- Home
- News
- International News
- Ukraine War: തെക്കും കിഴക്കും കീഴടക്കിയാല്‍ യുക്രൈന്‍റെ പടിഞ്ഞാറേക്ക് നീങ്ങുമെന്ന് റഷ്യന്‍ ജനറല്‍
Ukraine War: തെക്കും കിഴക്കും കീഴടക്കിയാല്‍ യുക്രൈന്‍റെ പടിഞ്ഞാറേക്ക് നീങ്ങുമെന്ന് റഷ്യന്‍ ജനറല്‍
യുക്രൈന്‍ അധിനിവേശം രണ്ട് മാസം പിന്നിടുമ്പോള്‍ റഷ്യയുടെ സൈനിക നീക്കം ഇനിയും നീളുമെന്ന് സൂചന. യുക്രൈന്‍ തലസ്ഥാനമായ കീവ് തങ്ങളുടെ ലക്ഷ്യമല്ലെന്നായിരുന്നു യുദ്ധം ആരംഭിച്ച് അമ്പത്തിയഞ്ച് ദിവസങ്ങള്‍ക്ക് ശേഷം കീവില്‍ നിന്നും പിന്‍വാങ്ങുമ്പോള്‍ റഷ്യ പറഞ്ഞിരുന്നത്. തുടര്‍ന്ന് യുക്രൈന്‍റെ തെക്ക് കിഴക്കന്‍ മേഖലയായ ഡോണ്‍ബോസില്‍ റഷ്യ ആക്രമണം കടുപ്പിച്ചു. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് യുക്രൈന്‍റെ തെക്കന്‍ തീരദേശനഗരമായ മരിയുപോള്‍ കീഴടക്കിയതായി റഷ്യ അവകാശവാദമുന്നയിച്ചത്. യുക്രൈന്‍റെ തെക്ക് കിഴക്കന്‍ മേഖലയില്‍ റഷ്യ അതിശക്തമായ മിസൈല്‍ അക്രമണമാണ് നടത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെയാണ് തെക്കന്‍ യുക്രൈനില്‍ നിന്നും പടിഞ്ഞാന്‍ യുക്രൈനിലെ റഷ്യന്‍ വിമതമേഖലയായ ട്രാൻസ്നിസ്ട്രിയയിലേക്ക് സൈനിക നീക്കം വ്യപിപ്പിക്കാന്‍ റഷ്യ തയ്യാറാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. അങ്ങനെയാണെങ്കില്‍ റഷ്യ അക്രമിക്കുന്ന രണ്ടാമത്തെ രാജ്യമായി മാള്‍ഡോവ (Moldova)മാറും.

തെക്കൻ യുക്രൈന്‍റെയും കിഴക്കൻ ഡോൺബാസ് മേഖലയുടെയും പൂർണ നിയന്ത്രണം ഏറ്റെടുക്കാനാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് മുതിർന്ന റഷ്യൻ മേജർ ജനറൽ റുസ്തം മിനെകയേവ് (Maj Gen Rustam Minnekayev) പറഞ്ഞതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. 2014 ല്‍ റഷ്യ പിടിച്ചെടുത്ത ക്രിമിയന്‍ ദ്വീപിലേക്ക് യുക്രൈന്‍റെ തെക്കന്‍ പ്രദേശത്ത് നിന്ന് കരമാര്‍ഗ്ഗം തന്നെ വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈന്‍റെ തെക്കന്‍ തീരം വഴി പടിഞ്ഞാന്‍ യുക്രൈന്‍ അതിര്‍ത്തിയായ മോൾഡോവയിലെ റഷ്യൻ പിന്തുണയുള്ള വിഘടനവാദ മേഖലയായ ട്രാൻസ്നിസ്ട്രിയയിലേക്ക് നേരിട്ട് കടന്നുചെല്ലാന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. യുക്രൈന്‍റെ പടിഞ്ഞാറൻ അതിർത്തിയോട് ചേർന്നുള്ള ഒരു ചെറിയ പ്രദേശമാണ് ട്രാൻസ്നിസ്ട്രിയ (Transnistria).
