Asianet News MalayalamAsianet News Malayalam

വെബ്‍സീരീസുകള്‍ ഒറ്റയടിക്ക് കണ്ട് തീര്‍ക്കുന്നത് കൊള്ളാം; നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടം

ഒറ്റയിരുപ്പില്‍ ഒട്ടേറെ എപ്പിസോഡുകള്‍ ഒന്നിച്ചിരുന്ന് കാണുന്ന രീതിയെ 'ബിഞ്ച് വാച്ചിങ്' എന്നാണ് വിളിക്കുന്നത്. മണിക്കൂറുകള്‍ ഒരേ പൊസിഷനില്‍ ഇരുന്ന് ജോലി ചെയ്യുന്നതിനേക്കാള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ബിഞ്ച് വാച്ചേഴ്സിനെ കാത്തിരിക്കുന്നത്. 

binge-watching causes serious health issues including cardio vascular issues and deep vein thrombosis
Author
Thiruvananthapuram, First Published Jul 13, 2019, 4:27 PM IST

ഇഷ്ടപ്പെട്ട വെബ്‍സീരീസുകള്‍ ഒന്നിച്ച് കണ്ടുതീര്‍ക്കുന്ന ശീലമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക. ഉറക്കച്ചടവ്, തളര്‍ച്ച, അമിതവണ്ണം, കാഴ്ചത്തകരാറുകള്‍, ഞരമ്പുകളില്‍ രക്തം കട്ടപിടിച്ച് പോവുന്ന ഡീപ് വെയിന്‍ ത്രോംബോസിസ് മുതല്‍ ഹൃദയാഘാതം വരെയാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. 

ഒറ്റയിരുപ്പില്‍ ഒട്ടേറെ എപ്പിസോഡുകള്‍ ഒന്നിച്ചിരുന്ന് കാണുന്ന രീതിയ്ക്ക് ബിഞ്ച് വാച്ചിങ് എന്നാണ് പേര്. ഉറങ്ങാനും വ്യായാമത്തിനും മറ്റുപല കാര്യങ്ങള്‍ക്കുമായി ചെലവിടേണ്ട സമയത്ത് ഒരേ സ്ഥലത്ത് ഒരേ പൊസിഷനിലിരുന്ന് കാണുമ്പോള്‍ ശശീരത്തില്‍ സംഭവിക്കുന്നത് ഗുരുതര പ്രശ്നങ്ങളെന്നാണ് കണ്ടെത്തല്‍. മണിക്കൂറുകള്‍ ഒരേ പൊസിഷനില്‍ ഇരുന്ന് ജോലി ചെയ്യുന്നതിനേക്കാള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ബിഞ്ച് വാച്ചേഴ്സിനെ കാത്തിരിക്കുന്നത്. 

ഫ്ലോറി‍ഡയിലെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന പഠനത്തിലാണ് കണ്ടെത്തല്‍. തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവരേക്കാള്‍ ബിഞ്ച് വാച്ചിങ് ചെയ്യുന്നവര്‍ക്ക് ഹൃദയാഘാതമുണ്ടാവാനുള്ള സാധ്യത അന്‍പത് ശതമാനത്തോളമാണെന്ന് പഠനം വ്യക്തമാക്കുന്നു. 

എപ്പിസോഡ് കാണുന്നതിനിടെ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ധാരണയുണ്ടാവാനുള്ള സാധ്യത കൂറവാണെന്നും പഠനം വ്യക്തമാക്കുന്നു. ഉറക്കം അപഹരിക്കുന്നുവെന്നതാണ് ബിഞ്ച് വാച്ചിങിന്‍റെ പ്രധാന പ്രശ്നം. എന്നാല്‍ ഉറക്കം കുറയുന്നതിനെ തുടര്‍ന്നുള്ള ശാരീരിക പ്രശ്നങ്ങളെക്കുറിച്ച് കാണുന്നയാള്‍ അറിയാതെ പോവുകയും ചെയ്യും. ഒരേ പൊസിഷനില്‍ മണിക്കൂറുകള്‍ ഇരിക്കുന്നതോടെ അസ്ഥികള്‍ക്ക് തകരാറുകള്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. ഹൃദയസംബന്ധമായ തകരാറുകള്‍ ഇത്തരക്കാര്‍ വരാനുള്ള സാധ്യതയും ഏറെയാണ്. 

സോഫയിലും മറ്റും കിടന്നുള്ള കാഴ്ച കണ്ണിന് തകരാറുകള്‍ വരുത്താനുള്ള സാധ്യതയുണ്ട്. ഉറക്കം കുറയുന്നതോടെ ശരീരത്തിന് തളര്‍ച്ചയുണ്ടാവും. അളവറിയാതെ ഭക്ഷണം അകത്ത് എത്തുന്നത് അമിതവണ്ണത്തിനും അതിലൂടെ മറ്റ് പ്രശ്നങ്ങളിലേക്കും എത്തിക്കുന്നു. കാലുകളോ കൈകളോ അനക്കാതെ ആകാംക്ഷയോടെയുള്ള എപ്പിസോഡ് കാണലിന് ഇടയില്‍ ഞരമ്പുകളില്‍ രക്തം കട്ടപിടിച്ച് ഡീപ് വെയിന്‍ ത്രോംബോസിസ് എന്ന അവസ്ഥയിലേക്കും എത്താം.

ഇനി എപ്പിസോഡുകള്‍ ഒന്നിച്ച് കണ്ടേതീരുവെന്ന് നിര്‍ബന്ധമുള്ളവര്‍ ഇടയ്ക്ക് ഒന്നെണീറ്റ് നടക്കാനോ ഇടയ്ക്ക് ഇരിക്കുന്ന പൊസിഷനുകളില്‍ മാറ്റം വരുത്താനോ ശ്രമിക്കുന്നത് നല്ലതാണ്. കണ്ണിന് വിശ്രമം നല്‍കി ഇടയ്ക്ക് വ്യായാമം ചെയ്തും എപ്പിസോഡുകള്‍ കാണാം. ഉറക്കത്തിന്‍റെ കാര്യത്തില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാവരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. എത്ര മികച്ച സീരിയലാണെങ്കിലും അഞ്ച് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ സമയം കണ്ടെത്തണമെന്നും സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ വ്യക്തമാക്കുന്നു. 

Follow Us:
Download App:
  • android
  • ios