ഏഴ് റൺസിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ മൂന്ന് വിക്കറ്റ് വീണപ്പോള്‍ കളി മുംബൈയുടെ വഴിക്കാണെന്ന് തോന്നി. അമ്പാട്ടി റായുഡു പരിക്കേറ്റ് മടങ്ങിയതിനെക്കാൾ ആഘാതം നായകന്‍ എം എസ് ധോണി മൂന്ന് റൺസിൽ വീണതായിരുന്നു.
എന്നാല്‍ റുതുരാജ് ഗെയ്‌ക്‌വാദ് കീഴടങ്ങാൻ ഒരുക്കമല്ലായിരുന്നു. സിഎസ്‌കെ ഓപ്പണർ 20 ഓവറും ക്രീസിലുറച്ചപ്പോൾ ചെന്നൈ തലയുയർത്തി. റുതുരാജ് 58 പന്തിൽ 88 റണ്‍സുമായി പുറത്താകാതെ നിന്നു. അതും സാക്ഷാല്‍ ബുമ്രയെ വരെ അനായാസം നേരിട്ട്.
ഒൻപത് ബൗണ്ടറിയും നാല് സിക്‌സറും അടങ്ങിയ ഇന്നിംഗ്സ് മുംബൈക്കെതിരെ ഒരു ചെന്നൈ താരത്തിന്റെ ഉയർന്ന സ്‌കോറെന്ന നേട്ടത്തിലും റുതുരാജിനെ എത്തിച്ചു. രവീന്ദ്ര ജഡേജയുടെ 26 റൺസും എട്ട് പന്തിൽ 23 റൺസെടുത്ത ഡ്വെയ്‌ന്‍ ബ്രാവോയുടെ പോരാട്ടവും ധോണിപ്പടയ്‌ക്ക് ഊർജ്ജമായി. ബോൾട്ടിനും മിൽനേയ്‌ക്കും ബുമ്രക്കും രണ്ട് വിക്കറ്റ് വീതം കിട്ടി.
മറുപടി ബാറ്റിംഗില്‍ ക്വിന്റൺ ഡികോക്കിനും രോഹിത് ശർമ്മയുടെ അഭാവത്തിൽ ഓപ്പണറായെത്തിയ അൻമോൽപ്രീത് സിംഗിനും മുംബൈക്ക് പ്രതീക്ഷിച്ച തുടക്കം നൽകാനായില്ല. സൂര്യകുമാർ യാദവിനെയും ഇഷാൻ കിഷനെയും നായകൻ കീറോണ്‍ പൊള്ളാർഡിനെയും ക്രുനാൽ പാണ്ഡ്യയെയും നിലയുറപ്പിക്കാന്‍ ചെന്നൈ അനുവദിച്ചില്ല.
സൗരഭ് തിവാരിയുടെ അർധസെഞ്ചുറി(50*) തോൽവിയുടെ ആഘാതം കുറച്ചുവെന്ന് മാത്രം. ബ്രാവോയ്‌ക്ക് മൂന്നും ദീപക് ചഹറിന് രണ്ടും വിക്കറ്റ് കീശയിലായി. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ അവസാന പന്തിൽ കളി കൈവിട്ട ചെന്നൈക്ക് ദുബായിലെ ജയം മധുരപ്രതികാരമായി. ഇതോടെ പോയിന്‍റ് പട്ടികയില്‍ സിഎസ്‌കെ ഒന്നാംസ്ഥാനത്തെത്തി.
ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ ത്രില്ലര്‍ ജയം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വമ്പന്‍ പ്രശംസയാണ് മത്സര ശേഷം ലഭിച്ചത്. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട റുതുരാജ് ഗെയ്‌ക്‌വാദിനായിരുന്നു കൂടുതല്‍ പ്രശംസയും. യഥാര്‍ഥ പേരിനൊപ്പം ഗെയ്‌ക്‌വാദുള്ള സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിനെ ഓര്‍മ്മിപ്പിച്ചായിരുന്നു വസീം ജാഫറിന്‍റെ ട്വീറ്റ്.