Ukraine referendums: റഫറണ്ടത്തില്‍ വേട്ട് ചെയ്യിക്കാന്‍ വീട്ടില്‍ കയറി റഷ്യന്‍ സായുധ സൈന്യം
യുക്രൈന്‍ അധിനിവേശം ഏട്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ യുക്രൈന്‍ സൈനികര്‍ക്ക് മുന്നില്‍ പരാജയം നേരിടുന്ന റഷ്യ, വോട്ടെടുപ്പ് നടത്തി യുക്രൈന്‍ അധിനിവേശ പ്രദേശങ്ങള്‍ തങ്ങളുടേതാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി. റഷ്യയിൽ ചേരുന്നത് സംബന്ധിച്ച് സ്വയം പ്രഖ്യാപിത "റഫറണ്ടം" നടത്തുന്നതിനായി രാജ്യത്തെ അധിനിവേശ പ്രദേശങ്ങളിൽ റഷ്യന്‍ സായുധ സൈനികർ വീടുവീടാന്തരം കയറി വോട്ട് ശേഖരിക്കുന്നതായി യുക്രൈനിയക്കാരാണ് റിപ്പോർട്ട് ചെയ്തത്. 2014 ല്‍ യുക്രൈന്‍ പ്രദേശമായിരുന്ന ക്രിമിയ സ്വന്തമാക്കുന്നതിനും റഷ്യ ഇതേ നയമാണ് സ്വീകരിച്ചിരുന്നത്. “നിങ്ങൾ വാക്കാൽ ഉത്തരം പറയണം, പട്ടാളക്കാരൻ ഉത്തരം അത് പേപ്പറില്‍ അടയാളപ്പെടുത്തി സൂക്ഷിക്കുന്നു,” എന്ന് എനെർഹോദറിലെ ഒരു സ്ത്രീ റഫറണ്ടത്തെ കുറിച്ച് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
സ്വയം പ്രഖ്യാപിത പ്രദേശമായി പ്രഖ്യാപിച്ച നേരത്തെ യുക്രൈന്‍റെ ഭാഗവും പിന്നീട് റഷ്യന്‍ വിമത പ്രദേശവുമായ ലുഹാൻസ്ക്, ഡൊനെറ്റ്സ്ക് മേഖലകളിലെ പീപ്പിൾസ് റിപ്പബ്ലിക്കുകളിലാണ് റഷ്യ വോട്ടെടുപ്പ് നടത്തുന്നത്. "ഒരു ഫെഡറൽ വിഷയമായി റഷ്യയിലേക്കുള്ള തങ്ങളുടെ റിപ്പബ്ലിക്കിന്‍റെ പ്രവേശനത്തെ പിന്തുണയ്ക്കുന്നുണ്ടോ" എന്നാണ് റഷ്യന്‍ സൈനികര്‍ യുക്രൈനികളോട് ചോദിക്കുന്നത്.
സപ്പോരിജിയയിലും കെർസണിലും, "യുക്രൈനില്‍ നിന്നുള്ള മേഖലയുടെ വേർപിരിയൽ, ഒരു സ്വതന്ത്ര രാജ്യം സൃഷ്ടിക്കൽ, തുടർന്ന് റഷ്യന്‍ ഫെഡറൽ സംവിധാനത്തിലേക്കുള്ള പ്രവേശനം എന്നിവയെ അനുകൂലിക്കുന്നുണ്ടോ" എന്നും അവരോട് ചോദിക്കുന്നു. ലുഹാൻസ്കിലും ഡൊനെറ്റ്സ്കിലും ബാലറ്റുകൾ റഷ്യൻ ഭാഷയിൽ മാത്രമാണ് അച്ചടിക്കുന്നത്. എന്നാല്‍ സപ്പോരിജിയയിലും കെർസണിലും യുക്രൈനിയന്‍, റഷ്യൻ ഭാഷകളില്‍ ബാലറ്റ് അച്ചടിച്ച് വിതരണം ചെയ്യുന്നുണ്ട്.
തെക്കൻ കെർസണിൽ, റഷ്യൻ സൈനികര്‍ ജനങ്ങളുടെ വോട്ട് ശേഖരിക്കാനായി നഗരമധ്യത്തിൽ ബാലറ്റ് പെട്ടിയുമായി നിലയുറപ്പിച്ചിരിക്കുകയാണ്. യുക്രൈന്‍ അധിനിവേശ പ്രദേശത്തെ വീടുതോറുമുള്ള ഈ വോട്ടിംഗ് "സുരക്ഷ"ക്ക് വേണ്ടിയാണെന്നാണ് റഷ്യൻ സ്റ്റേറ്റ് മീഡിയ അവകാശപ്പെടുന്നത്.
വ്യക്തിഗത വോട്ടിംഗ് സെപ്തംബർ 27 നാണ് നടക്കുകയെന്ന് ടാസ് റിപ്പോർട്ട് ചെയ്തു. മറ്റുള്ള ദിവസങ്ങളിൽ, കമ്മ്യൂണിറ്റികളിലും വീടുതോറുമുള്ള രീതിയിലും വോട്ടിംഗ് നടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ചില യുക്രൈനികള്‍ റഷ്യക്കാരുടെ ഈ ആവശ്യം നിരസിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഓരോ വ്യക്തിക്കും ഒരു ബാലറ്റ് എന്നതിന് പകരം നിരവധി പേര്‍ക്കായി ഒരു ബാലറ്റ് എന്ന രീതിയും സൈനികര്‍ അനുവര്‍ത്തിക്കുന്നതായി യുക്രൈനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, സായുധരായ സൈനികരെ ഉപയോഗിച്ചുള്ള ഈ വോട്ടെടുപ്പ് അംഗീകരിക്കില്ലെന്ന് യുക്രൈനും യുക്രൈന്‍ പക്ഷ രാജ്യങ്ങളും അവര്‍ത്തിച്ചു.
റഷ്യയുടെ മുന്‍കൈയില്‍ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന റഫറണ്ടം, യുക്രൈനിലെ നാല് അധിനിവേശ പ്രദേശങ്ങളെ നിയമവിരുദ്ധമായി അവകാശപ്പെടാന്‍ റഷ്യയെ അനുവദിക്കുമെന്ന് യുദ്ധകാര്യ വിദഗ്ധർ പറയുന്നു. യുക്രൈന്‍ അധിനിവേശത്തില്‍ തങ്ങള്‍ക്കേറ്റ പരാജയം മറയ്ക്കാനാണ് ഇപ്പോള്‍ റഫറണ്ടവുമായി റഷ്യ മുന്നിട്ടിറങ്ങിയതെന്ന ആരോപണവും ഉയര്‍ന്നു.
ഈ അനൗദ്ധ്യോഗികമായ വോട്ടെടുപ്പിന് അന്തര്‍ദേശിയമായ പുന്തുണയില്ല. എന്നാല്‍, ജനങ്ങള്‍ തങ്ങള്‍ക്ക് വേട്ട് ചെയ്തെന്നും അതിനാല്‍ ഈ പ്രദേശത്തേക്കുള്ള ഏതൊരു സൈനിക നീക്കവും റഷ്യയ്ക്കെതിരെയുള്ള നീക്കമായി റഷ്യ വ്യാഖ്യാനിക്കുമെന്നും ഇത് തല്‍ സ്ഥിതി കുടുതല്‍ വഷളാക്കാന്‍ ഇടയാക്കുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
യുക്രൈനിലെ നവനാസി സര്‍ക്കാറിനെ പുറത്താക്കാന്‍ റഷ്യ നടത്തിയ പ്രത്യേക സൈനിക ഓപ്പറേഷനാണ് യുക്രൈനില്‍ നടക്കുന്നതെന്നാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ളോദിമിര്‍ പുടിന്‍ അവകാശപ്പെടുന്നത്. അധിനിവേശം തുടങ്ങിയതിന് പിന്നാലെ റഷ്യയില്‍ യുദ്ധം എന്ന പദം ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ബലപ്രയോഗത്തിലൂടെ യുക്രൈന്‍റെ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് തെറ്റായ ന്യായമാണെന്ന് പറഞ്ഞ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ, റഫറണ്ടങ്ങളെ "വ്യാജം" എന്ന് വിശേഷിപ്പിച്ചു.
റഷ്യൻ ഉദ്യോഗസ്ഥർ ഇതിനകം തന്നെ "ഈ വ്യാജ റഫറണ്ടയ്ക്കുള്ള വോട്ടർമാരുടെ വോട്ടെടുപ്പിനും അംഗീകാര നിരക്കുകൾക്കും" ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുണ്ടെന്നതിന് യുകെയുടെ പക്കൽ തെളിവുകളുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു
ഈ മാസാവസാനത്തോടെ ലുഹൻസ്‌ക്, ഡൊനെറ്റ്‌സ്‌ക്, കെർസൺ, സപ്പോരിജിയ എന്നീ തെക്ക് കിഴക്കന്‍ യുക്രൈന്‍ പ്രദേശങ്ങള്‍ റഷ്യന്‍ ഫെഡറലിനോട് ഔപചാരികമായി കൂട്ടിചേര്‍ക്കാന്‍ റഷ്യ പദ്ധതിയിട്ടിട്ടുണ്ടെന്നും മിസ്റ്റർ ക്ലെവർലി കൂട്ടിച്ചേര്‍ത്തു.
ഏഴ് മാസങ്ങള്‍ക്ക് മുമ്പ് റഷ്യന്‍ സൈനികര്‍ യുദ്ധം ആരംഭിച്ചപ്പോള്‍ തന്നെ ഈ പ്രദേശങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് യുക്രൈനികള്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയിരുന്നു. അവശേഷിക്കുന്നതില്‍ ഒരു ഭാഗം യുദ്ധത്തിനിടെ കൊല്ലപ്പെട്ടു. ബാക്കി വരുന്ന ആയിരക്കണക്കിന് ജനങ്ങള്‍ക്കിടയിലാണ് ഇപ്പോള്‍ റഷ്യന്‍ സൈനികര്‍ വോട്ടെടുപ്പിനായി എത്തുന്നത്.
വോട്ട് ചെയ്തില്ലെങ്കില്‍ മറ്റൊന്നും ചെയ്യില്ലെന്ന് റഷ്യന്‍ സൈനികര്‍ ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും അടുത്ത ദിവസങ്ങളില്‍ എന്തും സംഭവിക്കാമെന്ന ഭയത്തിലാണ് തങ്ങള്‍ കഴിയുന്നതെന്ന് തെക്ക് കിഴക്കന്‍ യുക്രൈനിലെ അവശേഷിക്കുന്ന ജനങ്ങള്‍ പറയുന്നു.
യുക്രൈന്‍ അധിനിവേശത്തിന് മുമ്പ് അതിര്‍ത്തികളില്‍ റഷ്യ ഏതാണ്ട് ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനും ഇടയില്‍ സൈനികരെ വിന്യസിച്ചിരുന്നുവെന്നാണ് യുഎസ്, യുകെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. യുദ്ധം ഏഴ് മാസം പിന്നിട്ടപ്പോള്‍ തങ്ങള്‍ക്ക് വെറും 5,000 സൈനികരെ മാത്രമേ നഷ്ടപ്പെട്ടിട്ടൊള്ളൂവെന്ന് റഷ്യ അവകാശപ്പെടുന്നു.
എന്നാല്‍, ഇതിനിടെ റിസര്‍വ് ബറ്റാലിയനിലുള്ള 3,00,000 സൈനികരോട് സൈന്യത്തിന്‍റെ ഭാഗമാകാന്‍ പുടിന്‍ നിര്‍ദ്ദേശിച്ചു കഴിഞ്ഞു. യുക്രൈന്‍റെ കണക്ക് പ്രകാരം റഷ്യയ്ക്ക് 75,000 ത്തിനും 80,000 ത്തിനും ഇടയില്‍ സൈനികരെ യുക്രൈന്‍റെ യുദ്ധ ഭൂമിയില്‍ നഷ്ടമായി.
ഈ കനത്ത നഷ്ടം നികത്തുന്നതിനാണ് ഇപ്പോള്‍ റിസര്‍വ് സൈന്യത്തോട്, ആയുധമെടുക്കാന്‍ പുടിന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് യുക്രൈന്‍ ആരോപിച്ചു. പുടിന്‍റെ പുതിയ നിര്‍ദ്ദേശം വന്നതിന് പിന്നാലെ റഷ്യയില്‍ നിന്ന് യുവാക്കള്‍ കൂട്ടത്തോടെ രാജ്യം വിടുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പിന്നാലെ 18 നും 60 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്ക് വിദേശത്തേക്കുള്ള വിമാന ടിക്കറ്റ് നല്‍കരുതെന്നുള്ള നിര്‍ദ്ദേശങ്ങളും പുറത്ത് വന്നു. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ജനങ്ങള്‍ പുതിയ തീരുമാനത്തിനെതിരെ രംഗത്തെത്തി. എന്നാല്‍, നിര്‍ദ്ദേശങ്ങളെ അവഗണിക്കുകയോ നിരസിക്കുകയെ ചെയ്താല്‍ പോലും അത് രാജ്യദ്രോഹകുറ്റമായി കരുതുമെന്നായിരുന്നു ഇതിനോട് ഏകാധിപത്യ റഷ്യന്‍ സര്‍ക്കാറിന്‍റെ നിലപാട്.
ഫെബ്രുവരി 24 ന് യുദ്ധം ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ റഷ്യ യുദ്ധമുഖത്ത് 16 നും 18 നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരെയാണ് യുദ്ധത്തിനായി അയച്ചതെന്ന് ആരോപിച്ച് യുക്രൈന്‍ രംഗത്തെത്തിയിരുന്നു. ഇതിന് തെളിവായി 'തങ്ങള്‍ക്ക് യുദ്ധം വേണ്ട, വീട്ടില്‍ പോകണം, അമ്മയെ കാണണം' എന്ന് പറഞ്ഞ് കരയുന്ന റഷ്യന്‍ സൈനികരുടെ വീഡിയോ യുക്രൈന്‍ പുറത്ത് വിട്ടിരുന്നു.
യുദ്ധം എട്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ സാധാരണക്കാരെയും സ്ത്രീകളെയും കുട്ടികളെയും കൊന്നതടക്കം റഷ്യന്‍ സൈന്യം യുക്രൈന്‍റെ മണ്ണില്‍ നടത്തിയ 21,000 അധികം യുദ്ധക്കുറ്റങ്ങളുടെ തെളിവുകള്‍ ലഭിച്ചതായി യുക്രൈന്‍ അവകാശപ്പെട്ടു.
റഷ്യന്‍ സൈന്യം ഉപേക്ഷിച്ച് പോയ അധിനിവേശ പ്രദേശങ്ങളില്‍ നിന്നും നൂറ് കണക്കിന് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതില്‍ കുട്ടികളെ അടക്കം കൊന്ന് കുഴിച്ച് മൂടിയതായും യുക്രൈന്‍ ആരോപിച്ചു.