ഇന്ത്യയിലേക്ക് പറന്നിറങ്ങാന്‍ റഫാല്‍; നാളെയെത്തും
ഇന്ത്യയിലേക്ക് പുറപ്പെട്ട റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് യുഎഇയിലെ ഫ്രഞ്ച് എയർ ബേസിൽ എത്തി. അൽ ദഫ്റാ എയർ ബേസിൽ നിന്ന് നാളെയാകും വിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെടുക. ഇന്നലെ ഫ്രാൻസിലെ മെറിഗ്നാക് വ്യോമതാവളത്തിൽ ഇന്ത്യൻ അംബാസഡറാണ് അഞ്ച് റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് ഫ്ലാഗ് ഓഫ് ചെയ്തത്. 1990 സുഖോയ് വാങ്ങിത്തുടങ്ങിയതിന് ശേഷം ഇന്ത്യയിലേക്ക് എത്തുന്ന പുതിയ തരം വിദേശ ജെറ്റുകളുടെ ആദ്യ വരവാണിത്.
36 വിമാനങ്ങളുടെ കരാറാണ് ഇന്ത്യ ഫ്രാൻസുമായി ഒപ്പ് വച്ചത്. ഇന്ത്യയിലേക്കുള്ള സംഘത്തിനൊപ്പം എൻജിനീയറിങ് ക്രൂ അംഗങ്ങളുമുണ്ട്.
പതിനേഴാം ഗോൾഡൻ ആരോസ് സ്ക്വാഡ്രനിലെ കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെ ഏഴ് ഇന്ത്യൻ പൈലറ്റുമാരാണ് വിമാനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.
ഏഴ് പൈലറ്റുമാരിൽ ഒരാൾ മലയാളിയാണ്. എന്നാൽ സംഘാംഗങ്ങളെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ വ്യോമസേന പുറത്തുവിട്ടില്ല.
ജെറ്റ് വിമാനങ്ങളെ സ്വാഗതം ചെയ്യുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ അംബാലയിലെ വ്യോമതാവളത്തിൽ തയാറാക്കിയതായി വ്യോമസേന അറിയിച്ചു.
ഇന്ത്യയും ഫ്രാൻസും തമ്മിലൊപ്പിട്ട റഫാൽ യുദ്ധവിമാനകരാറിന്‍റെ ഭാഗമായി ഫ്രാൻസിൽ നിർമ്മിച്ച അഞ്ച് യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ചാണിത്. മൂന്ന് സിംഗിൾ സീറ്ററും രണ്ട് ഇരട്ട സീറ്റർ വിമാനങ്ങളും ഈ അഞ്ചിൽ ഉൾപ്പെടുന്നു.
ഹരിയാന അമ്പാലയിലെ വ്യോമത്താവളത്തിൽ നാളെ എത്തുന്ന വിമാനങ്ങൾ വൈകാതെ തന്നെ ലഡാക്ക് മേഖലയിൽ വിന്യസിക്കുമെന്നാണ് റിപ്പോർട്ടുകൾ.
വിമാനങ്ങൾ പറത്താനായി വ്യോമസേനയുടെ പന്ത്രണ്ട് പൈലറ്റുമാർ പരിശീലനം നേടിക്കഴിഞ്ഞു. 36 പൈലറ്റുമാർക്കാണ് ഇതിനായി ആകെ പരിശീലനം നൽകുന്നത്.
വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ 2016 സെപ്തംബറിലാണ് ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാറായത്.
അഞ്ചര വര്‍ഷത്തിനകം 36 വിമാനങ്ങളും കൈമാറണമെന്നാണ് വ്യവസ്ഥ. ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാൽ.
വായുവില്‍ നിന്നും വായുവിലേക്ക്, വായുവില്‍ നിന്ന് കരയിലേക്ക് എന്നിങ്ങനെ വിവിധ മുഖ ആക്രമണ ശേഷിയുള്ള യുദ്ധവിമാനമാണിത്.
മേയ് അവസാനത്തോടെ രാജ്യത്ത് എത്തേണ്ടിയിരുന്ന റഫാൽ വിമാനങ്ങൾ കോവിഡ് പശ്ചാത്തലത്തിലാണു വൈകിയത്.
ഇതിനിടെ കാര്‍ഗില്‍ വിജയ് ദിവസില്‍ ഇന്ത്യന്‍ സേനയ്ക്ക് ആദരം അര്‍പ്പിച്ച് ഫ്രാന്‍സ്. ഫ്രാന്‍സ് എക്കാലത്തും ഇന്ത്യക്കൊപ്പം നിലകൊണ്ട രാജ്യമാണെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനൈന്‍ പറഞ്ഞു. ( ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനൈന്‍ ട്വിറ്ററില്‍ പങ്കുവച്ച ചിത്രം.)
കാര്‍ഗില്‍ യുദ്ധത്തില്‍ ഉപയോഗിച്ച മിറാഷ് 2000 മുതല്‍ റഫാല്‍ വരെ ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ പങ്കാളിത്തത്തിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനെതിരെയുള്ള കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ സ്മരണാര്‍ത്ഥം ജൂലായ് 26 ഇന്ത്യ കാര്‍ഗില്‍ വിജയ് ദിവസമായി ആചരിച്ചിരുന്നു.