ഓസ്ട്രേലിയൻ സർക്കാരിന്‍റെ കീഴിലുള്ള തെറാപ്യൂട്ടിക് ഗൂഡ്സ് അഡ്മിനിസ്ട്രേഷനാണ് (ടിജിഎ) കൊവാക്സിൻ അംഗീകരിച്ച വിവരം ട്വീറ്റ് ചെയ്തത്.
കൊവിഡ് 19 പ്രതിരോധ വാക്സിനായ കൊവാക്സിന് (Covaxin) അംഗീകാരം നല്‍കി ഓസ്ട്രേലിയ (Australia). രാജ്യാന്തര യാത്രാ നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ നിർമിത കൊവിഡ് വാക്സീന് അനുമതി നൽകിയത്. ഇനി മുതല്‍ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഓസ്ട്രേലിയയില്‍ ക്വാറന്റീന്‍ വേണ്ടിവരില്ല.
ഓസ്ട്രേലിയൻ സർക്കാരിന്‍റെ കീഴിലുള്ള തെറാപ്യൂട്ടിക് ഗൂഡ്സ് അഡ്മിനിസ്ട്രേഷനാണ് (ടിജിഎ) കൊവാക്സിൻ അംഗീകരിച്ച വിവരം ട്വീറ്റ് ചെയ്തത്. ഓസ്ട്രേലിയയിലെ വാക്സിനുകൾക്ക് അനുമതി നൽകുന്ന സ്ഥാപനമാണ് ടിജിഎ. കൊവാക്സിൻ എടുത്തവർക്ക് മറ്റുള്ളവരിലേക്ക് കൊവിഡ് 19 രോഗം പടർത്താനുള്ള സാധ്യത കുറവാണെന്നും, രോഗം ബാധിച്ചവർക്ക് ഗുരുതരമാകില്ലെന്നും ട്വീറ്റിൽ പറയുന്നു.
കൊവാക്‌സിന്‍ (Covaxin) കൂടാതെ, ചൈനയിലെ സിനോഫാം നിർമ്മിച്ച BBIBP-CorV വാക്സിനും ഓസ്‌ട്രേലിയ അംഗീകാരം നല്‍കിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിലും ചൈനയിലും കുടുങ്ങിയ വിദ്യാർഥികൾ ഉൾപ്പടെയുള്ള അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം പകരുന്ന തീരുമാനമാണ് ഓസ്ട്രേലിയയുടേത്.
