'ഡീഹൈഡ്രേഷന്‍' അഥവാ നിര്‍ജലീകരണത്തെ കുറിച്ച് നമുക്കെല്ലാം അറിയാം. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതാകുന്ന അവസ്ഥയാണിത്. പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്കും ഇത് വഴിയൊരുക്കുമെന്നും നമുക്കറിയാം. 

എന്നാല്‍ എന്താണ് 'ക്രോണിക് ഡീഹൈഡ്രേഷന്‍'? പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പതിവായ നിര്‍ജലീകരണം മൂലമുണ്ടാകുന്ന അവസ്ഥ തന്നെയാണിത്. തളര്‍ച്ച, ഛര്‍ദ്ദി, വയറിളക്കം, പനി, കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത മാനസികാവസ്ഥ തുടങ്ങി പല പ്രശ്‌നങ്ങളും 'ക്രോണിക് ഡീഹൈഡ്രേഷന്‍' സൃഷ്ടിക്കും. 

നിര്‍ജലീകരണമുണ്ടാകുമ്പോള്‍ ശരീരത്തിലെ ജലാംശം മാത്രമല്ല നഷ്ടമാകുന്നത്. വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ അളവില്‍ കൂടി ഗണ്യമായ കുറവ് സംഭവിക്കുന്നു. ഇതിന്റെ ഭാഗമായാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. ഇനി 'ക്രോണിക് ഡീഹൈഡ്രേഷ'ന്റെ ചില ലക്ഷണങ്ങള്‍ കൂടി അറിയാം. 

ഒന്ന്...

ബാക്ടീരിയകള്‍ക്കെതിരായ പൊരുതുന്ന പല ഘടകങ്ങളും ഉമിനീരില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ നിര്‍ജലീകരണം രൂക്ഷമാകുമ്പോള്‍ ഉമിനീര്‍ ഗ്രന്ഥി ആവശ്യത്തിന് ഉമിനീര്‍ ഉത്പാദിപ്പിക്കാതെയാകുന്നു.

 

 

തന്മൂലം വായ്ക്കകത്ത് ബാക്ടീരിയകള്‍ പെരുകുന്നു. ഇത് വായ വരണ്ടിരിക്കാന്‍ വാ്‌നാറ്റമുണ്ടാകാനുമെല്ലാം ഇടയാക്കുന്നു. ഒപ്പം തന്നെ ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നതിനും ഇത് കാരണമാകുന്നു. 

രണ്ട്...

നിര്‍ജലീകരണം ചര്‍മ്മത്തിന്റെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു. ചര്‍മ്മത്തിന്റെ മിനുസം, നഷ്ടപ്പെടാനും ചര്‍മ്മം മുറുകി വരണ്ട് പൊട്ടാനുമെല്ലാം ഇത് കാരണമാകുന്നു. അതുപോലെ തന്നെ ചര്‍മ്മത്തില്‍ ചുവപ്പ് പടരുന്നതും 'ക്രോണിക്' നിര്‍ജലീകരണത്തിന്റെ ലക്ഷണമാകാം. 

മൂന്ന്...

എപ്പോഴും വിശപ്പനുഭവപ്പെടുന്നതും നിര്‍ജലീകരണത്തിന്റെ ലക്ഷണമാകാം. ദാഹത്തെ പലപ്പോഴും ശരീരം വിശപ്പായി തെറ്റിദ്ധരിക്കുന്ന അവസ്ഥയുണ്ടാകാം. ഈ പ്രശ്‌നം നിര്‍ജലീകരണമുള്ളവരില്‍ സാധാരണവുമായിരിക്കും. അതിനാല്‍ ഭക്ഷണം കൂടുന്ന സാഹചര്യമുണ്ടാകുന്നു. ആവശ്യത്തിന് വെള്ളമെത്താതെ ഭക്ഷണം കഴിക്കുന്നത് ഗുരുതരമായ ദഹനപ്രശ്‌നങ്ങള്‍ തൊട്ട് പല വിഷമതകളിലേക്കും നയിക്കാം. 

നാല്...

അസഹ്യമായ തലവേദന അല്ലെങ്കില്‍ മൈഗ്രേയ്‌നും സ്ഥിരമായ നിര്‍ജലീകരണത്തിന്റെ ലക്ഷണമായി വരാറുണ്ട്. 

 

 

അഞ്ച്...

മൂത്രം അസാരണമായ വിധത്തില്‍ മഞ്ഞ നിറമാകുന്നുണ്ടെങ്കിലും ശ്രദ്ധിക്കുക. ഇതൊരു പക്ഷേ 'ക്രോണിക് ഡീഹൈഡ്രേഷ'ന്റെ ലക്ഷണമാകാം. 

സാധാരണഗതിയിൽ വെള്ളം കുടിച്ചുതുടങ്ങുന്നത് കൊണ്ട് മാത്രം 'ക്രോണിക് ഡീഹൈഡ്രേഷന്‍' മാറ്റാനാവില്ല. വെള്ളത്തിനൊപ്പം തന്നെ ധാരാളം പോഷക ഗുണങ്ങളുള്ള പാനീയങ്ങൾ നിരന്തരം കഴിക്കുക. പതിയെ ശരീരത്തെ തിരിച്ചെടുക്കാൻ ഇതിലൂടെ സാധിക്കും.

Also Read:- അജിനോമോട്ടോ എങ്ങനെയാണ് ഉത്പാദിപ്പിക്കുന്നത്? ഇത് ശരീരത്തിന് ദോഷമോ?...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona