2019 അവസാനത്തോടെ ചൈനയില്‍ സ്ഥിരീകരിച്ച കൊവിഡ് 19 പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ മറ്റ് രാജ്യങ്ങളിലേക്കെല്ലാം പടര്‍ന്നുപിടിക്കുകയായിരുന്നു. 2020 തുടങ്ങി അധികം വൈകാതെ തന്നെ ഇന്ത്യയിലും കൊവിഡ് 19 എത്തി. 

മൂന്ന് വര്‍ഷത്തോളമായി കൊവിഡ് 19 എന്ന വെല്ലുവിളിയോട് പോരാടിക്കൊണ്ടായിരുന്നു ഓരോ ദിവസവും നാം ജീവിച്ചിരുന്നത്. ഇന്ത്യ മാത്രമല്ല, ലോകമൊട്ടാകെയും തന്നെ ഈ പ്രതിസന്ധിയില്‍ മുങ്ങിപ്പോയി എന്ന് വേണം പറയാൻ. ഇന്ത്യയെക്കാളെല്ലാം സാമ്പത്തികമായും സാമൂഹികമായുമെല്ലാം ഉയര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങള്‍ പോലും കൊവിഡ് ദുരിതത്തില്‍ വലഞ്ഞുപോയി എന്നതാണ് വസ്തുത.

2019 അവസാനത്തോടെ ചൈനയില്‍ സ്ഥിരീകരിച്ച കൊവിഡ് 19 പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ മറ്റ് രാജ്യങ്ങളിലേക്കെല്ലാം പടര്‍ന്നുപിടിക്കുകയായിരുന്നു. 2020 തുടങ്ങി അധികം വൈകാതെ തന്നെ ഇന്ത്യയിലും കൊവിഡ് 19 എത്തി. 

ഇതിനോടനുബന്ധമായി രാജ്യം ആദ്യത്തെ ലോക്ഡൗണിലേക്ക് നീങ്ങി. തീര്‍ത്തും അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട ആ ലോക്ഡൗണ്‍ ജനങ്ങളെ ചെറിയ രീതിയിലൊന്നുമല്ല ബാധിച്ചത്. ലോക്ഡൗണിനെ തുടര്‍ന്നുള്ള ദുരിതങ്ങള്‍ കൊണ്ട് തന്നെ മനുഷ്യര്‍ മരിച്ചുവീഴുന്ന കാഴ്ച നാം കണ്ടു. പിന്നീട് കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് നൂറുകണക്കിന് മനുഷ്യര്‍ ഓരോ ദിവസവും പോരാടിക്കൊണ്ട് മരണത്തിലേക്ക് കടന്നുപോയി.

ഭയവും ആശങ്കകളും ഉത്കണ്ഠകളും ഭാവിയെ ഇരുട്ടിലാക്കിയ ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍... ഇപ്പോഴിതാ ഏറെ ആശ്വാസമേകുന്ന കൊവിഡ് കണക്കുകളാണ് രാജ്യത്ത് പുറത്തുവരുന്നത്. കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ആദ്യഘട്ടം, അതായത് 2020 മാര്‍ച്ച്- ഏപ്രില്‍ മാസത്തിലേത് പോലെ, അത്രയും താഴ്നന്ന കേസുകളാണത്രേ ഇപ്പോള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

എന്നുവച്ചാല്‍ രണ്ടര വര്‍ഷം മുമ്പുള്ള അവസ്ഥയിലേക്ക് നാം താല്‍ക്കാലികമായെങ്കിലും തിരിച്ചുപോയിരിക്കുന്നു എന്ന് പറയാം. കൊവിഡ് മരണങ്ങളും കുറഞ്ഞിരിക്കുകയാണ്. കഴിഞ്‍ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് ഒരേയൊരു കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 

ഇതോടെ ഇന്ത്യ കൊവിഡ് 19 എന്ന പേടിസ്വപ്നത്തില്‍ നിന്ന് മുക്തി നേടുകയാണോ? കൊവിഡ് ഇവിടെ അവസാനിക്കാൻ പോവുകയാണോ എന്ന ആശ്വാസം ഏവരിലും ഉയരുന്നുണ്ട്. അതേസമയം ഔദ്യോഗികമായി സര്‍ക്കാര്‍ അടക്കമുള്ള അധികാരപ്പെട്ടവര്‍ ആരും തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

നിലവില്‍ രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകള്‍ 10,000ത്തിന് താഴെയാണ്. ഇതും 2020 ഏപ്രിലിലേതിന് സമാനമാണ്. നവംബര്‍ 7-13 ആഴ്ചയില്‍ ആകെ 5,420 കേസുകള്‍ വന്നു. ഇതും 2020 ഏപ്രില്‍ 6-12ലേതിന് സമാനമാണ്. ആദ്യ ലോക്ഡൗണിന് രണ്ടാഴ്ചയ്ക്ക് ശേഷമുള്ള സമയമായിരുന്നു അത്. 

കൊവിഡ് 19 എന്ന വെല്ലുവിളി അവസാനിക്കുകയാണെങ്കില്‍ പോലും, അല്ലെങ്കില്‍ അതുമായി ജീവിച്ചുപോകാൻ നാം പ്രാപ്തരായി എന്ന് സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍ പോലും കൊവിഡ് വരുത്തിയ നഷ്ടങ്ങള്‍ പലതും നികത്താനാകാത്തത് തന്നെയാണ്. ലക്ഷക്കണക്കിന് പേരുടെ മരണം, തൊഴില്‍ നഷ്ടം, ഇതെത്തുടര്‍ന്നുള്ള ആത്മഹത്യകള്‍, പ്രിയപ്പെട്ടവര്‍ നഷ്ടമായി അനാഥത്വത്തിലേക്ക് കടന്നവര്‍, രോഗമോ സാമൂഹികാവസ്ഥയോ മാനസികമായ ആഘാതം സൃഷ്ടിച്ചവര്‍, രോഗം ബാക്കിവച്ച ആരോഗ്യപ്രശ്നങ്ങളുമായി മുന്നോട്ടുപോകുന്നവര്‍, കൊവിഡ് മൂലം മറ്റ് രോഗങ്ങള്‍ക്ക് സമയത്തിന് ചികിത്സ ലഭ്യമാകാതെ ജീവൻ നഷ്ടമായവര്‍, ആരോഗ്യം പ്രതിസന്ധിയിലായവര്‍...

അങ്ങനെ ലക്ഷം ലക്ഷം മനുഷ്യരുടെ കണ്ണീരും വേദനയും ഒരിക്കലും നികത്താനാകാത്തത് തന്നെയാണ്. എന്നിരിക്കിലും മുന്നോട്ടുനോക്കുമ്പോള്‍ ജീവിതത്തെ മെച്ചപ്പെടുത്തുവാൻ അനുകൂലമായ സാഹചര്യം ലഭിക്കുമെന്ന പ്രത്യാശയുണ്ടെങ്കില്‍ അതിനെ ചേര്‍ത്തുപിടിക്കുക തന്നെ വേണം. 

Also Read:- കൊവിഡ് വാക്സിൻ ക്യാൻസര്‍ ചികിത്സയ്ക്ക് സഹായകമാകുന്നുവെന്ന് പഠനം