മഞ്ഞലോഹത്തോട് എന്നും പ്രതിപത്തി കാത്തുസൂക്ഷിച്ചിട്ടുള്ള ഒരു രാജ്യമാണ് ഇന്ത്യ. അതുകൊണ്ടാവണം, ഈ രാജ്യത്തിൻറെ ഓരോ ആഘോഷങ്ങളിലും സ്വർണാഭരണങ്ങളുടെ സാന്നിധ്യമുണ്ടായിട്ടുളളത്. കഴിഞ്ഞ കുറേ വർഷങ്ങളായി ലൈറ്റ് വെയ്റ്റ് ജ്വല്ലറിയും, അമൂല്യമായ സ്റ്റോണുകൾ പതിപ്പിച്ചുള്ള ആഭരണങ്ങളുമാണ് ട്രെൻഡ്. എന്നിരുന്നാലും, സ്വർണ്ണം അതിന്റേതായ പ്രസക്തി എന്നും നിലനിർത്തിപ്പോന്നിട്ടുണ്ട്.

സ്വർണം ഒരുകാലത്തും ഔട്ടോഫ് ഫാഷൻ ആകാതിരിക്കുന്നത് വളരെ കൃത്യമായ ചില കാരണങ്ങളാലാണ്. അവയാണ് ഇനി.

1. സ്വർണ്ണാഭരണങ്ങൾ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണ്. അവ വെറുമൊരു ട്രെൻഡ് അല്ല, നമ്മുടെ പാരമ്പര്യത്തിന്റെ അവിഭാജ്യമായ ഘടകമാണ്. അതുകൊണ്ടാണ്, പലപ്പോഴും താത്പര്യങ്ങൾ ലൈറ്റ് ജ്വല്ലറിയിലേക്കും, കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളിലേക്കും ഒക്കെ നീങ്ങിയിട്ടും, സ്വർണ്ണം ഇപ്പോഴും ആഭരണങ്ങളിൽ അതിന്റെ സാന്നിധ്യം നിലനിർത്തിയിരിക്കുന്നത്.

2.ഇന്ത്യയിലും, വിദേശങ്ങളിൽപോലും സ്വർണ്ണമെന്നത് സുരക്ഷിതമായൊരു നിക്ഷേപമെന്നാണ് കണക്കാക്കപ്പെടുന്നത്. വിവാഹം ചെയ്തയക്കുന്ന മക്കൾക്ക് അച്ഛനമ്മമാർ ഭാവിയിലേക്കുള്ള ഒരു നിക്ഷേപമെന്ന നിലയിലാണ് സ്വർണ്ണം സമ്മാനമായി നൽകുന്നത്. കുഞ്ഞുങ്ങൾ പിറന്നു വീഴുന്ന സമയം തൊട്ടുതന്നെ വർഷാവർഷം അല്പാല്പമായി സ്വർണം വാങ്ങി സൂക്ഷിക്കുന്നു. കുഞ്ഞു പിറക്കുമ്പോൾ സ്വർണം വാങ്ങുന്നത് ഐശ്വര്യസൂചകമായും കണക്കാക്കപ്പെടുന്നു.

3. സ്വർണം ഏറെനാൾ ഈടുനിൽക്കുന്ന ഒരു ലോഹമാണ്. തലമുറകൾ കൈമാറിവന്നാലും പരിശുദ്ധമായ സ്വർണത്തിന്റെ മാറ്റുകുറയുകയോ ഒളി മങ്ങുകയോ ചെയ്യില്ല. അതുകൊണ്ടുകൂടിയാണ് സ്വർണം ഇത്രമേൽ പ്രിയകരമായി ഇന്നും തുടരുന്നത്.

4. സ്വർണ്ണം അണിയാൻ തീരുമാനിച്ചാൽ പിന്നെ സാദ്ധ്യതകൾ അനന്തമാണ്. സ്വർണ്ണമെന്ന ലോഹത്തെ പരശ്ശതം ഡിസൈനുകളിലായി. കമ്മലുകൾ, വളകൾ, മാലകൾ, നെക്ക് ലേസുകൾ, ബ്രേസ് ലെറ്റുകൾ, അരപ്പട്ടകൾ, തോൾപ്പട്ടകൾ, പതക്കങ്ങൾ എന്നിങ്ങനെ അനവധി ആഭരണങ്ങളാക്കി മാറ്റാം. ധരിക്കുന്നയാളിന്റെ അഭിരുചിക്കനുസരിച്ച് ഏത് ഡിസൈൻ വേണമെങ്കിലും തെരഞ്ഞെടുക്കാം.

5. സ്വർണ്ണം വളരെ യൂസർ ഫ്രണ്ട്ലി ആണ്. മറ്റുപല ലോഹങ്ങളെയും പോലെ കാലാവസ്ഥയിലുള്ള മാറ്റങ്ങളോട് അവ പ്രതികരിക്കുന്നില്ല. ധരിക്കുന്നയാളിൽ വിശേഷിച്ച് ഒരലർജിയും ഈ ലോഹമുണ്ടാക്കുന്നുമില്ല. അതുകൊണ്ടുകൂടിയാണ് മറ്റുള്ള ലോഹങ്ങളേക്കാൾ സ്വർണ്ണത്തിന് ജനപ്രിയത ഏറിയിരിക്കുന്നത്.

6. നിരവധി ഡിസൈനുകളിൽ ബ്രൈഡൽ ജൂവലറി ലഭ്യമാണ്. ജടാവു, പോൽകി, കുന്ദൻ, മീനകാരി, ടെമ്പിൾ അങ്ങനെ പല ഡിസൈനുകളുണ്ട്. സ്വന്തം ഇഷ്ടങ്ങൾക്കും, വെഡിങ്ങ് തീമുകൾക്കും അനുയോജ്യമായ രീതിയിലുള്ള ആഭരണങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വധുവിന് ലഭിക്കുന്നുണ്ട്.

7. സ്വർണ്ണാഭരണങ്ങളുടെ പല ഡിസൈനുകളും പിന്നീട് തിരിച്ചുവരവ് നടത്തും. ഒരുകാലത്ത് ഫാഷനായി നിന്ന ഒരു ആഭരണം വാങ്ങി, അത് ഔട്ട് ഓഫ് ഫാഷനായി എന്ന് ധരിക്കേണ്ടതില്ല. കാരണം, സ്വർണ്ണത്തിന്റെ കാര്യത്തിൽ, ഫാഷനുകൾ പിന്നീടും തിരിച്ചുവരവ് നടത്തിയ ചരിത്രങ്ങൾ ഏറെയുണ്ട്. ഇടക്കൊക്കെ ലളിതമായ ലൈറ്റ് വെയ്റ്റ് ജ്വല്ലറിയുടെ ഫാഷനായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, മുൻ കാലങ്ങളിലെ കുന്ദൻ, ടെമ്പിൾ ജൂവലറികൾ താമസിയാതെ ശക്തമായ തിരിച്ചുവരവുനടത്തിയതും നമ്മൾ കണ്ടു. ഇത്തരത്തിലുള്ള അനുഭവങ്ങൾ സ്വർണ്ണം വാങ്ങി ദീർഘകാലം സൂക്ഷിക്കുന്നവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ്.