- Home
- News
- International News
- Taliban: അഫ്ഗാന്‍ കീഴടക്കിയപ്പോള്‍ മരവിപ്പിച്ച 1000 കോടി ഡോളര്‍ തരാന്‍ 'കനിവു'ണ്ടാകണമെന്ന് താലിബാന്‍
Taliban: അഫ്ഗാന്‍ കീഴടക്കിയപ്പോള്‍ മരവിപ്പിച്ച 1000 കോടി ഡോളര്‍ തരാന്‍ 'കനിവു'ണ്ടാകണമെന്ന് താലിബാന്‍
താലിബാന്‍ (Taliban), അഫ്ഗാനിസ്ഥാന്‍ (Afghanistan)കീഴടക്കിയപ്പോള്‍ മരവിപ്പിച്ച 10 ബില്യണ്‍ ഡോളര്‍ പണം അനുവദിക്കാന്‍ 'കരുണ'യും 'അനുകമ്പ'യും ഉണ്ടാകണമെന്ന് താലിബാന്‍ ഭരണകൂടം യുഎസിനോടും പാശ്ചാത്യരാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചു. പണം അനുവദിച്ചാല്‍ അത് ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സഹായകമാവുമെന്ന് താലിബാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്താഖി ഒരു അഭിമുഖത്തില്‍ പറഞ്ഞു. താലിബാന്‍, അഫ്ഗാന്‍റെ അധികാരം കൈയാളിയ ശേഷം യുഎസ് അടക്കവുള്ള പാശ്ചാത്യ രാജ്യങ്ങള്‍ അഫ്ഗാന് നല്‍കിയിരുന്ന സഹായധനം നിര്‍ത്തിവച്ചിരുന്നു. താലിബാന്‍ അധികാരം കൈയാളുന്നതിന് മുമ്പ് തന്നെ സാമ്പത്തീകമായി തകര്‍ന്നിരുന്ന അഫ്ഗാന് കൈതാങ്ങായിരുന്നത് വിദേശ സഹായം മാത്രമായിരുന്നു. ഈ സഹായധനമാണ് താലിബാന്‍റെ വരവോടെ നിര്‍ജ്ജീവമാക്കപ്പെട്ടത്.

താലിബാൻ നിയന്ത്രണത്തിലായതിന് ശേഷം അഫ്ഗാനിസ്ഥാനിലെ സമ്പദ്‌വ്യവസ്ഥ പാടെ തകർന്നു. ഭൂരിഭാഗം ജനങ്ങളുടെയും പക്കൽ പണം ഇല്ലാതായി. തൊഴിലാളികൾക്ക് കൂലി നൽകാൻ പോലും പണമില്ലാതെ കമ്പനികൾ മിക്കതും പൂട്ടി. ആവശ്യത്തിന് പണം ഇല്ലാതെ വന്നതോടെ പണം പിൻവലിക്കുന്നതിന് ബാങ്കുകളും നിയന്ത്രണം ഏർപ്പെടുത്തി.
കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കാണ് രാജ്യം പോകുന്നത്. അവശ്യസാധനങ്ങൾക്കെല്ലാം തീവിലയാണ്. അമേരിക്കയും സഖ്യ കക്ഷികളും താലിബാൻ ഭരണത്തെ അംഗീകരിക്കാത്തതിനാല്‍ വിദേശ സഹായവും നിലച്ചു. സെൻട്രൽ ബാങ്കിന്‍റെ റിസർവിലുള്ള ഒൻപത് ബില്യൺ ഡോളർ താലിബാന്‍ ഭരണകൂടത്തിന് ഇതുവരെയും ലഭ്യമായിട്ടില്ല. ലോകബാങ്കിൽ നിന്നും അന്താരാഷ്ട്ര മോണിറ്ററി ഫണ്ടിൽ നിന്നുമുള്ള സഹായവും നിലച്ചു.
ജനം വീട്ടുസാധനങ്ങൾ വിറ്റാണ് അത്യാവശ്യ കാര്യത്തിന് പണം കണ്ടെത്തുന്നത്. വീട്ടിലെ അലമാരകളും കസേരകളും മേശകളും വരെ ചന്തകളിൽ എത്തിച്ച് വിൽക്കുകയാണ് ജനം. കാബൂളിലാണ് ജനത്തിന്‍റെ നരകയാതന നേരിട്ട് കാണാനാവുന്നത്. ചില സ്ഥലങ്ങളില്‍ നിന്ന് കുട്ടികളെ വില്‍ക്കാന്‍ തയ്യാറാകുന്ന മാതാപിതാക്കളും വാര്‍ത്തകളും പുറത്ത് വരുന്നു.
താലിബാൻ, ഡോളറിന്‍റെ ഉപയോഗം നിയന്ത്രിച്ചും ബാങ്കുകളിൽ നിന്ന് പിൻവലിക്കാവുന്ന പണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയും സമ്പദ്വ്യവസ്ഥയുടെ ശ്വാസം പിടിച്ചുനിർത്താൻ കഠിനാധ്വാനം ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിനിടെയാണ് വിദേശസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുന്ന അമീര്‍ ഖാന്‍ മുത്താഖിയുടെ അഭിമുഖം പുറത്ത് വന്നത്.
അഫ്ഗാനിസ്ഥാനിലെ പുതിയ താലിബാൻ ഭരണാധികാരികൾ പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസത്തിനും ജോലിക്കും തത്ത്വത്തിൽ പ്രതിജ്ഞാബദ്ധരാണെന്ന് മുത്താഖി അവകാശപ്പെട്ടു. അടിച്ചമർത്തലിന്‍റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ചരിത്രം കണ്ട അവരുടെ മുൻകാല അധികാരത്തിൽ നിന്ന് ശ്രദ്ധേയമായ ഒരു വ്യതിചലനമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.
താലിബാന്‍ സര്‍ക്കാര്‍ എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. അമേരിക്കയുമായി തങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്നും മുത്താഖി പറഞ്ഞു. 'അഫ്ഗാനിസ്ഥാനെതിരായ ഉപരോധം കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ലെന്നും കാബൂളിലെ വിദേശകാര്യ മന്ത്രിലയത്തിലിരുന്ന് മുത്താഖി പറഞ്ഞു.
ദുർബ്ബലമായ അഫ്ഗാൻ ഗവൺമെന്‍റിന് ആരുമായും പ്രത്യേക താൽപ്പര്യമില്ല,' മുത്താഖി പറഞ്ഞു. അഫ്ഗാനിസ്ഥാനെ അസ്ഥിരമാക്കുന്നതോ ദുർബലമായ അഫ്ഗാൻ സർക്കാർ നിലനില്‍ക്കുന്നതോ ആരുടെയെങ്കിലും താൽപ്പര്യമല്ല. താലിബാന്‍ സര്‍ക്കാരില്‍ മുന്‍ സര്‍ക്കാരിലെ ജീവനക്കാരും താലിബാന്‍ ഗ്രൂപ്പില്‍ നിന്നുള്ളവരുമുണ്ടെന്നും മുത്താഖി പറഞ്ഞു.
അഫ്ഗാന്‍ സെന്‍ട്രല്‍ ബാങ്ക് തടഞ്ഞ് വച്ചിരിക്കുന്ന പണവും അനുവദിക്കണമെന്നും മുത്താഖി ആവശ്യപ്പെട്ടു. എന്നാല്‍, താലിബാനെ കരുതൽ ശേഖരത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്ന ഒരു സാഹചര്യവും ഉണ്ടായില്ലെന്ന് ഡെപ്യുട്ടി യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രഷറി സെക്രട്ടറി വാലി അഡെയെമോ യുഎസ് സെനറ്റ് കമ്മിറ്റിയോട് പറഞ്ഞു,
താലിബാന്‍റെ വരവില്‍ അഫ്ഗാന്‍ ജനതയെ കുറിച്ച് ആശങ്കാകുലരായ രാജ്യങ്ങൾ അഫ്ഗാന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍, പൊതുസമൂഹത്തെ ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്നതിനാല്‍ പലരും സഹായം അനുവദിക്കാന്‍ മടിക്കുകയാണെന്നും അഡെയെമോ പറഞ്ഞു.
അതിനിടെ ഈ ശൈത്യകാലത്ത് അഫ്ഗാനിസ്ഥാനിലെ പകുതിയിലധികം ജനസംഖ്യയും പട്ടിണിയെ അഭിമുഖീകരിക്കുന്നുവെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. സർക്കാർ തകരുകയും അന്താരാഷ്ട്ര സഹായം നിലക്കുകയും ചെയ്തതോടെ നിരവധി എയ്ഡ് ഏജൻസികൾ രാജ്യം വിട്ട് പലായനം ചെയ്തതാണ് പ്രശ്നം രൂക്ഷമാക്കിയത്.
ഒന്നാം താലിബാന്‍ സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തരാണ് തങ്ങളെന്ന് രണ്ടാം താലിബാന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ലോകരാജ്യങ്ങള്‍ അത് മുഖവിലയ്ക്കെടുക്കാത്തത് പ്രശ്നം അനന്തമായി നീളുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്ത്രീകൾക്ക് തൊഴിൽ മേഖലയില്‍ കൊണ്ടുവന്ന നിരോധനത്തിനും എതിരായി ലോകരാജ്യങ്ങള്‍ നിലകൊണ്ടു.
താലിബാന്‍റെ രണ്ടാം വരവിന് ശേഷം ഏഴിവും പന്ത്രണ്ടിനും ഇടയിലുള്ള ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികളെ സ്കൂളിലേക്ക് പോകാന്‍ അനുവദിച്ചിട്ടില്ല. കൂടാതെ വനിതാ സിവില്‍ സര്‍വ്വീസുകാരോട് വീട്ടിലിരിക്കാനും താലിബാന്‍ ആവശ്യപ്പെട്ടു. സ്‌കൂളുകളിലും ജോലിസ്ഥലങ്ങളിലും ഇസ്‌ലാമിന്‍റെ വ്യാഖ്യാനങ്ങള്‍ക്കനുസരിച്ച് ലിംഗ വേര്‍തിരിവിനുള്ള ക്രമീകരണങ്ങള്‍ ആരംഭിക്കാന്‍ സമയം ആവശ്യമാണെന്നാണ് താലിബാന്‍ പറയുന്നത്.
അത്തരം ക്രമീകരണങ്ങള്‍ വരുത്തിയ ശേഷം മാത്രമേ പെണ്‍കുട്ടികളെ സ്കൂളികളിലേക്കും സ്ത്രീകളെ ജോലിസ്ഥലത്തേക്കും പോകാന്‍ അനുവദിക്കുകയൊള്ളൂ എന്നാണ് താലിബാന്‍ നയം. 1996-2001 ലെ ആദ്യ ഭരണകാലത്ത് പെൺകുട്ടികളെയും സ്ത്രീകളെയും സ്‌കൂളുകളിൽ നിന്നും ജോലികളിൽ നിന്നും തടഞ്ഞിരുന്നു.
മിക്ക വിനോദങ്ങളും കായിക വിനോദങ്ങളും അന്ന് നിരോധിക്കപ്പെട്ടു. സ്‌പോർട്‌സ് സ്റ്റേഡിയങ്ങളിൽ വധശിക്ഷ നടപ്പാക്കാന്‍ മാത്രം ഉപയോഗിച്ചു. എന്നാല്‍ ആ കാലത്ത് നിന്ന് തങ്ങള്‍ പൂര്‍ണ്ണമായും മാറിയെന്നാണ് മുത്താഖി ഇപ്പോള്‍ അവകാശപ്പെടുന്നത്.
'ഭരണത്തിലും രാഷ്ട്രീയത്തിലും. രാജ്യവുമായും ലോകവുമായുള്ള ഇടപെടലിൽ ഞങ്ങൾ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഓരോ ദിവസം കഴിയുന്തോറും ഞങ്ങൾ കൂടുതൽ അനുഭവങ്ങൾ നേടുകയും കൂടുതൽ പുരോഗതി കൈവരിക്കുകയും ചെയ്യുന്നു,' മുത്താഖി അവകാശപ്പെട്ടു.
പുതിയ താലിബാൻ സർക്കാരിന് കീഴിൽ, രാജ്യത്തെ 34 പ്രവിശ്യകളിൽ 10 എണ്ണത്തില്‍ 12-ാം ക്ലാസ് വരെ പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നു. സ്വകാര്യ സ്‌കൂളുകളും സർവകലാശാലകളും തുറന്ന് പ്രവർത്തിക്കുന്നു. മുമ്പ് ആരോഗ്യ മേഖലയിൽ പ്രവർത്തിച്ച 100% സ്ത്രീകളും ജോലിയിൽ തിരിച്ചെത്തി. 'സ്ത്രീ പങ്കാളിത്തത്തിന് ഞങ്ങൾ തത്വത്തിൽ പ്രതിജ്ഞാബദ്ധരാണെന്ന് ഇത് കാണിക്കുന്നു,' മുത്താഖി പറഞ്ഞു.
താലിബാൻ തങ്ങളുടെ എതിരാളികളെ ലക്ഷ്യം വച്ചിട്ടില്ലെന്നും പകരം പൊതുമാപ്പ് പ്രഖ്യാപിക്കുകയും സംരക്ഷണം നൽകുകയും ചെയ്തുവെന്നും മുത്താഖി അവകാശപ്പെട്ടു. അധികാരമേറ്റതിനുശേഷം ഭൂരിപക്ഷം പേരും രാജ്യം വിട്ടെങ്കിലും മുൻ സർക്കാരിന്‍റെ പല നേതാക്കളും ഇന്ന് കാബൂളിൽ ഭീഷണിയില്ലാതെ ജീവിക്കുന്നുവെന്നും മുത്താഖി അവകാശപ്പെട്ടു.
ഹ്യൂമൻ റൈറ്റ്‌സ് വാച്ച് എന്ന അന്താരാഷ്ട്ര സംഘടന കഴിഞ്ഞ മാസം പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം താലിബാൻ നാല് പ്രവിശ്യകളിലായി 100-ലധികം മുൻ പോലീസ്, ഇന്‍റലിജൻസ് ഉദ്യോഗസ്ഥരെ കൊല്ലുകയോ ബലം പ്രയോഗിച്ച് തടവിലാക്കുകയോ ചെയ്തു. എങ്കിലും ആദ്യ താലിബാന്‍ സര്‍ക്കാരിന്‍റെ കാലത്ത് ചെയ്തിരുന്ന അത്രയും ക്രൂരമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2001-ൽ താലിബാൻ ഭരണകൂടത്തെ യുഎസ് നേതൃത്വത്തിലുള്ള സഖ്യം പുറത്താക്കിയ ശേഷം അധികാരമേറ്റ അമേരിക്കന്‍ പിന്തുണയുള്ള അഫ്ഗാൻ സർക്കാർ, താലിബാനെതിരെ വ്യാപകമായ പ്രതികാര ആക്രമണങ്ങൾ നടത്തിയതായി മുത്താഖി അവകാശപ്പെട്ടു. നൂറുകണക്കിന് ആളുകൾ അപ്രത്യക്ഷമാകുകയോ കൊല്ലപ്പെടുകയോ ചെയ്തു. ആയിരക്കണക്കിന് ആളുകൾ മലകളിലേക്ക് പലായനം ചെയ്തിരുന്നതായും മുത്താഖി പറഞ്ഞു.
യുഎസിലെ 9/11 ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ അൽ ഖ്വയ്ദയ്ക്കും ഒസാമ ബിൻ ലാദനും അഭയം നൽകിയതിനെ തുടര്‍ന്നാണ് സഖ്യസേന താലിബാനെ പുറത്താക്കി അഫ്ഗാന്‍റെ ഭരണം തിരിച്ച് പിടിച്ചത്. അധികാരത്തിലേറിയ ആദ്യ മാസങ്ങളിൽ താലിബാൻ തെറ്റുകൾ വരുത്തിയിട്ടുണ്ടെന്നും 'കൂടുതൽ പരിഷ്‌കാരങ്ങൾക്കായി ഞങ്ങൾ പ്രവർത്തിക്കുമെന്നും മുത്താഖി പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam