ശരീരഭാരം കൂടിയാൽ പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, വിഷാദരോ​ഗം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. തടി കുറയ്ക്കാൻ മിക്കവരും ചെയ്തു വരുന്നത് ഡയറ്റ് തന്നെയാണ്. ഡയറ്റ് എന്ന പേരിൽ പട്ടിണി കിടക്കുന്ന രീതിയാണ് കണ്ട് വരുന്നത്. അത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഡയറ്റുകളിലൊന്നാണ് ലെമൺ ഡയറ്റ്.  ശരീരത്തിലെ അനാവശ്യമായ ടോക്സിനുകളെ ഇല്ലാതാക്കാന്‍ ലെമണ്‍ ഡയറ്റിലൂടെ കഴിയും. കൊഴുപ്പ് പ്രധാനമായും അടിഞ്ഞുകൂടുന്നത് അടിവയറ്റിലാണ്. ഇത് ഒഴിവാക്കാനും സാധിക്കും. ദഹനം എളുപ്പമാക്കാനും ലെമൺ ഡയറ്റ് സഹായിക്കുന്നു. ലെമൺ ഡയറ്റ് ജ്യൂസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

ആവശ്യമുള്ളവ...

വെള്ളം                                                                  8 ​ഗ്ലാസ്
നാരങ്ങ നീര്                                                        6 (നാരങ്ങയുടെ നീര്)
തേൻ                                                                      അരക്കപ്പ്
ഐസ്‌ക്യൂബ്സ്                                                         അൽപം
കര്‍പ്പൂര തുളസിയുടെ ഇലകൾ                      ആവശ്യത്തിന്

ആദ്യം ഒരു പാത്രത്തില്‍ അല്‍പം വെള്ളമെടുത്ത് നന്നായി തണുപ്പിക്കുക. പിന്നീട് മേൽപ്പറഞ്ഞ  വസ്തുക്കളെല്ലാം ഇതില്‍ ചേര്‍ക്കുക. രണ്ടു മിനിട്ട് ചൂടാക്കുക. ഇതിനുശേഷം ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. പുറത്തെടുത്ത് തണുപ്പ് മാറിയതിന് ശേഷം ഇത് അല്പാല്പം കുടിക്കുക. ദിവസവും 3 നേരമാണ് കുടിക്കേണ്ടത്. കുടിക്കുന്നതിനു മുന്‍പ് ഒരു ഐസ്‌ക്യൂബ് ഈ പാനീയത്തിലിടുക. ലെമൺ ഡയറ്റിനുള്ള പാനീയമാണ് ഇത്. 14 ദിവസം തുടർച്ചയായി ഈ പാനീയം കുടിക്കുക. 

ലെമൺ ഡയറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്...

ബ്രേക്ക് ഫാസ്റ്റിന് ദോശ, ചപ്പാത്തി, പുട്ട് പോലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. പകരം കഴിക്കേണ്ടത് ഫ്രൂട്ട് സലാഡോ വേവിച്ച പച്ചക്കറിയോ മാത്രമേ കഴിക്കാവൂ. ഉച്ചഭക്ഷണത്തിന് ചോറ് ഒഴിവാക്കുക. പകരം കഴിക്കേണ്ടത് പുഴുങ്ങിയ മുട്ടയും വെജിറ്റബിൾ സാലഡും. അത്താഴത്തിന് ചപ്പാത്തിയോ ചോറോ കഴിക്കുന്നത് ഒഴിവാക്കുക. പകരം ഏതെങ്കിലും നടസ്, വേവിച്ച പച്ചക്കറികൾ എന്നിവ കഴിക്കാം.