യൂട്ടാ മരുഭൂമിയിലെ ലോഹസ്തൂപം; വന്നു, വന്നത് പോലെ പോയി
First Published Nov 30, 2020, 10:29 AM IST
അമേരിക്കയിലെ യൂട്ടാ മരൂഭൂമിയില്‍ കണ്ടെത്തിയ തിളങ്ങുന്ന ലോഹസ്തൂപം അപ്രത്യക്ഷമായതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നവംബര്‍ 18 നാണ് യൂട്ടാ മരുഭൂമിയില്‍ അജ്ഞാതമായൊരു ലോഹസ്തൂപം കണ്ടെത്തിയതായി യൂട്ടാ മരുഭൂമിയില്‍ മൃഗങ്ങളുടെ സര്‍വ്വേ എടുക്കുന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. മരുഭൂമിയില്‍ എവിടെയാണ് ഇത് കണ്ടെത്തിയതെന്ന് മാത്രം ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നില്ല. ലോഹസ്തൂപം കാണാനായി ഏറെ ആളുകള്‍ എത്തിചേരാന്‍ സാധ്യതയുള്ളതിനാലാണ് ഉദ്യോഗസ്ഥര്‍ സ്ഥലം വെളിപ്പെടുത്താതിരുന്നത്. വിജനമായ പ്രദേശത്ത് അജ്ഞാതമായ ലോഹസ്തൂപം കണ്ടെത്തിയത് ഏറെ അത്ഭുതത്തോടെയാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്. ലോഹസ്തൂപം കണ്ടെത്തിയെന്ന വെളിപ്പെടുത്തലുണ്ടായി 48 മണിക്കൂറിനുള്ളില്‍ സാഹസികരായ സഞ്ചാരികള്‍ സ്തുപം കണ്ടെത്തി. ഇതോടെ ഇന്‍സ്റ്റാഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളില്‍ യൂട്ടയിലെ ലോഹസ്തൂപം തരംഗമായി മാറിയിരുന്നു. ഇതിനിടെയാണ് പെടുന്നനെ ലോഹസ്തൂപം കാണാനില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച സഞ്ചാരികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്.

അമേരിക്കയുടെ പടിഞ്ഞാറന്‍ പ്രദേശത്തെ സംസ്ഥാനമായ യൂട്ടാ ഭൂഘടനയില്‍ ഏറെ വ്യത്യസ്തമായ ഒരു പ്രദേശമാണ്. വരണ്ട ഭൂമിയും ഒറ്റ തിരിഞ്ഞ് എന്നാല്‍ നീണ്ടുകിടക്കുന്ന ചുവന്ന പാറക്കൂട്ടങ്ങള്‍ ചേര്‍ന്നതുമായ വിശാലമായ പ്രദേശമാണ് യൂട്ടാ. സാഹസികരായ സഞ്ചാരികള്‍ യാത്രകള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന പ്രദേശം.

ഭൂമിയുടെ ഘടന കൊണ്ട് വിജനമായ പ്രദേശത്തെ കന്നുകാലികളുടെയും ആടുകളുടെയും സര്‍വ്വേയ്ക്കായി ഹെലികോപ്റ്ററില്‍ സഞ്ചരിച്ച യൂട്ടയിലെ ഉദ്യോഗസ്ഥരാണ് ആദ്യം ലോഹസ്തുപം കണ്ടെത്തുന്നത്. ലോഹസ്തൂപം ആദ്യം കണ്ടെത്തിയ ഹെലിക്കോപ്റ്റര്‍ പൈലറ്റ് ബ്രെറ്റ് ഹച്ചിംഗ്സ് ഇത് പുതിയ ചില വേവ് ആർട്ടിസ്റ്റുകളുടെ സൃഷ്ടിയായിരിക്കാമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
Post your Comments