- Home
- News
- Kerala News
- ഒരു പവൻ സ്വർണം, കുഴിമന്തി, ഒരു ലക്ഷം; വീണാ ജോർജിനെ ആക്രമിക്കുന്ന വീഡിയോ ഹാജരാക്കുന്നവർക്ക് വൻ ഓഫർ
ഒരു പവൻ സ്വർണം, കുഴിമന്തി, ഒരു ലക്ഷം; വീണാ ജോർജിനെ ആക്രമിക്കുന്ന വീഡിയോ ഹാജരാക്കുന്നവർക്ക് വൻ ഓഫർ
ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ കണ്ടെത്താനായില്ല. ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് യൂത്ത് കോൺഗ്രസും കെഎസ്‍യുവും പാരിതോഷികം പ്രഖ്യാപിച്ചു

കയ്യേറ്റം ചെയ്യുന്ന ദൃശ്യം കിട്ടിയില്ല
ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെഎസ്‍യുക്കാർ ആക്രമിച്ചു എന്നതിന് തെളിവായി ദൃശ്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പരിശോധിച്ചെങ്കിലും മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ കിട്ടിയിട്ടില്ല. ഇതോടെ ദൃശ്യം ഹാജരാക്കാൻ വെല്ലുവിളിയും ചാലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്‍യുവും യൂത്ത് കോണ്‍ഗ്രസും.
ഒരു പവൻ യൂത്ത് കോൺഗ്രസ് വക
ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ അക്രമിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് ഒരു പവൻ സ്വർണം സമ്മാനമായി നൽകുമെന്ന് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
കെഎസ്‍യു വക കുഴിമന്തി
വീണാ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കിയാൽ കുഴിമന്തി നൽകാം എന്നാണ് കെഎസ്‍യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ പ്രഖ്യാപനം. പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസും കുഴിമന്തി ഓഫറുമായി രംഗത്തെത്തി.
ദൃശ്യം കൊണ്ടുവാ, ഒരു ലക്ഷം തരാമെന്ന് അബിൻ വർക്കി
വീണ ജോർജിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യം കൊണ്ടുവന്നാൽ ഒരു ലക്ഷം രൂപ പാരിതോഷികം നൽകാമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. കോൺഗ്രസിന്റെ വയനാട് പുനരധിവാസ പദ്ധതിയുടെ തറക്കല്ലിടൽ ഇന്ന് രാഹുൽ ഗാന്ധി നിർവ്വഹിക്കുകയാണ്. അത് വാർത്തയിൽ നിന്ന് മാറ്റാനുള്ള 'കിണർഗോലു' തന്ത്രമെന്നും അബിൻ വർക്കി
ദൃശ്യവുമായി സിപിഎം
പ്രതിഷേധത്തിനല്ല കൊലപാതകത്തിന് ആയിരുന്നു കെഎസ്‌യുകാരുടെ ശ്രമമെന്നും ഈ ദൃശ്യങ്ങളിൽ അത് വ്യക്തമാണ് എന്നുമാണ് സിപിഎം നേതാക്കൾ പറഞ്ഞത്. മന്ത്രി വീണാ ജോര്‍ജിന്‍റെ കഴുത്തിന്റെ വലതുഭാഗത്താണ് പരിക്കുള്ളത്. കഴുത്ത് അനക്കാൻ ആകുന്നില്ലെന്ന് എം വി ജയരാജൻ പറഞ്ഞു. മന്ത്രി നിന്നിരുന്നതിന്‍റെ വലതു ഭാഗത്തേക്ക് കറുത്ത തുണിയുമായി ഒരാൾ വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്, റീത്ത് വെച്ച് മന്ത്രിയെ വധിക്കാനായിരുന്നു നീക്കമെന്നും എം വി ജയരാജൻ ആരോപിച്ചു.
ആ ദൃശ്യത്തിലുള്ളത് കരിങ്കൊടിയല്ലെന്ന് കെഎസ്‍യു
എന്നാൽ മന്ത്രിയുടെ കഴുത്തു വരെയെത്തിയത് കരിങ്കൊടി അല്ല, ഗൺമാൻ എം എസ് അഭിലാഷിന്റെ വസ്ത്രമാണെന്ന് വി ഡി സതീശനും മറ്റു കോണ്‍ഗ്രസ് നേതാക്കളും. റെയിൽവേ സ്റ്റേഷനിലേക്ക് കയറി വരുമ്പോൾ മന്ത്രിയുടെ ഇടതു ഭാഗത്ത് ഉണ്ടായിരുന്ന ഗൺമാൻ പ്രതിഷേധമുണ്ടായപ്പോൾ മന്ത്രിക്ക് രക്ഷ ഒരുക്കാൻ വലതു ഭാഗത്തേക്ക് മാറി. ഗൺമാന്റെ കരിനീല യൂണിഫോം ആണ് കറുത്ത തുണിയായി സിപിഎം പ്രചരിപ്പിക്കുന്നത്. ഗൺമാന്റെ ഷോൾഡർ ബാഗിന്റെ വള്ളിയും ദൃശ്യങ്ങളിൽ സൂക്ഷിച്ചു നോക്കിയാൽ കാണാമെന്നും സിപിഎം നേതാക്കൾ കള്ളം പ്രചരിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ്.
യൂത്ത് കോൺഗ്രസുകാരുടെ ചക്ക സമരം
അതിനിടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ യൂത്ത് കോൺഗ്രസുകാരുടെ ചക്ക സമരം. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയ വൃദ്ധന്‍റെ തലയിൽ ചക്ക വീണിരുന്നു. അത്യാഹിത വിഭാഗത്തിനു മുൻപിലുള്ള പ്ലാവിൽ നിന്നാണ് ചക്ക അടർന്നുവീണത്. അനാസ്ഥ ആരോപിച്ചാണ് സമരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam