താലിബാന്‍ തകര്‍ത്തെറിഞ്ഞ ബാമിയാന്‍ താഴ്‍വരയിലെ ബുദ്ധനെ വീണ്ടെടുത്ത് ജപ്പാന്‍
തൊണ്ണൂറുകളുടെ പകുതിയോടെ അഫ്ഗാനിസ്ഥാന്‍ (Afghanistan) കീഴടക്കിയ താലിബാന്‍ തീവ്രവാദികള്‍ (Taliban militants) 2001 ല്‍ അഫ്ഗാനിസ്ഥാനിലെ ബാമിയാന്‍ ( Bamiyan valley ) കുന്നുകളുടെ താഴ്വരയില്‍ ഏഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ബുദ്ധ ശില്പങ്ങളും ചിത്രങ്ങളും തകര്‍ത്തു. ശില്പങ്ങള്‍ക്കും ചുമര്‍ ചിത്രങ്ങള്‍ക്കും മേല്‍ ബോംബും മിസൈലും വര്‍ഷിച്ചായിരുന്നു മറ്റ് മതങ്ങളോടുള്ള അസഹിഷ്ണുത താലിബാന്‍ തീവ്രവാദികള്‍ പ്രകടിപ്പിച്ചത്. ലോക പൈതൃകമായി കണക്കാക്കപ്പെട്ടിരുന്ന ബുദ്ധ ശില്പങ്ങള്‍ തകര്‍ന്നപ്പോള്‍, ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം ജപ്പാന്‍, ബാമിയാന്‍ താഴ്വരയിലെ ബുദ്ധന്‍റെ ചുവർചിത്രത്തിനെ 'സൂപ്പര്‍ ക്ലോണി'ലൂടെ (super clone)വീണ്ടെടുത്തിരിക്കുകയാണ്.
പരമ്പരാഗതവും ഡിജിറ്റൽ സാങ്കേതിക വിദ്യകളും സംയോജിപ്പിച്ച് നിര്‍മ്മിച്ച ബുദ്ധ ചിത്രത്തിന്‍റെ "ആത്മാവ്" ഭാവി തലമുറകൾക്കായി സംരക്ഷിക്കുമെന്ന് അവർ പറഞ്ഞു. ബാമിയാൻ താഴ്‌വരയിലെ രണ്ട് കൂറ്റൻ ബുദ്ധ പ്രതിമകളും മറ്റ് പുരാവസ്തുക്കളും സഹിതം 2001-ൽ തകർക്കപ്പെട്ട ഏഴാം നൂറ്റാണ്ടിലെ ഗുഹാചിത്രത്തിന്‍റെ ഒരു ചെറുശകലം പോലും അവശേഷിപ്പിച്ചിരുന്നില്ല.
എന്നാല്‍ കാബൂളിൽ താലിബാൻ അധികാരത്തിൽ നിന്ന് നിഷ്കാസിതരായി ഏതാനും ആഴ്ചകൾക്ക് ശേഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ തന്നെ, അത്യാധുനിക കാലാ പുനർനിർമ്മാണ ഉപകരണങ്ങളുടെ സഹായത്തോടെ ബാമിയാനിലെ ബുദ്ധ ചിത്രത്തിന്‍റെ ഒരു കൃത്യമായ പകർപ്പ്, ടോക്കിയോയിലെ ഒരു മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെട്ടു.
പ്രശസ്തമായ പ്രതിമകൾക്ക് സമീപമുള്ള ഒരു ഗുഹയുടെ മേൽക്കൂരയിലെ ചുവരില്‍ വരച്ചിരുന്ന ചിത്രത്തിൽ ഒരു നീല ബോധിസത്വനെയാണ് ചിത്രീകരിച്ചിരുന്നത്. അല്ലെങ്കിൽ ബുദ്ധനാകാനുള്ള പാതയിലുള്ള ഒരാളുടെ ചിത്രമായിരുന്നു അതെന്ന് കരുതപ്പെടുന്നു.
ആറ് മീറ്റർ നീളവും മൂന്ന് മീറ്റർ ഉയരവുമുള്ള, സങ്കീർണ്ണമായ പൂർണ്ണ വലുപ്പത്തിലുള്ള പകർപ്പിനെ ടോക്കിയോ യൂണിവേഴ്സിറ്റി ഓഫ് ആർട്‌സിലെ റീപ്രൊഡക്ഷൻ ടീം "സൂപ്പർ ക്ലോൺ" എന്നാണ് വിശേഷിപ്പിച്ചത്.'
' ത്രിമാനങ്ങളിൽ വളരെ കൃത്യമായ പ്രതിനിധാനം പുനഃസൃഷ്ടിക്കുന്നതിൽ തങ്ങൾ വിജയിച്ചു. പ്രത്യേകിച്ചും ചിത്രത്തിന്‍റെ ഘടന മുതൽ പെയിന്‍റ് വരെ " ചിത്രത്തിന്‍റെ പുനസംഘാടന സംഘത്തിലുണ്ടായിരുന്ന തകാഷി ഇനോ പറഞ്ഞു.
ജാപ്പനീസ് ബുദ്ധമതത്തിന്‍റെ ജന്മസ്ഥലങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന പുരാതന നാഗരികതകളുടെ ഇടനാഴികളിലൊന്നാണ് ബാമിയാന്‍. ആദ്യ താലിബാന്‍റെ പിന്‍മാറ്റ കാലം മുതല്‍ ഇവിടുത്തെ പൈതൃക സംരക്ഷണ പ്രവർത്തനങ്ങളിൽ ജപ്പാൻ ഏർപ്പെട്ട് വരികയായിരുന്നു. അഫ്ഗാനിസ്ഥാന്‍റെ ഒരു പ്രധാന ദാതാവ് കൂടിയായിരുന്നു ജപ്പാന്‍.
ചുമര്‍ ചിത്രം (mural painting) നശിപ്പിക്കപ്പെടുന്നതിന് മുമ്പ് ജാപ്പനീസ് പുരാവസ്തു ഗവേഷകർ എടുത്ത 100-ലധികം വരുന്ന ഫോട്ടോഗ്രാഫുകൾ സംഘം ഡിജിറ്റലായി പ്രോസസ്സ് ചെയ്തു. തുടര്‍ന്ന് ചിത്രത്തിന്‍റെ ഉപരിതലത്തിന്‍റെ കമ്പ്യൂട്ടർവത്കൃത മോഡൽ സൃഷ്ടിച്ചു.
ഇങ്ങനെ ലഭിച്ച ഡാറ്റ ഒരു മെഷീനിലേക്ക് കടത്തി വിടുകയും അത് വഴി ഒരു സ്റ്റൈറോഫോം ബ്ലോക്കി (styrofoam block) ലേക്ക് കൃത്യമായ രൂപം കൊത്തിയെടുക്കുകയുമായിരുന്നു. ഒറിജിനൽ മ്യൂറലിനായി ഉപയോഗിച്ചതിന് സമാനമായ ലാപിസ് ലാസുലി ( lapis lazuli) ഷേഡിൽ ഒരു പരമ്പരാഗത ചിത്രം കലാകാരന്മാർ പുനഃസൃഷ്ടിച്ചു.
"നമുക്ക് നശീകരണം അവസാനിപ്പിക്കാം. നമുക്ക് വിലമതിക്കാനാവാത്ത സംസ്കാരം - മനുഷ്യരാശിയുടെ പൈതൃകം - ഒരുമിച്ച് സംരക്ഷിക്കാം." യുറേഷ്യൻ സാംസ്കാരിക പൈതൃകത്തിൽ വൈദഗ്ധ്യം നേടിയ പ്രൊഫസർ ഇനോ പറഞ്ഞു.
2021 ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സേന പിൻവാങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, താലിബാൻ കാബൂൾ കീഴടക്കി. ഇത് 1996 മുതൽ 2001 വരെയുള്ള താലിബാന്‍റെ ക്രൂരമായ ഭരണത്തിലേക്ക് അഫ്ഗാന്‍ തിരിച്ചുവരികയാണെന്ന ഭയം സൃഷ്ടിച്ചു.