- Home
- News
- International News
- Ashraf Ghani's flee: അഫ്ഗാനില്‍ നിന്ന് ഓടിപ്പോകാനുള്ള തീരുമാനമെടുത്തത് വെറും 'രണ്ട് മിനിറ്റി'ല്‍: അഷ്‌റഫ് ഗനി
Ashraf Ghani's flee: അഫ്ഗാനില്‍ നിന്ന് ഓടിപ്പോകാനുള്ള തീരുമാനമെടുത്തത് വെറും 'രണ്ട് മിനിറ്റി'ല്‍: അഷ്‌റഫ് ഗനി
2021 ഓഗസ്റ്റ് 15 ന് താലിബാന്‍ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലേക്ക് പ്രവേശിച്ച സമയത്താണ്, വിമാനത്താവളം വഴി മുന്‍ അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനി രാജ്യം വിട്ട് പറന്നത്. രാജ്യം വിടാനെടുത്ത അന്നത്തെ ആ തീരുമാനത്തെ കുറിച്ച് അഞ്ച് മാസങ്ങള്‍ക്ക് ശേഷം ആദ്യമായി അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു. രാജ്യം വിടാനുള്ള തീരുമാനമെടുത്തത് വെറും രണ്ട് മിനിറ്റിലാണെന്നും എന്നാല്‍ താൻ പറന്നുയരുന്നതുവരെ രാജ്യം വിടുന്നത് താൻ അറിഞ്ഞിരുന്നില്ലെന്നുമാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. താലിബാന്‍ തീവ്രവാദികള്‍ രാജ്യ തലസ്ഥാനം കൈയടക്കിയപ്പോള്‍, പ്രസിഡന്‍റിനെ കുറിച്ച് വിവരങ്ങളില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പിന്നെയും രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അഷ്റഫ് ഗനി രാജ്യം വിട്ടതായി സ്ഥിരീകരിക്കപ്പെട്ടത്.

താലിബാന്‍ തീവ്രവാദികള്‍ രാജ്യതലസ്ഥാനം കീഴടക്കിയപ്പോള്‍, രാജ്യം വിടാനുള്ള തീരുമാനമെടുത്തത് വെറും രണ്ട് മിനിറ്റിലാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, താൻ പറന്നുയരുന്നതുവരെ രാജ്യം വിടുന്നത് താൻ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ആഗസ്റ്റ് 15 ന് രാവിലെ, ഇസ്ലാമിസ്റ്റുകൾ തലസ്ഥാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും സ്വന്തം സർക്കാർ ശിഥിലമാകുകയും ചെയ്ത ആ ദിവസം, അഫ്ഗാനിസ്ഥാനിലെ തന്‍റെ അവസാന ദിവസമായിരിക്കുമെന്ന് തനിക്ക് യാതൊരു സൂചനയും ഇല്ലായിരുന്നുവെന്ന് ഗനി ബിബിസിയുടെ റേഡിയോ 4 ലെ " ഇന്ന് " എന്ന പ്രോഗ്രാമില്‍ മുന്‍ യുകെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ നിക്ക് കാർട്ടനുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
യുദ്ധമാരംഭിച്ച് വെറും പത്ത് ദിവസം കൊണ്ടാണ് താലിബാന്‍, അഫ്ഗാന്‍ പ്രവിശ്യകള്‍ കീഴടക്കി കാബൂളിലേക്ക് പ്രവേശിച്ചത്. താലിബാനെ പ്രതിരോധിക്കാന്‍ നില്‍ക്കാതെ അഫ്ഗാന്‍ സൈന്യം അടിയറവ് പറഞ്ഞു. അഫ്ഗാന്‍റെ കുഗ്രാമങ്ങളില്‍ നിന്ന് അക്രമാസക്തരായ താലിബാനികള്‍ നഗരങ്ങളിലേക്ക് ഇരച്ചെത്തിയപ്പോള്‍ നഗരങ്ങളുടെ സുരക്ഷ കാറ്റില്‍ പറന്നു.
തന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മൊഹിബ് 'അക്ഷരാർത്ഥത്തിൽ ഭയന്നുവിറച്ച'തായി ഗനി അവകാശപ്പെട്ടു. "അദ്ദേഹം എനിക്ക് രണ്ട് മിനിറ്റിൽ കൂടുതൽ സമയം നൽകിയില്ല." തെക്ക് കിഴക്കൻ ഖോസ്റ്റ് നഗരത്തിലേക്ക് (Khost city) ഹെലികോപ്റ്ററിൽ പറക്കാനായിരുന്നു തന്‍റെ ആദ്യ നിർദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ആഗസ്റ്റ് അവസാനത്തോടെ അന്താരാഷ്ട്ര സേനയുടെ പിൻവാങ്ങലിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള പ്രവിശ്യാ തലസ്ഥാനങ്ങൾ താലിബാന്‍ തീവ്രവാദികളുടെ മിന്നൽ ആക്രമണത്തിൽ അടിയറവ് പറഞ്ഞിരുന്നു. ഖോസ്റ്റ് സിറ്റിയും ഇതിനകം താലിബാന്‍ പിടിച്ചടക്കിയിരുന്നു.
പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ള കിഴക്കന്‍ നഗരമായ ജലാലലാബാദും ഇതിനകെ താലിബാന്‍റെ കൈപ്പിടിയിലായിരുന്നു. " ആ സമയം ഞങ്ങള്‍ ഏങ്ങോട്ടാണ് പോകുന്നതെന്ന് എനിക്കറിയില്ലായിരുന്നുവെന്നും ഗനി കൂട്ടിച്ചേര്‍ത്തു. "ഞങ്ങൾ പുറപ്പെടുമ്പോൾ മാത്രമാണ് ഞങ്ങൾ പോകുകയാണെന്ന് എനിക്ക് വ്യക്തമായത്." അദ്ദേഹം പറയുന്നു.
അന്ന് മുതല്‍ യുണൈറ്റഡ് അറബ് എമിറേറ്റിലാണ് അഷ്റഫ് ഗനി താമസിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ അക്രമിക്കപ്പെടുമ്പോള്‍ പ്രസിഡന്‍റ് രാജ്യം വിട്ട് ഓടിയത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. മാത്രമല്ല, അഷ്റഫ് ഗനി രാജ്യം വിടുമ്പോള്‍ ലക്ഷക്കണക്കിന് ഡോളറുകള്‍ രാജ്യത്ത് നിന്ന് കടത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു.
രാജ്യം വിട്ട് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാദ്യമായിട്ടാണ് അഷ്റഫ് ഗനി ഒരു മാധ്യമത്തിന് അഭിമുഖം നല്‍കുന്നത്. രാജ്യം വിട്ടുപോകാനുള്ള തന്‍റെ തീരുമാനം "ഏറ്റവും കഠിനമായ കാര്യം" ആയിരുന്നെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. "കാബൂളിനെ രക്ഷിക്കാനും സാഹചര്യം എന്താണെന്ന് ലോകത്തിന് തുറന്നുകാട്ടാനും എനിക്ക് സ്വയം ത്യാഗം ചെയ്യേണ്ടിവന്നു. ഒരു അക്രമാസക്തമായ അട്ടിമറി, അത് രാഷ്ട്രീയ ഉടമ്പടിയല്ലായിരുന്നെന്നും ഗനി പറഞ്ഞു.
അന്തിമ ഫലം മാറ്റാന്‍ തനിക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ചരിത്രത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധികളിലൊന്നിനെ അഭിമുഖീകരിക്കുമ്പോൾ, താലിബാൻ അവരുടെ പുതിയ ഭരണം സ്ഥാപിക്കുന്നത് കണ്ടതാണ്. " നിർഭാഗ്യവശാൽ ഞാൻ എല്ലാം കറുത്ത നിറത്തിലാണ് വരച്ചത്" അദ്ദേഹം പറഞ്ഞു.
"ഇത് ഒരു അമേരിക്കൻ പ്രശ്നമായി മാറി. അഫ്ഗാൻ പ്രശ്നമല്ല." "എന്‍റെ ജീവിത ജോലി നശിപ്പിക്കപ്പെട്ടു. എന്‍റെ മൂല്യങ്ങൾ ചവിട്ടിമെതിക്കപ്പെട്ടു, അവര്‍ എന്നെ ബലിയാടാക്കി," അദ്ദേഹം പറഞ്ഞു. പ്രസിഡന്‍റ് ഓടിപ്പോയതിന് പിന്നാലെ അഫ്ഗാന്‍ മന്ത്രിസഭയിലെ ഏറ്റവും പ്രമുഖനായ വൈസ് പ്രസിഡന്‍റ് അംറുല്ലാ സാലിഹ് പഞ്ച്ഷീറിലെ തന്‍റെ സുരക്ഷിത താവളത്തിലേക്ക് കടക്കുകയും അഫ്ഗാന്‍റെ പുതിയ പ്രസിഡന്‍റായി സ്വയം അവരോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പാകിസ്ഥാന്‍റെ വ്യോമ സഹായത്തോടെ താലിബാന്‍ തീവ്രവാദികള്‍ പിന്നീട് പഞ്ച്ശീര്‍ താഴ്വാരയും കീഴടക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam