- Home
- News
- India News
- അഫ്ഗാനില്‍ നിന്ന് മലയാളികളും സിഖ് വംശജര്‍ അടക്കമുള്ളവരും സുരക്ഷിതരായി തിരിച്ചെത്തി
അഫ്ഗാനില്‍ നിന്ന് മലയാളികളും സിഖ് വംശജര്‍ അടക്കമുള്ളവരും സുരക്ഷിതരായി തിരിച്ചെത്തി
ഗാസിയാബാദിലെ ഇന്ത്യന്‍ വ്യോമസേന എയര്‍ഫോഴ്സ് സ്റ്റേഷനായ ഹിന്‍റൺ ബേസിൽ സി 17 വിമാനത്തിലാണ് അഫ്ഗാനില്‍ നിന്നുള്ളവരെ ഇന്ന് എത്തിച്ചത്. 168 പേരാണ് ഇന്ന് എത്തി ചേര്‍ന്നത്. ഇതില്‍ 107 പേര്‍ ഇന്ത്യാക്കാരാണ്. ഇന്ത്യാക്കാരില്‍ 50 പേര്‍ മലയാളികളും. ബാക്കിയുള്ള 61 പേര്‍ അഫ്ഗാന്‍ പൌരന്മാരാണ്. മലയാളികളും സിഖ് വംശജരും അഫ്ഗാനിസ്ഥാനിലെ എം പിമാരടക്കമുള്ളവരും ഇന്നെത്തിയ സംഘത്തിലുണ്ട്. ഇവരുടെ എമിഗ്രേഷനുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശരിയാക്കിയശേഷം ഇവരെ ദില്ലിയിലേക്ക് കൊണ്ട് പോയി. ദില്ലിയില്‍ നിന്ന് അഫ്ഗാന്‍ പൌരന്മാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷിജോ ജോര്‍ജ്ജ് , ധനേഷ് രവീന്ദ്രന്‍.

അഫ്ഗാനിസ്ഥാനിലെ സിഖ് വംശജരെയടക്കം പ്രത്യേക പരിഗണന നല്‍കി ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ഖാസിയാബാദില്‍ നിന്നുള്ള സിഖ് സംഘടനകള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സിഖ് വംശജരെ സ്വീകരിക്കാനായി ഇന്ത്യന്‍ എയര്‍ഫോഴ്സ് സ്റ്റേഷനിലെത്തിയിരുന്നു.
താലിബാന്‍ ഭരണം ഏറ്റെടുത്ത അഫ്ഗാനിസ്ഥാനില്‍ ഇപ്പോൾ ഭീതിദമായ അവസ്ഥയെന്ന് കാബൂളില്‍ നിന്നെത്തിയ മലയാളി രാജീവൻ ദീദില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏതുവിധേനയും രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങള്‍. വിമാനത്താവളത്തിലേക്ക് എത്താൻ മണിക്കൂറുകള്‍ വേണ്ടിവന്നതായി രാജീവന്‍ പറഞ്ഞു.
തങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകി. നോർക്ക സിഇഒ നിരന്തരം ബന്ധപ്പെട്ട് സഹായം നൽകിയെന്നും രാജീവന്‍ പറഞ്ഞു.
താലിബാനില്‍ നിന്ന് ന്യൂനപക്ഷമായ സിഖുക്കാരെയും തന്നെയും രക്ഷപ്പെടുത്തിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ വ്യോമസേനയ്ക്കും അഫ്ഗാനിസ്ഥാന്‍ എംപി നരേന്ദര്‍ സിംഗ് ഖല്‍സ നന്ദി പറഞ്ഞു.
ഇന്നലെ രാത്രിയാണ് നരേന്ദര്‍ അടക്കമുള്ളവരെ വ്യോമസേന രക്ഷിച്ചത്. 2018 ല്‍ ജലാലബാദിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടയാളാണ് നരേന്ദറിന്‍റെ പിതാവ് അവതാര്‍ സിംഗ്.
കഴിഞ്ഞ 17 -ാം തിയതി മാധ്യമപ്രവര്‍ത്തകരടക്കമുള്ള 108 പേരുടെ ആദ്യ സംഘത്തെ അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ചിരുന്നു.
എന്നാല്‍ രണ്ട് ദിവസങ്ങളായി ഇന്ത്യയുടെ രക്ഷാദൌത്യം നിലച്ച അവസ്ഥയിലായിരുന്നു. ഇന്ന് വീണ്ടും പുതിയ സംഘത്തെ കൊണ്ടുവരാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു.
ഇനിയുള്ള ദിവസങ്ങളിലും രക്ഷാദൌത്യം തുടരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവരെയായി മൂന്നൂറോളം പേരെയാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
ഇനിയും അഞ്ഞൂറിലേറെ ഇന്ത്യന്‍ പൌരന്മാര്‍ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.
അടുത്ത ദിവസങ്ങളില്‍ ഇവരെ ഇന്ത്യയിലെക്കെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.
എയര്‍ഫോഴ്സിന്‍റെ സി 17 വിമാനങ്ങളിലാണ് അഫ്ഗാനില്‍ നിന്നുള്ളവരെ എത്തിക്കുന്നത്. അഫ്ഗാൻ രക്ഷാദൗത്യത്തിന്‍റെ ഭാഗമായി ഇന്ന് മാത്രം 390 പേരെയാണ് ഇന്ത്യയിലെത്തിച്ചത്.
വ്യോമസേനയുടെ വിമാനത്തിൽ തിരിച്ചെത്തിച്ച 168 പേരെ ഇന്നലെ താലിബാൻ തടഞ്ഞുവെച്ചതായി വാർത്തകളുണ്ടായിരുന്നു. ഇവരെ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് താലിബാൻ വിട്ടയച്ചത്.
മലയാളികൾക്കൊപ്പം ദില്ലിയിലെത്തിയ സംഘത്തിൽ എംപിമാർ അടക്കമുള്ള അഫ്ഗാൻ പൗരൻമാരുമുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 222 പേർ ഇന്ത്യയിൽ ഇന്ന് രാവിലെ തിരിച്ചെത്തിയിരുന്നു.
താജിക്കിസ്ഥാനിൽ നിന്നും ഖത്തറിൽ നിന്നുമാണ് വിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തിയത്. ഇന്ത്യക്കാർക്കൊപ്പം രണ്ട് നേപ്പാൾ പൗരൻമാരെയും തിരിച്ചെത്തിച്ചിരുന്നു.
അമേരിക്കൻ വിമാനങ്ങളിൽ ദോഹയിൽ എത്തിയ 135 പേരെയാണ് ഇവിടെ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ദില്ലിയിലേക്ക് എത്തിച്ചത്.
കാബൂളിൽ നിന്ന് നാട്ടിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്നവരെ എത്തിക്കാൻ ഊർജിതമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.
മലയാളികളെ മോചിപ്പിച്ചതിന് വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചു.
തിരിച്ചു വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അഞ്ഞൂറിലേറെ ആളുകൾ ഇനിയും കാബൂളിൽ ഉണ്ടെന്ന് കരുതുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam