Afghanistan: പെണ്‍കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസത്തിന് വിലക്ക്; അഫ്ഗാനിലെ പദ്ധതികള്‍ മരവിപ്പിച്ച് ലോകബാങ്ക്
താലിബാന്‍ തീവ്രവാദികള്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അമേരിക്കന്‍ സൈന്യത്തിന്‍റെ പിന്മാറ്റത്തിന് മുമ്പേ അഫ്ഗാനിസ്ഥാന്‍റെ ഭരണാധികാരം ഏറ്റെടുത്തിരുന്നു. ഒടുവില്‍ താലിബാനുമായി നേരത്തെ ഉണ്ടാക്കിയ കരാറിന്‍റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് മുപ്പതോടെ അഫ്ഗാനിസ്ഥാനിലെ ഏറ്റവും അവസാനത്തെ അമേരിക്കന്‍ സൈനികനും സ്വന്തം രാജ്യത്തേക്ക് മടങ്ങി. രണ്ട് പതിറ്റാണ്ടിനിപ്പുറം അധികാരമേറ്റെടുത്തപ്പോള്‍ തങ്ങള്‍ പഴയ താലിബാനല്ലെന്നും പുതിയ പലതും തങ്ങള്‍ ഉള്‍ക്കൊണ്ടെന്നുമായിരുന്നു അവര്‍ അവകാശപ്പെട്ടിരുന്നത്. ഇത് ഉദാഹരണമായി അവര്‍ പറഞ്ഞിരുന്നത് പെണ്‍കുട്ടികളെ സ്കൂളില്‍ അയക്കുന്നതിന് എതിരല്ലെന്നായിരുന്നു. എന്നാല്‍, അധികാരമേറ്റെടുത്ത് ഏട്ട് മാസങ്ങള്‍ക്കിപ്പുറം തങ്ങളുടെ നയങ്ങളില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് താലിബാന്‍റെ പ്രവര്‍ത്തികള്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും ഒടുവിലായി അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളെ സ്കൂളില്‍ വിടുന്ന തീരുമാനം താലിബാന്‍ പിന്‍വലിച്ചു. ഇതോടെ അഫ്ഗാന് നല്‍കിയിരുന്ന ഇളവുകള്‍ എടുത്തുകളയാനുള്ള തീരുമാനത്തിലാണ് ലോക ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍.
താലിബാൻ പെൺകുട്ടികൾ സെക്കൻഡറി സ്കൂളുകളിലേക്ക് മടങ്ങുന്നത് വിലക്കിയതിനെത്തുടർന്ന് അഫ്ഗാനിസ്ഥാനിൽ 600 മില്യൺ ഡോളർ (458 മില്യൺ പൗണ്ട്) മൂല്യമുള്ള നാല് പദ്ധതികളാണ് ലോകബാങ്ക് താൽക്കാലികമായി നിർത്തിവച്ചത്.
അഫ്ഗാന്‍ ജനതയുടെ വിദ്യാഭ്യാസം, ആരോഗ്യം, കൃഷി എന്നിവ മെച്ചപ്പെടുത്തുന്നതടക്കമുള്ള പദ്ധതികളുടെ ധനശ്രോതസുകള്‍ ഇതോടെ താത്കാലികമായെങ്കിലും തടസപ്പെട്ടു. പദ്ധതികളിലെല്ലാം സ്ത്രീ പങ്കാളിത്തം നിര്‍ബന്ധമാണെന്ന് ലോകബാങ്ക് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അധികാരമേറ്റെടുത്ത ശേഷവും മാസങ്ങൾ നീണ്ട നിയന്ത്രണങ്ങളെത്തുടർന്ന് സ്‌കൂളുകൾ തുറക്കാൻ താലിബാന്‍ നേതൃത്വം അനുവദിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി. പെണ്‍കുട്ടികളുടെ യൂണിഫോം സംബന്ധിച്ച തീരുമാനത്തിന് ശേഷം മാത്രമേ സ്‌കൂളുകൾ തുറക്കൂ എന്നാണ് ഇപ്പോള്‍ താലിബാൻ അവകാശപ്പെടുന്നത്.
"ശരിയത്ത് നിയമവും അഫ്ഗാൻ പാരമ്പര്യവും" അനുസരിച്ചാണ് വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടതെന്നും താലിബാന്‍ ആവശ്യപ്പെട്ടു. അടച്ചിട്ട സ്കൂളുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ശനിയാഴ്ച തലസ്ഥാനമായ കാബൂളിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് സമീപം ജനങ്ങള്‍ പ്രതിഷേധിച്ചു.
പെൺകുട്ടികൾക്കായി സെക്കൻഡറി സ്‌കൂളുകൾ വീണ്ടും തുറക്കുമെന്ന പ്രതിജ്ഞ താലിബാൻ നിരാകരിച്ചതിനെത്തുടർന്ന് ദിവസങ്ങളോളം സ്‌കൂൾ യൂണിഫോം ധരിച്ച കൗമാരപ്രായക്കാരായ പെൺകുട്ടികൾ കാബൂളിൽ പ്രതിഷേധ പ്രകടനം നടത്തി.
ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം, പുതിയ അധ്യയന വർഷം തുറക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിന് അവകാശം ഉണ്ടായിരിക്കുമെന്നായിരുന്നു താലിബാന്‍ നേരത്തെ അറിയിച്ചിരുന്നത്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ പുതിയ ശിരോവസ്ത്രങ്ങലും കറുത്ത നീളം കൂടിയ പര്‍ദ്ദകളുമായി തയ്യാറായി ഇരിക്കുന്നതിനിടെയാണ് താലിബാന്‍ തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്നോക്കം പോയത്.
ഇതേ തുടര്‍ന്ന് വെള്ളി, ശനി ദിവസങ്ങളിൽ, ഡസൻ കണക്കിന് വിദ്യാർത്ഥിനികൾ യൂണിഫോം ധരിച്ച് തെരുവിൽ മാർച്ച് ചെയ്യുകയും വിദ്യാഭ്യാസ അവകാസം നിഷേധിച്ചതിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
"വിദ്യാഭ്യാസം ഞങ്ങളുടെ മൗലികാവകാശമാണ്, ഒരു രാഷ്ട്രീയ പദ്ധതിയല്ല" എന്ന ബാനറുകൾ വിദ്യാര്‍ത്ഥിനികള്‍ ഉയര്‍ത്തി. “സ്കൂളുകൾ തുറക്കൂ! നീതി! നീതി!" വിദ്യാര്‍ത്ഥിനികള്‍ വിളിച്ച് പറഞ്ഞു.
താലിബാൻ തോക്കുധാരികള്‍ എത്തി വിദ്യാര്‍ത്ഥിനികളെ പിന്തിരിക്കുന്നത് വരെ വിദ്യാര്‍ത്ഥിനികള്‍ സമരം തുടര്‍ന്നു. “എല്ലാവർക്കും വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ടെന്ന് പ്രവാചകൻ (മുഹമ്മദ്) പോലും പറഞ്ഞിട്ടുണ്ട്, എന്നാൽ താലിബാൻ ഈ അവകാശം ഞങ്ങളിൽ നിന്ന് തട്ടിയെടുത്തു,” നവേസ എന്ന പെൺകുട്ടി ഗാർഡിയനോട് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും കൂടുതൽ സേവനങ്ങൾ നൽകുന്നതിന് ലക്ഷ്യമിട്ടാണ് ലോകബാങ്ക് പദ്ധതികൾ ആവിഷ്ക്കരിച്ചിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ താലിബാൻ രാജ്യത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം മരവിപ്പിച്ചിരുന്ന അഫ്ഗാനിസ്ഥാൻ പുനർനിർമ്മാണ ട്രസ്റ്റ് ഫണ്ട് (ARTF) പുനസ്ഥാപിക്കുകയും അത് വഴി അഫ്ഗാനുള്ളധനസഹായം നൽകുകയുമാണ് ചെയ്തിരുന്നത്.
ഈ മാസം ആദ്യം ലോക ബാങ്കിന്‍റെ എക്സിക്യൂട്ടീവ് ബോർഡ് കൂടുതൽ തുക ഉപയോഗിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. ഇത് വഴി വിദ്യാഭ്യാസം, കൃഷി, ആരോഗ്യം എന്നിവയുൾപ്പെടെയുള്ള "അടിയന്തിര ആവശ്യങ്ങൾ" പിന്തുണയ്ക്കുന്നതിനായി ഫണ്ടിൽ നിന്ന് 1 ബില്യൺ ഡോളര്‍ അധികം അനുവദിച്ചിരുന്നു.
പദ്ധതി പ്രകാരം, പണം താലിബാൻ അധികാരികൾക്ക് നേരിട്ട് കൈമാറില്ല. പകരം യുഎൻ ഏജൻസികളിലൂടെയും സഹായ ഗ്രൂപ്പുകളിലൂടെയുമാകും പദ്ധതികള്‍ക്കായി പണം വിതരണം ചെയ്യുന്നത്.
ആദ്യ ഘട്ടമെന്ന നിലയിൽ, അടിയന്തര ആവശ്യങ്ങൾക്കായി ഏകദേശം 600 മില്യൺ ഡോളറിന്‍റെ നാല് പദ്ധതികൾ അഫ്ഗാനിസ്ഥാൻ പുനർനിർമ്മാണ ട്രസ്റ്റാണ് തീരുമാനിച്ചിരുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, കാർഷിക മേഖലകളിലും കമ്മ്യൂണിറ്റി ഉപജീവനമാർഗങ്ങളിലുമാണ് ഫണ്ട് വിനിയോഗിക്കാന്‍ തീരുമാനിച്ചിരുന്നത്.
വ്യവസ്ഥകൾ അനുവദിക്കുന്നതിനനുസരിച്ച് 2022-ൽ അഫ്ഗാനിസ്ഥാൻ പുനർനിർമ്മാണ ട്രസ്റ്റില്‍ നിന്നുള്ള അധിക വിഹിതത്തോടൊപ്പം പുതുതായി അനുവദിച്ച 600 മില്യൺ ഡോളറും അധികമായി നൽകുമെന്നും ട്രസ്റ്റ് അറിയിച്ചിരുന്നു.
എന്നാല്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തില്‍ തങ്ങളുടെ നിലപാട് പഴയത് തന്നെയാണെന്ന് താലിബാന്‍ അറിയച്ചതോടെ പദ്ധതികള്‍ക്ക് പണം ചെലവഴിക്കേണ്ടതില്ലെന്നാണ് അഫ്ഗാനിസ്ഥാൻ പുനർനിർമ്മാണ ട്രസ്റ്റിന്‍റെ തീരുമാനം.
യുഎസും യുകെയുമുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ പ്രസ്താവന താലിബാന്റെ നടപടികളെ "അഗാധമായി അസ്വസ്ഥമാക്കുന്നു" എന്ന് വിശേഷിപ്പിച്ചു. ഖത്തറിൽ നടക്കാനിരുന്ന താലിബാനുമായുള്ള കൂടിക്കാഴ്ചകളും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് റദ്ദാക്കി.
ദോഹയിൽ ആസൂത്രണം ചെയ്ത മീറ്റിംഗുകൾ ഉൾപ്പെടെ ഞങ്ങളുടെ ചില ഇടപെടലുകള്‍ ഞങ്ങൾ റദ്ദാക്കിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. കൂടുതൽ പ്രതികാര നടപടികൾ പിന്തുടരുമെന്നും അമേരിക്കന്‍ വിദേശകാര്യവകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെയും യുണൈറ്റഡ് കിംഗ്ഡം, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, നോർവേ, യൂറോപ്യൻ യൂണിയൻ എന്നിവയുടെ വിദേശകാര്യ മന്ത്രിമാരും സംയുക്ത പ്രസ്താവനയിൽ തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാന്‍റെ സാമ്പത്തിക തകർച്ചയും വ്യാപകമായ ദാരിദ്ര്യവും പട്ടിണിയും ലഘൂകരിക്കുന്നതിന് ആവശ്യമായ ധനസഹായം കൊണ്ടുവരാൻ കഴിയുന്ന തരത്തിലുള്ള ഒരു നയതന്ത്രം ആസൂത്രണം ചെയ്യാൻ താലിബാന്‍റെ ഇടക്കാല കാബിനറ്റ് അംഗങ്ങൾ തെക്കൻ നഗരമായ കാണ്ഡഹാറിൽ യോഗം ചേർന്നിരുന്നു.
ഈ യോഗത്തിലാണ് പെണ്‍കുട്ടികളുടെ സെക്കൻഡറി വിദ്യാഭ്യാസം നിർത്തലാക്കാനുള്ള തീരുമാനമുണ്ടായത്. ഇതോടെ രാജ്യത്തേക്ക് ധനസഹായം എത്തിക്കുന്നതിനായി ചേര്‍ന്ന യോഗത്തിനൊടുവില്‍ ലഭ്യമായ ധനസഹായവും നിലച്ചു.
“പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം നൽകുന്നതിനെ എതിർക്കുന്നവരാണ് താലിബാനിലെ പ്രധാനികൾ. ഈ തീരുമാനം മാറുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ”അഫ്ഗാനിസ്ഥാനിലെ അനലിസ്റ്റും ഗവേഷകനുമായ അലി മുഹമ്മദ് അലി പറഞ്ഞു.
"പകരം, അവർ സമയത്തിനായി കളിക്കുകയാണെന്ന് ഞാൻ കരുതുന്നു. താലിബാനെ ശ്രദ്ധിക്കുന്നു എന്ന് അവകാശപ്പെടുന്ന ലോകമെമ്പാടുമുള്ള ആളുകള്‍ മറ്റ് വിഷയങ്ങളിലേക്ക് തിരിയുകയും ഈ വിഷയം മറക്കുകയും ചെയ്യുന്നതിനായി അവര്‍ കാത്തുനില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "താലിബാനുള്ളിൽ നിന്ന് ഈ നിരോധനത്തെ വെല്ലുവിളിക്കുന്ന കാര്യമായ ഭിന്നതകൾ ഉണ്ടെന്ന് വിശ്വസിക്കാൻ എനിക്ക് പ്രയാസമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇതോടെ താലിബാന്റെ നയങ്ങളില്‍ മാറ്റമുണ്ടായിട്ടില്ലെന്നും അവര്‍ക്ക് അനുവദിക്കുന്ന സാമ്പത്തിക സഹായത്തെ കുറിച്ച് പുനരാലോചന വേണമെന്നും വിദേശ രാജ്യങ്ങളില്‍ ആവശ്യമുയര്‍ന്നു.