'എ 74' ഹിമപാളി അന്‍റാര്‍ട്ടിക്കില്‍ നിന്ന് വേര്‍പിരിയുന്നതായി ശാസ്ത്രലോകം

First Published Mar 8, 2021, 3:31 PM IST

1960 കളുടെ അവസാനത്തോടെയാണ് ലോകത്ത് കാലാവസ്ഥാ മാറ്റങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നത്. ഭൌമോപരിതലത്തിലെ ചൂട് കൂടുന്നതും കടലിന്‍റെ ജലനിരപ്പുയരുന്നതുമായിരുന്നു ആദ്യകാല പ്രത്യക്ഷ കാലാവസ്ഥാമാറ്റങ്ങള്‍. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറത്ത് കാലവസ്ഥാ മാറ്റങ്ങള്‍ വലിയ തോതിലാണ് ഭൂമുഖത്ത് പ്രത്യക്ഷമാകുന്നത്. വേനല്‍ കാലങ്ങളില്‍ പതിവില്‍ കവിഞ്ഞും ലോകത്തിലെ കാടുകള്‍ അഗ്നിക്കിരയാകുന്നതും മഹാമാരികളും പ്രളയവും കൊടുങ്കാറ്റുകളും മറ്റും കാലാവസ്ഥാ മാറ്റത്തിന്‍റെ മുന്നോടിയാണെന്ന് ഇന്ന് പഠനങ്ങള്‍ തെളിവ് നല്‍കുന്നു. ഇതിനിടെ അന്‍റാര്‍ട്ടിക്കയില്‍ ഭീമന്‍ ഹിമപാളിയായ ബ്രന്‍റ് ഐസ് ഷെൽഫിന് വിള്ളന്‍ സംഭവിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 

 

അന്‍റാര്‍ട്ടിക്കിയിലെ വെഡ്ഡെൽ കടലിന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള ലാർസൻ സി ഐസ് ഷെൽഫിൽ നിന്ന് 2017 ജൂലൈയിൽ വേര്‍പിരിഞ്ഞ എ 68 ബെർഗ് എന്ന ഹിമത്തോളം വലുതല്ലെങ്കിലും ഏതാണ്ട് അതിന്‍റെ അടുത്തെത്തുന്ന വലിപ്പമുള്ള ഒരു വലിയ ഹിമപാളി പൊട്ടിത്തുടങ്ങിയതായി ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നു. ഇപ്പോള്‍ വേര്‍പിരിഞ്ഞ് തുടങ്ങിയ ഹിമപാളിക്ക് ആദ്യം ഈ  5,800 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പല കാലങ്ങളിലായി നിരവധി ചെറിയ ഹിമ പാളികള്‍ ഇവിടെ നിന്നും മുറിഞ്ഞ് പോയിരുന്നു.  ഇതേ തുടര്‍ന്ന് പുതിയ ഐസ് ബെര്‍ഗ് 1,290 ചതുരശ്ര കിലോമീറ്റര്‍ നീളമുണ്ടാകാമെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ പറയുന്നു. ഹിമാനികളുടെ പൊങ്ങിക്കിടക്കുന്ന നീരൊഴുക്കായ ബ്രന്‍റ് ഐസ് ഷെൽഫിലാണ് പുതിയ വേര്‍പിരിയല്‍ സംഭവിക്കുന്നത്.