മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളിൽ തുടക്കം മുതലേ മുലയൂട്ടുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കുമെന്ന് പഠനം. അയർലാന്റിലെ റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് അയർലണ്ടിലെ (ആർ‌സി‌എസ്ഐ) ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.. 

മാസം തികയാതെ നേരത്തെ ജനിക്കുന്ന കുഞ്ഞുങ്ങൾ കൗമാരത്തിലെത്തുമ്പോൾ ഉണ്ടാകാവുന്ന ദീർഘകാല ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ഹൃദയ സംബന്ധമായ അസുഖങ്ങൾ. ചെറിയ ഹൃദയ അറകൾ,  ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഇതിൽ ഉൾപ്പെടുമെന്ന് ഗവേഷകർ പറയുന്നു. 

  23 നും 28 നും ഇടയിൽ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. നേരത്തേ ജനിക്കാത്തവരുടെ ഹൃദയത്തേക്കാൾ ചെറിയ അറകളാണ് മാസം തികയാതെ ജനിച്ചവരുടെ ഹൃദയങ്ങളിൽ ഉള്ളതെന്ന് പഠനത്തിൽ കണ്ടെത്താനായെന്ന് പ്രൊ. അഫിഫ് ഇഎൽ-ഖുഫാഷ് പറയുന്നു. 

പീഡിയാട്രിക് റിസർച്ച് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. മുലപ്പാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതായും കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. മുലപ്പാൽ നൽകുന്നത് കു‍ഞ്ഞുങ്ങളിൽ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും കുഞ്ഞിന്റെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിലൂടെയും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നുണ്ടെന്ന് പ്രൊ. അഫിഫ് പറയുന്നു.