Saint Javelin: ഉക്രൈന് വേണ്ടി വിപണി കീഴടക്കി 'വിശുദ്ധ ജാവലിന്‍'
യുദ്ധം പല തരത്തിലാണ് വിപണിയെ ബാധിക്കുന്നത്. ലോകം ഇതുവരെ കണ്ടിട്ടില്ലാത്തൊരു യുദ്ധമാണ് ഇന്ന് ഏഷ്യന്‍ വന്‍കരയുടെയും യൂറോപ്യന്‍ വന്‍കരയുടെയും അതിര്‍ത്തി രാജ്യങ്ങളിലൊന്നായ ഉക്രൈനില്‍ നടക്കുന്നത്. റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന് അവരുടെതായ കാരണങ്ങളുണ്ടെങ്കിലും പരമാധികാരമുള്ള ഒരു രാഷ്ട്രത്തിന് മേലെ മറ്റൊരു പരമാധികാര രാഷ്ട്രത്തിന്‍റെ അധിനിവേശം ലോക ജനതയ്ക്കിടയില്‍ വലിയ പ്രതിഷേധമാണ് വിളിച്ചുവരുത്തിയതെന്ന് ലോകമെങ്ങുമുള്ള നഗരങ്ങളില്‍ നടക്കുന്ന പ്രതിഷേധ കൂട്ടായ്മകള്‍ ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം വിപണിയിലും വലിയ പ്രത്യാഘാതങ്ങളാണ് ഈ റഷ്യന്‍ അധിനിവേശം സൃഷ്ടിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന് പിന്നാലെ യുഎസും വ്യാപാര പങ്കാളിത്തത്തില്‍ നിന്ന് റഷ്യയെ പൂര്‍ണ്ണമായും ഒഴിവാക്കി. റഷ്യയുടെ ഇറക്കുമതി, കയറ്റുമതി വിപണി ഏതാണ്ട് പൂര്‍ണ്ണമായും നിശ്ചലമാക്കപ്പെട്ടു. 'തങ്ങളെ വേണ്ടാത്തവര്‍ക്ക് തങ്ങള്‍ക്കും വേണ്ട' എന്ന നിലപാടെടുത്ത റഷ്യ, യൂറോപ്യന്‍ യൂണിയനിലേക്കും യുഎസിലേക്കുമുള്ള എല്ലാ കയറ്റുമതിയും നിര്‍ത്തലാക്കി. യൂറോപ്യന്‍ യൂണിയനിലെ പല രാജ്യങ്ങളിലെയും ഓസ്ട്രേലിയയിലെയും യുഎസിലെയും അലൂമിനിയം, പേപ്പര്‍ പ്ലാന്‍റുകള്‍ തുടങ്ങി നിരവധി വ്യവസായങ്ങളും നിശ്ചലമായി. റഷ്യയും ഉക്രൈനുമാണ് ലോകത്തിലെ ഗോതമ്പ് വ്യാപാരത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാര്‍. ഇരുരാജ്യങ്ങളും യുദ്ധത്തിലേര്‍പ്പെട്ടതോടെ ലോകം മറ്റൊരു ഭക്ഷ്യദുരന്തത്തിന്‍റെ പിടിയില്‍ അകപ്പെടുമോയെന്ന ആശങ്കകളും നിലനില്‍ക്കുന്നു. ഇതിനിടെയാണ് റഷ്യന്‍ അധിനിവേശത്തിനെതിരെ ഒരു ചിത്രം ലോകവ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ഈ ചിത്രമാണ് ഇന്ന് ഉക്രൈന്‍ പ്രതിരോധത്തിന്‍റെ ചിഹ്നമായി വിപണി കീഴടക്കുന്നത്. അതാണ് വിശുദ്ധ ജാവലിന്‍.
മഹാമാരിക്ക് ശേഷം അനക്കമറ്റിരുന്ന വിപണി വീണ്ടും സജീവമാകുന്നതിനിടെയാണ് റഷ്യ, തങ്ങളുടെ ഉക്രൈന്‍ അധിനിവേശത്തിന് തുടക്കമിട്ടത്. ഇതോടെ സജീവമായിത്തുടങ്ങിയ വിപണി വീണ്ടും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. യുദ്ധത്തെ തുടര്‍ന്ന് ലോക വിപണി തകരുമ്പോള്‍ അവിടെ ഉക്രൈന്‍റെ പോരാട്ട ചിഹ്നമായ 'വിശുദ്ധ ജാവലിന്‍' (Saint Javelin) വിപണി കീഴടക്കുകയാണെന്ന് വാര്‍ത്തകള്‍ വരുന്നു.
ഉക്രൈന്‍റെ ദേശീയ പതാകയുടെ നിറങ്ങളുള്ള വസ്ത്രം ധരിച്ച കന്യാമറിയം യുഎസ് നിര്‍മ്മിത എഫ് ജി എം 148 ടാങ്ക് വേധ ആയുധം (US-made FGM-148 anti-tank weapon) പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് വിശുദ്ധ ജാവലിന്‍ (Saint Javelin) എന്ന് അറിയപ്പെടുന്നത്.
ക്രിസ്റ്റ്യൻ ബോറിസ് (Christian Borys) വികസിപ്പിച്ച ഈ ചിത്രം ഇന്ന് ഉക്രൈന്‍ പ്രതിരോധത്തിന്‍റെ ചിഹ്നമായി മാറി. ടോട്ട് ബാഗുകൾ മുതൽ ഷർട്ടുകൾ, പതാകകൾ, സ്റ്റിക്കറുകൾ, പാത്രങ്ങള്‍, കപ്പുകള്‍ തുടങ്ങി എല്ലാറ്റിലും ആ ചിത്രത്തിനാണ് ഇപ്പോള്‍ ഏറെ ആവശ്യക്കാരുള്ളതെന്നും മുൻ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ ക്രിസ്റ്റ്യന്‍ ബോറിസ് പറയുന്നു.
സായുധ സന്യാസിനിയുടെ ഈ ചിത്രം വിപണിയില്‍ നിന്ന് ഇതുവരെ ഒരു മില്യണ്‍ ഡോളര്‍ സമാഹരിച്ച് കഴിഞ്ഞു. ചിത്രത്തില്‍ നിന്നുള്ള വരുമാനം ഉക്രൈന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഉപയോഗിക്കുക. യുദ്ധം അവസാനിച്ചാല്‍ ഉക്രൈന്‍റെ പുനര്‍നിര്‍മ്മാണത്തിനും ഈ ചിത്രത്തില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കും.
വിശാലമായ ഒരു വിപണിയെയാണ് സെന്‍റ് ജാവലിന്‍ ലക്ഷ്യമിടുന്നതെന്നും ക്രിസ്റ്റ്യന്‍ ബോറിസണ്‍ പറയുന്നു. ഒരു മുഴുവന്‍ സമയ ക്യാമ്പൈനുള്ള സാധ്യത അന്വേഷിക്കുകയാണെന്നും അതിനായി സ്ഥിരം ജീവനക്കാരെ വയ്ക്കുന്നതടക്കമുള്ള സാധ്യതയെ കുറിച്ച് അന്വേഷിക്കുകയാണെന്നും ക്രിസ്റ്റ്യന്‍ ബോറിസ് പറഞ്ഞു.
ടൊറന്‍റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോറിസ് (35) ഉക്രൈനികള്‍ക്ക് അപരിചിതനല്ല. ഉക്രൈന്‍ പാരമ്പര്യമുള്ളയാളാണ് ബോറിസ്. 2014 ലെ റഷ്യയുടെ കഴിക്കന്‍ ഉക്രൈന്‍ അക്രമണ സമയത്ത് യുദ്ധമുഖത്ത് നിന്ന് 2018 വരെ ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ക്ക് വേണ്ടി സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായി ബോറിസ് ജോലി ചെയ്തിട്ടുണ്ട്.
ഈ യുദ്ധത്തിലാണ് ബോസ്കോ ഉള്‍പ്പെടയുള്ള പ്രദേശങ്ങളില്‍ റഷ്യന്‍ പിന്തുണയോടെയുള്ള വിഘടനവാദം ശക്തമായത്. ക്രിമിയന്‍ ഉപദ്വീപിനെ ഉക്രൈനില്‍ നിന്ന് മോചിപ്പിച്ച് റഷ്യയുടെ അധീനതയിലാക്കിയതും 2014 ലെ യുദ്ധത്തിനൊടുവിലായിരുന്നു.
'കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം റഷ്യ വീണ്ടും ഉക്രൈന്‍ അക്രമിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു ആ സമയം എനിക്ക് അലസമായി ഇരിക്കാന്‍ പറ്റില്ല' എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം റഷ്യ വീണ്ടും ഉക്രൈന്‍ അക്രമിക്കുമ്പോള്‍ ഉക്രൈന്‍ അതിർത്തിക്കടുത്തുള്ള പോളണ്ടിലെ തന്‍റെ പിതാവിന്‍റെ വീട്ടിൽ നിന്ന് ബോറിസ് പറയുന്നു.
അവിടെ നിന്ന് ബോറിസ് ഒരു പ്രാദേശിക സർക്കാരിതര ഓർഗനൈസേഷനായി ചേര്‍ന്ന് ദുരിതാശ്വാസ ഷിപ്പ്‌മെന്‍റുകൾ ഏകോപിപ്പിക്കാൻ സഹായിക്കുന്നു. അപ്പോഴും വിശുദ്ധ ജാവലിന്‍ തന്‍റെ മാത്രം സൃഷ്ടിയാണെന്ന് അദ്ദേഹം അവകാശപ്പെടുന്നില്ല.
2012-ൽ സ്വർണ്ണം പൂശിയ AK-47 കൈവശം വച്ചിരിക്കുന്ന മഡോണയെ (Madonna holding a gold-plated AK-47) വരച്ച അമേരിക്കൻ കലാകാരനായ ക്രിസ് ഷോയുടെ (Chris Shaw) സൃഷ്ടിയിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടാണ് തന്‍റെ സൃഷ്ടിയെന്ന് ബോറിസ് പറയുന്നു.
ഈ ചിത്രത്തെ പിന്നീട് ഓൺലൈൻ മീമ്മുകളിൽ ഉപയോഗിക്കുന്നതിനായി എകെ 47 മാറ്റി റോക്കറ്റ് ലോഞ്ചർ ഉപയോഗിക്കുന്നതായി വരയ്ക്കുകയായിരുന്നു. ചിത്രം വരയ്ക്കാൻ ഒരു സഹപ്രവർത്തകനെ ഏല്‍പ്പിക്കുയായിരുന്നെന്നും അദ്ദേഹം പറയുന്നു.
ചിത്രം വരച്ച് കിട്ടിയതോടെ അതുപയോഗിച്ച് കൂടുതല്‍ ചിത്രങ്ങളും സ്റ്റിക്കറുകളും അച്ചടിക്കാൻ തുടങ്ങി. യുദ്ധമുഖത്ത് കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെയും പോസ്റ്റ് ട്രോമാറ്റിക് ബാധിച്ച സൈനികരെയും സഹായിക്കുന്ന ദീർഘകാലമായി കനേഡിയൻ ആസ്ഥാനമായി ഉക്രൈനില്‍ പ്രവർത്തിക്കുന്ന ഹെൽപ്പ് അസ് ഹെൽപ്പ് ചാരിറ്റിക്ക് (Help Us Help Charity) വേണ്ടി $500 സമാഹരിക്കുകയായിരുന്നു ലക്ഷ്യം.
റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ചിത്രം ഉപയോഗിച്ച് തുടങ്ങിയത്. യുദ്ധം ആരംഭിച്ചതോടെ ചെറിയ ചെറിയ ഓഡറുകളില്‍ നിന്ന് തുടങ്ങി അതൊരു കൊടുങ്കാറ്റായി മാറുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യ ദിവസം വെറും രണ്ട് ഓഡറുകളാണ് ലഭിച്ചത്. പക്ഷേ തൊട്ടടുത്ത ദിവസം ഞങ്ങള്‍ 1000 കനേഡിയന്‍ ഡോളറിന്‍റെ ഓഡര്‍ ലഭിച്ചു. അതോടെ ഞങ്ങള്‍ 'വിശുദ്ധ ജാവലിന്‍റെ' കൂടുതല്‍ സ്റ്റിക്കറുകള്‍ അച്ചടിക്കാന്‍ തുടങ്ങി. ഇസ്റ്റാഗ്രാമിലും ഇത് പ്രദര്‍ശിപ്പിച്ചു തുടങ്ങി.
അതിന്‍റെ തൊട്ടടുത്ത ദിവസം തങ്ങള്‍ വന്നത് 5,000 കനേഡിയന്‍ ഡോളറായിരുന്നു. റഷ്യ, ഉക്രൈന്‍ ആക്രമിച്ച ഫെബ്രുവരി 24 ന് 45,000 കനേഡിയന്‍ ഡോളറിന്‍റെ ഓഡറാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെറും രണ്ട് ദിവസത്തിന് ശേഷം 24 മണിക്കൂറിന്‍റെ ഇടവേളയില്‍ 1,70,000 കനേഡിയന്‍ ഡോളറിന്‍റെ ഓഡറുകള്‍ തങ്ങള്‍ക്ക് ലഭിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇതോടെ പുതിയ സംരംഭം ജനങ്ങള്‍ ഏറ്റെടുത്തെന്ന് വ്യക്തമായി. വെറും 500 കനേഡിയന്‍ ഡോളറായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, അതിനുമെത്രയോ മേലെയായിരുന്നു കാര്യങ്ങള്‍. ഒരിക്കലും പ്രതീക്ഷിക്കാത്തതിനാല്‍ നിരവധി ലോജിസ്റ്റിക്ക് പ്രശ്നങ്ങളും ഉടലെടുത്തുതെന്ന് ബോറിസ് പറയുന്നു.
മാര്‍ച്ച് 10 ആകുമ്പോഴേക്കും 1.16 മില്യൺ കനേഡിയന്‍ ഡോളര്‍ (7 കോടിയോളം രൂപ) മൂല്യമുള്ള വിശുദ്ധ ജാവലിന്‍റെ ചിത്രങ്ങള്‍ വിറ്റഴിക്കപ്പെട്ടു. ഇതില്‍ നിന്നുള്ള വരുമാനം 100% ഹെൽപ്പ് അസ് ഹെൽപ്പ് ചാരിറ്റിയിലേക്കാണ് പോകുന്നത്.
ഉക്രൈന്‍ പ്രതിരോധത്തില്‍ ഏറ്റവും കൂടുതല്‍ പ്രഹരശക്തി നല്‍കുന്ന ആയുധം യുഎസ് നിര്‍മ്മിത എഫ് ജി എം 148 ടാങ്ക് വേധ മിസൈലാണെന്നും ഇതാണ് വിശുദ്ധ ജാവലിന്‍റെ വിജയത്തിന് കാരണമെന്നും ബോറിസ് വിശ്വസിക്കുന്നു.
യുഎസ്, നാറ്റോ സഖ്യകക്ഷികൾ ഇതിനകം 17,000 ടാങ്ക് വേധ മിസൈലുകൾ - ജാവലിൻ ഉൾപ്പെടെ - ഉക്രൈന് നല്‍കി കഴിഞ്ഞു. “ജാവലിൻ ഉക്രൈന്‍ തീവ്രമായി ആഗ്രഹിച്ചതാണെന്ന്” ബോറിസ് കൂട്ടിച്ചേര്‍ക്കുന്നു.
റഷ്യയുടെ കരമാര്‍ഗ്ഗമുള്ള യുദ്ധം നിയന്ത്രിക്കുന്നത് പ്രധാനമായും ടാങ്കുകളുപയോഗിച്ചാണ്. ഇത്തരമൊരു യുദ്ധത്തില്‍ ജാവലിന്‍ പോലുള്ള ടാങ്ക് വേധ മിസൈലുകള്‍ക്ക് ഏറെ പ്രധാന്യമുണ്ട്. നൂറ് കണക്കിന് റഷ്യൻ ടാങ്കുകളും മറ്റ് കവചിത വാഹനങ്ങളും ഉക്രൈനിലേക്ക് ഒഴുകിയെത്തിയിട്ടും പ്രതിരോധം ശക്തിപ്പെടുത്താന്‍ ഉക്രൈന് കഴിഞ്ഞ ജാവലിന്‍റെ കരുത്തില്‍ നിന്നാണ്.
നാളെ യുദ്ധം അവസാനിച്ചാലും പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. യുദ്ധം അവസാനിക്കുമ്പോള്‍ ഉക്രൈന്‍റെ പുനര്‍നിര്‍മ്മാണം ആരംഭിക്കും. അപ്പോഴും പണം ആവശ്യമാണ്. ഉക്രൈന്‍റെ പുനസൃഷ്ടിക്ക് പതിറ്റാണ്ടുകള്‍ വേണ്ടിവരും. അതിനാല്‍ വിശുദ്ധ ജാവലിന്‍റെ സാന്നിധ്യം വിപണിയില്‍ ഇനിയുമുണ്ടാകുമെന്നും ബോറിസ് പറയുന്നു.
"നിങ്ങൾ ഇപ്പോൾ കാണുന്നത് ആദ്യഭാഗം മാത്രമാണ്. പതിറ്റാണ്ടുകളുടെ പുനർനിർമ്മാണം നടക്കാൻ പോകുന്നു. കാരണം നമ്മൾ കാണുന്ന നാശത്തിന്റെ തോത് ഏറെ വലുതാണ്." ബോറിസ് പറയുന്നു. രാജ്യത്തുടനീളം ഖനികളും നശിപ്പിച്ച ടാങ്കുകളും അത്തരത്തിലുള്ള സാധനങ്ങളും ഉണ്ടാകും. പിന്നെ കുടിയിറക്കപ്പെട്ടവരും അഭയാർത്ഥികളും. തനിക്ക് ഇതൊരു സുസ്ഥിര ബിസിനസ്സാക്കി മാറ്റാൻ കഴിയുമെങ്കിൽ, ഉക്രൈനെ ദീര്‍ഘകാലം സഹായിക്കാൻ താൻ ഉദ്ദേശിക്കുന്നതായും ബോറിസ് കൂട്ടിചേര്‍ത്തു.
വിശുദ്ധ ജാവലിന്‍റെ വിപണി കീഴടക്കിയെന്നതില് സന്തോഷമുണ്ട്. എന്നാല്‍ അതെത്ര മാത്രമാണെന്ന് ഇപ്പോള്‍ വിലയിരുത്താന്‍ പറ്റില്ല. നിലവില്‍ വിശുദ്ധ ജാവലിന്‍ ഒരു ബ്രാന്‍ഡിന് തുല്യമാണ്. ഒടുവില്‍ ഞാന്‍ എന്റെ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കും. കാരണം ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ലെന്ന് ബോറിസ് പറഞ്ഞു.
വിശുദ്ധ ജാവലിന്‍ വിപണി കീഴടക്കുമ്പോള്‍ തന്നെ അതിനെതിരെയുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇത് കുരിശു യുദ്ധത്തിന്റെ തിരിച്ച് വരവാണെന്നും ആയുധങ്ങളില്‍ മത ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ വലിയ അപകടങ്ങള്‍ വിളിച്ച് വരുത്തുമെന്നും ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ എഴുതി.
നിലവിലെ സാഹചര്യത്തില്‍ വിശുദ്ധ ജാവലിന്‍ ഉക്രൈനികളുടെ സുരക്ഷയും പുനര്‍നിര്‍മ്മാണ പ്രതീക്ഷയും ആയിരിക്കാം. എന്നാല്‍ , നൂറ്റാണ്ട് യുദ്ധവും കുരിശു യുദ്ധവും കണ്ട ലോകത്ത് ഇത്തരം മതചിഹ്നങ്ങള്‍ പതിച്ച വസ്തുക്കള്‍ പ്രോത്സാഹിക്കുന്നത് പഴയ ചരിത്രങ്ങളുടെ ആവര്‍ത്തനത്തിന് കാരണമായേക്കാമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
'