ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുതല്‍ ഇപ്പോള്‍ രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ വരെയുള്ള സമയം കൊണ്ട് മാസ്ക് ധരിക്കുക എന്ന പുതിയ ശീലവുമായി നമ്മളില്‍ മിക്കവരും പൊരുത്തപ്പെട്ടുകഴിഞ്ഞു. എങ്കിലും മാസ്ക് ഉണ്ടാക്കുന്ന ചില വിഷമതകള്‍ പരിഹരിക്കപ്പെടുന്നില്ല.

കൊവിഡ് 19മായുള്ള നമ്മുടെ പോരാട്ടം ( Covid 19 Resistance ) ഇന്നും തുടരുകയാണ്. ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ (Virus Mutants ) സ്വൈര്യവിഹാരം നടത്തുമ്പോള്‍ ഇനിയും ശക്തിയേറി തരംഗങ്ങള്‍ ആഞ്ഞടിക്കുമെന്ന സാധ്യതകള്‍ നിലനില്‍ക്കുമ്പോള്‍ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ പാലിച്ചേ മതിയാകൂ. 

മാസ്ക് ധരിക്കുക എന്നതാണ് കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. മാസ്ക് ധരിക്കുന്നതിലൂടെ രോഗിയില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗകാരിയായ വൈറസ് എത്തുന്നതും വൈറസ് നമ്മുടെ ശരീരത്തിലേക്ക് കടക്കുന്നതും തടയപ്പെടുന്നു. ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുതല്‍ ഇപ്പോള്‍ രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ വരെയുള്ള സമയം കൊണ്ട് മാസ്ക് ധരിക്കുക എന്ന പുതിയ ശീലവുമായി നമ്മളില്‍ മിക്കവരും പൊരുത്തപ്പെട്ടുകഴിഞ്ഞു. 

എങ്കിലും മാസ്ക് ഉണ്ടാക്കുന്ന ചില വിഷമതകള്‍ പരിഹരിക്കപ്പെടുന്നില്ല. ശ്വാസതടസം, കാഴ്ച മറയുന്ന അവസ്ഥ തുടങ്ങി പല ബുദ്ധിമുട്ടുകളും മാസ്ക് ഉണ്ടാക്കുന്നുണ്ട്. അതുപോലെ തന്നെ മാസ്ക് ഉണ്ടാക്കുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് മുഖക്കുരു. മാസ്ക് ധരിക്കുന്നത് കൊണ്ട് മുഖക്കുരു വരില്ലെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ മാസ്ക് മുഖക്കുരുവിന് ഇടയാക്കാം എന്നുതന്നെയാണ് ഡെര്‍മറ്റോളജിസ്റ്റുകള്‍ പറയുന്നത്. 

ദീര്‍ഘസമയം മാസ്ക് ധരിക്കുമ്പോള്‍ മുഖത്തെ അത്രയും ഭാഗത്ത് വിയര്‍പ്പും അഴുക്കും കെട്ടിക്കിടക്കുകയും ഇത് രോമകൂപങ്ങളില്‍ ഇറങ്ങി മുഖക്കുരു ആവുകയുമാണ് ചെയ്യുന്നത്. അതുപോലെ തന്നെ രോഗകാരികളായ ബാക്ടീരിയ പോലുള്ള സൂക്ഷമാണുക്കളും സമാനമായ രീതിയില്‍ മാസ്ക് ധരിക്കുന്ന ഭാഗത്ത് 'ലോക്ക്' ആയിപ്പോകുന്നു. ഇത് മുഖക്കുരു കൂടുതല്‍ വഷളാകുന്നതിലേക്കും നയിക്കുന്നു. 

മാസ്ക് മൂലം മുഖക്കുരു ഉണ്ടാകുന്നത് എങ്ങനെ തടയാമെന്നതിനെ കുറിച്ചാണോ ഇപ്പോള്‍ ആലോചിക്കുന്നത്. ഇതിനും ചില മാര്‍ഗങ്ങളുണ്ട്. അത്തരത്തിലുള്ള ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഒരുകാരണവശാലും ഉപയോഗിച്ച ഡിസ്പോസിബിള്‍ മാസ്ക് പിന്നീട് ഉപയോഗിക്കരുത്. ഇത് ചര്‍മ്മത്തിന് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കാം. 

രണ്ട്...

കഴുകി ഉപയോഗിക്കാവുന്ന മാസ്കുകളാണെങ്കില്‍ പലരും ഒരു ഉപയോഗം കഴിഞ്ഞ ശേഷം കഴുകാതെ അടുത്ത തവണയും ഉപയോഗിക്കാറുണ്ട്. ഇതും ചര്‍മ്മത്തെ പ്രശ്നത്തിലാക്കാം. എന്നുമാത്രമല്ല ഉപയോഗിച്ച മാസ്കുകള്‍ വീണ്ടും ഉപയോഗിക്കുന്നത് രോഗാണുക്കള്‍ ശരീരത്തിലേക്ക് കടക്കാനേ ഉപകരിക്കൂ. പല അണുബാധകളും ഇതുമൂലമുണ്ടാകാം. 

മൂന്ന്...

മുഖത്ത് മാസ്ക് ധരിക്കുന്നതിന് മുമ്പായി മുഖം നന്നായി കഴുകി വൃത്തിയാക്കി തുടച്ച ശേഷം വാസ്ലിന്‍ പുരട്ടുന്നത് നല്ലതാണ്. പുറമെ നിന്നെത്തുന്ന പൊടിയോ അഴുക്കോ ചര്‍മ്മത്തിനകത്തേക്ക് കടക്കാതിരിക്കാന്‍ വാസ്ലീന്‍ സഹായകമാണ്. 

നാല്...

വാസ്ലീന്‍ മാത്രമല്ല, മുഖം കഴുകിത്തുടച്ച ശേഷം മോയിസ്ചറൈസര്‍, സണ്‍സ്ക്രീന്‍ എല്ലാം ഉപയോഗിക്കുന്നത് മാസ്ക് ധരിക്കുന്നത് മൂലമുണ്ടാകുന്ന മുഖക്കുരുവിനെ തടയും. എല്ലാ ദിവസവും കൃത്യമായൊരു സ്കിന്‍ കെയര്‍ റുട്ടീന്‍ പാലിക്കുന്നത് വളരെ നല്ലതാണ്. ഇത് ഓരോരുത്തരും അവരവരുടെ സ്കിന്‍ ടൈപ്പ് മനസിലാക്കി വേണം ചെയ്യാന്‍. 

Also Read:- മുഖക്കുരു മാറാൻ വീട്ടില്‍ പരീക്ഷിക്കാവുന്ന ഒരു പൊടിക്കൈ