ഐപിഎല്ലിലെ ഫ്ലോപ്പ് ഇലവനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര, 5 ഇന്ത്യന്‍ താരങ്ങള്‍ പട്ടികയില്‍
ദുബായ്: ഐപിഎല്ലില്‍(IPL 2021) ഇത്തവണ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നവരും അപ്രതീക്ഷിത സൂപ്പര്‍ താരങ്ങളായവരും നിരവധിപേരുണ്ട്. റുതുരാജ് ഗെയ്ക്‌വാദും(Ruturaj Gaikwad) ഹര്‍ഷല്‍ പട്ടേലും(Harshal Patel) വെങ്കടേഷ് അയ്യരുമെല്ലാം(Venkatesh Iyer) ഈ സീസണിലെ കണ്ടെത്തലുകളാകുമ്പോള്‍ ടീമിന്‍റെ നെടന്തൂണാവുമെന്ന് കരുതി തീര്‍ത്തും നിരാശപ്പെടുത്തിയവരും നിരവധി. അങ്ങനെയുള്ള 11 കളിക്കാരെ ഉള്‍പ്പെടുത്തി ഈ ഐപിഎല്ലിലെ ഫ്ലോപ്പ് ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര(Aakash Chopra). ആകാശ് ചോപ്ര തെരഞ്ഞെടുത്ത ഫ്ലോപ്പ് ഇലവനില്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ മൂന്ന് ഇന്ത്യന്‍ താരങ്ങളുമുണ്ടെന്നത് ശ്രദ്ധേയമാണ്.

ലിയാം ലിവിംഗ്‌സ്റ്റണ്‍: ബെന്‍ സ്റ്റോക്സും ജോസ് ബട്‌ലറും ജോഫ്ര ആര്‍ച്ചറുമൊന്നും ഇല്ലാതിരുന്ന രാജസ്ഥാന്‍ ടീമിന്‍റെ വലിയ പ്രതീക്ഷകളിലൊന്നായിരുന്നു ലിയാം ലിവിംഗ്‌സ്റ്റണ്‍. എന്നാല്‍ ഓപ്പണര്‍ മുതല്‍ പല പൊസിഷനിലും കളിച്ച താരം അഞ്ച് മത്സരങ്ങളില്‍ നിന്ന് നേടിയത് 8.4 ശരാശരിയില്‍ 42 റണ്‍സ്.
നിക്കൊളാസ് പുരാന്‍: ഇത്തവണയും പഞ്ചാബ് കിംഗ്സ് ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നില്‍ അവരുടെ മധ്യനിരയുടെ പരാജയംകൊണ്ടായിരുന്നു. പഞ്ചാബിനായി 12 മത്സരങ്ങളില്‍ കളിച്ച പുരാന്‍ 7.7 ശരാശരിയില്‍ നേടിയത് 85 റണ്‍സ്.
സുരേഷ് റെയ്ന: ചെന്നൈയുടെ എക്കാലത്തെയും വിശ്വസ്തനായ സുരേഷ് റെയ്നയാണ് ഫ്ലോപ്പ് ഇലവനിലെ മൂന്നാമത്തെ താരം. ബാറ്റിംഗിലെ സ്ഥിരതകൊണ്ട് മിസ്റ്റര്‍ ഐപിഎല്‍ എന്ന വിളിപ്പേര് നേടിയിട്ടുള്ള റെയ്ന ഇത്തവണ 12 കളികളില്‍ 17.7 ശരാശരിയില്‍ 160 റണ്‍സാണ് ആകെ നേടിയത്.
ഓയിന്‍ മോര്‍ഗന്‍: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഫൈനലിലേക്ക് നയിച്ചെങ്കിലും ബാറ്റ്സ്മാന്‍ എന്ന നിലയില്‍ മോര്‍ഗന്‍ സമ്പൂര്‍ണ പരാജയമായി. ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത മോര്‍ഗന്‍ 16 കളികളില്‍ ആകെ നേടിയത് 11.7 ശരാശരിയില്‍ 129 റണ്‍സ്.
Hardik Pandya
ഹാര്‍ദ്ദിക് പാണ്ഡ്യ: ഇത്തവണ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയ ഇന്ത്യന്‍ താരം. ബൗള്‍ ചെയ്തില്ല എന്നു മാത്രമല്ല ബാറ്റിംഗില്‍ 12 കളികളില്‍ 14.1 ശരാശരിയില്‍ നേടിയത് 127 റണ്‍സ് മാത്രവും.
റിയാന്‍ പരാഗ്: രാജസ്ഥാന്‍ മധ്യനിരയില്‍ തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടും കളഞ്ഞുകുളിച്ച താരം. 11 കളികളില്‍ ആകെ നേടിയത് 93 റണ്‍സ്.
ക്രുനാല്‍ പാണ്ഡ്യ: മുംബൈ ഇന്ത്യന്‍സില്‍ നിരാശപ്പെടുത്തിയ മറ്റൊരു ഇന്ത്യന്‍ താരമാണ് ക്രുനാല്‍ പാണ്ഡ്യ. ബാറ്റുകൊണ്ടും ബോളു കൊണ്ടും തിളങ്ങാതിരുന്ന പാണ്ഡ്യ 13 കളികളില്‍ 7.9 ശരാശരിയില്‍ നേടിയത് 53 റണ്‍സും വീഴ്ത്തിയത് അഞ്ച് വിക്കറ്റും.
കെയ്ല്‍ ജയ്മിസണ്‍: സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പൊന്നുംവിലക്ക് സ്വന്തമാക്കിയ ജയ്മിസണ്‍ ഒമ്പത് മത്സരങ്ങളില്‍ ആകെ വീഴ്ത്തിയത് 9 വിക്കറ്റ്. ഇക്കോണമിയാകട്ടെ 9.6.
ഡാന്‍ ക്രിസ്റ്റ്യന്‍: ഓസ്ട്രേലിയന്‍ ബിഗ് ബാഷില്‍ തകര്‍പ്പന്‍ പ്രകടനമാണെങ്കിലും ആര്‍സിബി കുപ്പായത്തില്‍ ക്രിസ്റ്റ്യന്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഒമ്പത് മത്സരങ്ങളില്‍ 9.3 ഇക്കോണമിയില്‍ ആകെ വീഴ്ത്തിയത് നാലു വിക്കറ്റ്.
ആര്‍ അശ്വിന്‍: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുള്ള അശ്വിന്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി 13 മത്സരങ്ങള്‍ കളിച്ചങ്കിലും നേടിയത് ഏഴ് വിക്കറ്റ് മാത്രം. 7.4 ഇക്കോണമി നിലനിര്‍ത്തി എന്നത് മാത്രമാണ് ഏക നേട്ടം.
ഭുവനേശ്വര്‍ കുമാര്‍: ഇന്ത്യയുടെ ലോകകപ്പ് ടീമിലിടം നേടിയ ഭുവനേശ്വര്‍ കുമാര്‍ ഐപിഎല്ലില്‍ തീര്‍ത്തും നിരാശപ്പെടുത്തി. 11 മത്സരങ്ങളില്‍ ഹൈദരാബാദിനായി ഭുവി ആകെ വീഴ്ത്തിയത് 6 വിക്കറ്റ് മാത്രം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!