എന്നാല്‍, ജനറല്‍ മിനെകയേവിന്‍റെ അഭിപ്രായങ്ങള്‍ക്ക് റഷ്യയുടെ ഔദ്ധ്യോഗിക അനുമതിയുണ്ടോയെന്ന് വ്യക്തമല്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ യുക്രൈന്‍ സൈനിക നീക്കത്തിന് കാരണമായി പ്രസിഡന്‍റ് പുടിന്‍ പറഞ്ഞത്, തെക്ക് കിഴക്കന്‍ യുക്രൈനിലെ റഷ്യന്‍ വംശജരെ യുക്രൈന്‍ വംശഹത്യ ചെയ്യുന്നുവെന്നാതായിരുന്നു. ഇവരുടെ മോചനമാണ് തങ്ങളുടെ ലക്ഷ്യമെന്നും അന്ന് പുടിന്‍ അവകാശപ്പെട്ടിരുന്നു.
റഷ്യയുടെ യുദ്ധനീക്കത്തെ കുറിച്ച് ഇന്‍റർഫാക്‌സ്, ടാസ് വാർത്താ ഏജൻസികൾ ഉൾപ്പെടെയുള്ള റഷ്യൻ സ്റ്റേറ്റ് മീഡിയയിൽ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ ജനറലിന്‍റെ അഭിപ്രായങ്ങൾ തങ്ങൾ "പരിശോധിക്കുക"യാണെന്നാണ് റഷ്യൻ പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു,
ജനറലിന്‍റെ വാക്കുകള്‍ സ്ഥിരീകരിച്ചാല്‍, രണ്ട് മാസം പൂര്‍ത്തിയാകുന്ന റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്‍റെ പുതിയ ദിശയെ കുറിച്ചുള്ള ആദ്യ സൂചനയായിരിക്കും ഇതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ കിഴക്കന്‍ യുക്രൈനിലും തെക്കന്‍ തീരത്തും വരും ദിവസങ്ങളില്‍ റഷ്യ അക്രമണം ശക്തമാക്കാന്‍ സാധ്യതയുണ്ടെന്ന് ഒരു മുതിർന്ന യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
അടുത്ത രണ്ടാഴ്ച യുദ്ധത്തിൽ നിർണായകമായേക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. "ആഴത്തിൽ സംബന്ധിക്കുന്ന" എന്ന വിശേഷണത്തോടെയാണ് യൂറോപ്യൻ യൂണിയന്‍റെ വിദേശകാര്യ മന്ത്രാലയം റഷ്യന്‍ നടപടിയെ വിശേഷിപ്പിച്ചത്.
റഷ്യ ഇപ്പോള്‍ അവകാശവാദമുന്നയിച്ച മോൾഡോവയിലെ ട്രാൻസ്നിസ്ട്രിയന്‍ പ്രദേശം വളരെ കുറച്ച് റഷ്യന്‍ ഭാഷ സംസാരിക്കുന്ന ആളുകള്‍ ജീവിക്കുന്ന പ്രദേശമാണ്. പടിഞ്ഞാറന്‍ യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം കൂടിയാണ് ട്രാൻസ്നിസ്ട്രിയ.
മോള്‍ഡോവന്‍ അതിര്‍ത്തിക്ക് ഉള്ളിലൂടെ ഒഴുകുന്ന ഡൈനിസ്റ്റർ നദിയുടെ (Dniester River) ഇടത് വശത്തുള്ള പ്രദേശമാണിത്. വളരെ ചെറിയ പ്രദേശമാണെങ്കിലും സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം രക്തരൂക്ഷിതമായ ഒരു സംഘട്ടനത്തിൽ ട്രാൻസ്നിസ്ട്രിയ സ്വാതന്ത്രം ആവശ്യപ്പെട്ടെങ്കിലും അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിച്ചില്ല.
അതിനാല്‍ ട്രാൻസ്നിസ്ട്രിയ ഇന്നും ഔദ്യോഗികമായി മോൾഡോവയുടെ ഭാഗമായി തുടരുന്നു. സന്ധി കരാറിന്‍റെ ഭാഗമായി 1995 മുതൽ ഏകദേശം 1,500 ഓളം വരുന്ന റഷ്യൻ സൈനികരുടെ ഒരു ചെറിയ സംഘം ഈ മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്.
റഷ്യയുടെ സെൻട്രൽ മിലിട്ടറി ഡിസ്ട്രിക്റ്റിന്‍റെ ഡെപ്യൂട്ടി കമാൻഡറായ ജനറൽ മിനെകയേവ് ഇന്നലെ സ്വെർഡ്ലോവ്സ്ക് മേഖലയിൽ ഒരു സൈനിക പരിപാടിക്കിടയില്‍ സംസാരിക്കവേയാണ് റഷ്യയുടെ അടുത്ത സൈനിക നീക്കത്തെ കുറിച്ച് വ്യക്തമാക്കിയത്.
"റഷ്യൻ സംസാരിക്കുന്ന ജനസംഖ്യയെ അടിച്ചമർത്തുന്ന വസ്തുതകളാണ് ട്രാൻസ്നിസ്ട്രിയയിലുള്ളത്. ഈ പ്രദേശത്തേക്കുള്ള മറ്റൊരു വഴിയാണ് യുക്രൈന്‍റെ തെക്കന്‍ ഭാഗത്തിന്‍റെ നിയന്ത്രണം". ജനറൽ മിനെകയേവ് പറഞ്ഞു. ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു പുടിന്‍റെ യുക്രൈന്‍ അധിനിവേശം.
കഴിഞ്ഞ ഫെബ്രുവരി 24 ന് യുക്രൈന്‍ അക്രമണത്തിന് കാരണമായി പുടിന്‍ പറഞ്ഞത് തെക്ക് കിഴക്കന്‍ യുക്രൈനിലെ റഷ്യന്‍ വിഭാഗങ്ങളെ യുക്രൈന്‍ കൊലപ്പെടുത്തുന്നുവെന്നാണ്. ഈ പ്രദേശങ്ങളിലെ റഷ്യന്‍ വംശജരുടെ സംരക്ഷണമാണ് തങ്ങളുടെ ലക്ഷ്യം എന്നുമായിരുന്നു.
എന്നാല്‍, ഇത്തരം മനുഷ്യാവകാശ ലംഘനത്തിനെതിരെ തെളിവ് നല്‍കാന്‍ പുടിനോ റഷ്യയോ തയ്യാറായിരുന്നില്ല. ഒടുവില്‍ യുദ്ധം ആരംഭിച്ച് രണ്ട് മാസം പൂര്‍ത്തിയാകുമ്പോളാണ് യുക്രൈന്‍റെ തെക്കന്‍ തുറമുഖ നഗരമായ മരിയുപോള്‍ കീഴടക്കിയതായി റഷ്യ അവകാശപ്പെട്ടത്.
റഷ്യയുടെ സാമ്രാജ്യത്വ മോഹമാണ് യുദ്ധത്തിന്‍റെ പ്രധാനകാരണമെന്നായിരുന്നു യുക്രൈന്‍ ആരോപിച്ചിരുന്നത്. റഷ്യയുടെ അക്രമണത്തിന് മുമ്പ് രാജ്യത്തോട് സംസാരിക്കവേ പ്രസിഡന്‍റ് വോലോഡൈമർ സെലെൻസ്കി (Volodymyr Zelensky) പറഞ്ഞത് ഇപ്രകാരമായിരുന്നു. "യുക്രൈനിലെ റഷ്യൻ അധിനിവേശം ഒരു തുടക്കം മാത്രമാണ്. അതിനുശേഷം അവർ മറ്റ് രാജ്യങ്ങൾ പിടിച്ചെടുക്കാൻ ആഗ്രഹിക്കുന്നു."
റഷ്യൻ അനുകൂലമായ തരംഗം സൃഷ്ടിക്കുന്നതിനായി അധിനിവേശ പ്രദേശങ്ങളിൽ ഒരു കപട സ്വാതന്ത്ര്യ ഹിതപരിശോധന നടത്താൻ റഷ്യ പദ്ധതിയിടുന്നതായും സെലെന്‍സ്കി ആരോപിച്ചു. "ചില ചോദ്യാവലി പൂരിപ്പിക്കാൻ അവർ നിങ്ങളോട് ആവശ്യപ്പെടുകയാണെങ്കിൽ, നിങ്ങളുടെ പാസ്‌പോർട്ട് ഡാറ്റ എവിടെയെങ്കിലും ഉപേക്ഷിക്കുക, ഇത് നിങ്ങളെ സഹായിക്കാനല്ലെന്ന് നിങ്ങൾ അറിയണം," അദ്ദേഹം മുന്നറിയിപ്പ് നൽകി.
'മോസ്കോ അത്തരമൊരു പദ്ധതി നടപ്പാക്കും. അതാണ് യാഥാർത്ഥ്യം. ജാഗ്രത പാലിക്കുക." വരും ആഴ്ചകളിൽ യുക്രൈന്‍റെ തെക്കന്‍ നഗരങ്ങളായ ഖര്‍സണിലും (Kherson) സപ്പോരിജിയയ്ക്കും (Zaporizhzhia) ചുറ്റുമുള്ള അധിനിവേശ പ്രദേശങ്ങളില്‍ ഇത്തരം ഹിതപരിശോധന നടത്താൻ റഷ്യ പദ്ധതിയിട്ടിരുന്നതായി യുക്രൈന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ വക്താവ് ആരോപിച്ചു.
യുഎസ്എസ്ആറില്‍ നിന്നും വേര്‍ പിരിഞ്ഞ ഭൂഭാഗങ്ങളെ വീണ്ടും കൂട്ടിച്ചേര്‍ത്ത് പഴയ റഷ്യന്‍ സാമ്രാജ്യം വീണ്ടെടുക്കയാണ് പുടിന്‍റെ സ്വപ്ന പദ്ധതിയെന്നും ആരോപണമുയര്‍ന്നു. യുക്രൈന്‍ അക്രമണത്തില്‍ പങ്കെടുത്തിരുന്ന റഷ്യയുടെ കൂറ്റന്‍ യുദ്ധക്കപ്പല്‍, യുക്രൈന്‍ മിസൈലാക്രമണത്തില്‍ തകര്‍ത്തതോടെ മൂന്നാം ലോക മഹായുദ്ധം ആരംഭിച്ചെന്നായിരുന്നു റഷ്യന്‍ ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്.
റഷ്യന്‍ സര്‍ക്കാറിന്റെ പ്രചാരണങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന റഷ്യ വണ്‍ ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് യുദ്ധ സാഹചര്യത്തെ മൂന്നാം ലോക യുദ്ധമെന്ന് വിശേഷിപ്പിച്ചത്. തങ്ങളുടെ യുദ്ധക്കപ്പലിന്റെ തകര്‍ച്ചയോടെ മൂന്നാം ലോക മഹായുദ്ധം ആരംഭിച്ചതായാണ് ചാനലിലെ സലെബ്രിറ്റി വാര്‍ത്താ അവതാരകനായ ഓല്‍ഗ സ്‌കബയോവ പറഞ്ഞത്.
'ഇത് ലോകമഹായുദ്ധം തന്നെയാണ്, ഒരു സംശയവും വേണ്ട''- ഓല്‍ഗ രാത്രി ചര്‍ച്ചയ്ക്കിടെ പറഞ്ഞു. ''നമ്മളിപ്പോള്‍ പൊരുതുന്നത് നാറ്റോയോടല്ല, അവരുടെ ആയുധസമ്പത്തുകളോടാണ്'-ഓല്‍ഗ പറഞ്ഞു. യുദ്ധക്കപ്പലിന് എതിരായി നടന്ന ആക്രമണം തങ്ങളുടെ മണ്ണിനു നേര്‍ക്കുള്ള യുദ്ധം തന്നെയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാള്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍, യുക്രൈനില്‍ നടത്തുന്ന ആക്രമണത്തെ റഷ്യ ഇതുവരെ ഔദ്യോഗികമായി യുദ്ധം എന്ന് വിശേഷിപ്പിച്ചിട്ടില്ല. അതിനു പകരം, 'പ്രത്യേക സൈനിക നടപടി' എന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്. ഇക്കാര്യം ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാള്‍ സൂചിപ്പിച്ചപ്പോള്‍, നമ്മളല്ല യുദ്ധം ചെയ്യുന്നത് ശത്രുക്കളാണെന്നായിരുന്നു അവതാരകന്‍റെ തിരുത്ത്. ചര്‍ച്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അവതാരകനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam