സ്വപ്‍നങ്ങള്‍ കണ്ണെഴുതിയ 'ഭാഗ്യദേവത', വൈറലായി ഫോട്ടോഷൂട്ട് !
First Published Jan 5, 2021, 4:13 PM IST
ഒറ്റദിവസം കൊണ്ട് പലരേയും ലക്ഷപ്രഭുക്കളും കോടിപതികളും ആക്കാൻ ലോട്ടറികൾക്ക് സാധിക്കാറുണ്ട്. ദിവസവും ലോട്ടറി എടുക്കുന്നവരും ആദ്യമായി ടിക്കറ്റ് എടുക്കുന്നവരും അക്കൂട്ടത്തിലുണ്ടാകും. അപ്രതീക്ഷിതമായി ഭാഗ്യം കൈവന്നവരും കുറവല്ല. എന്നാൽ, വളരെ പ്രതീക്ഷയിൽ ലോട്ടറികൾ എടുത്ത് നിരാശരായവരുടെ എണ്ണം കൂടുമെന്ന് മാത്രം. ഇപ്പോഴിതാ ഇങ്ങനെ നിരാശരായി ലോട്ടറികൾ വലിച്ചെറിയുന്നവരെ കണ്ടപ്പോഴുണ്ടായ ആശയത്തിൽ നിന്ന് രൂപപ്പെട്ട ഒരു ഫോട്ടോഷൂട്ടാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. പൂർണമായും ലോട്ടറി ടിക്കറ്റുകൾ കൊണ്ടാണ് ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഫോട്ടോഗ്രാഫറും കലാകാരനുമായ സുനിൽ സ്നാപ് ആണ് ഷൂട്ട് ഒരുക്കിയത്. വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ടിനെ പറ്റിയും അത് യാഥാർത്ഥ്യമായതിനെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുകയാണ് സുനിൽ.

ആളുകൾ നിരാശയോടെ ടിക്കറ്റുകള്‍ വലിച്ചെറിയുന്നത് കണ്ടപ്പോൾ...
എവിടെ നോക്കിയാലും നമുക്ക് ലോട്ടറി ടിക്കറ്റുകൾ വിൽക്കുന്നവരെ കാണാനാകും. അതുപോലെ തന്നെ ടിക്കറ്റുകൾ എടുത്ത് സമ്മാനം ലഭിക്കാതെ ലോട്ടറികൾ വലിച്ചെറിയുന്നവരെയും. ഞാനും അത്യാവശ്യം ലോട്ടറി എടുക്കാറുള്ള ആളാണ്. ആഴ്ചയിൽ ഒരുദിവസമെങ്കിലും ഞാൻ ലോട്ടറി എടുക്കും.

ഇടയ്ക്ക് 5000 രൂപ അടിച്ചിട്ടുമുണ്ട്. ടിക്കറ്റ് എടുക്കുമ്പോൾ നമ്മളുടെ പ്രതീക്ഷ എന്തെങ്കിലും സമ്മാനം ലഭിക്കുമെന്നാണ്. എന്നാൽ, ആളുകൾ നിരാശയോടെ ലോട്ടറി ടിക്കറ്റുകൾ വലിച്ചെറിയുന്നത് കാണാനിടയായി. അപ്പോഴാണ് ഇങ്ങനെ ഒരാശയം തോന്നിയത്.
Post your Comments