ 194 രാജ്യങ്ങൾക്കാണ് ജാഗ്രത നിർദേശം നല്‍കിയിരിക്കുന്നത്.
രാഷ്ട്രീയ നേതാക്കള്‍ക്ക് കൊവിഡ് രോഗാണുവാഹക കത്തുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് ഇന്‍റര്‍ പോളിന്‍റെ നിര്‍ദേശം.
നേരത്തെ ആന്ത്രാക്സ് രോഗം പടർന്ന സാഹചര്യത്തിൽ ഇത്തരത്തിൽ രോഗാണുവാഹക കത്തുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
നിലവിലെ കൊവിഡ് സാഹചര്യത്തിൽ അത്തരത്തിലുള്ള സാധ്യതകളുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദ്ദേശം.
അതേസമയം, ഹരിയാന,രാജസ്ഥാൻ, ഗുജറാത്ത്,മണിപ്പൂർ എന്നീ നാല് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സംഘത്തെ അയച്ചിട്ടുണ്ട്.
കൊവിഡ് രൂക്ഷമായ ജില്ലകളിൽ സംഘം സന്ദർശനം നടത്തുകയും സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ട പിന്തുണ നൽകുകയും ചെയ്യാനാണ് സംഘത്തെ അയച്ചിരിക്കുന്നത്.
കൊവിഡ് 19 രൂക്ഷമായ മറ്റ് സംസ്ഥാനങ്ങളിലേക്കും ഉന്നതതല സംഘത്തെ അയക്കാൻ കേന്ദ്രം ആലോചിക്കുന്നുണ്ട്.
ഇതിനിടെ രാജ്യത്ത് ഫെബ്രുവരിയോടെ ആദ്യഘട്ട കൊവിഡ് വാക്സിൻ വിതരണത്തിന് എത്തുമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കുമാണ് ആദ്യഘട്ടത്തില്‍ മരുന്ന് നൽകുക. ഏപ്രിലോടെ മറ്റുള്ളവർക്കും വാക്സിൻ വിതരണത്തിന് എത്തിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
രണ്ട് ഡോസ് മരുന്നിന് പരമാവധി 1000 രൂപയാണ് പ്രതീക്ഷിക്കുന്നതെന്നും സീറം വ്യക്തമാക്കി.