ഇന്ന് ലോക എയ്ഡ്സ് ദിനം. എല്ലാ വർഷവും ഡിസംബർ 1 എയ്ഡ്സ് ദിനമായി ലോകമെങ്ങും ആചരിക്കുകയാണ്. മനുഷ്യരാശിയെ തന്നെ ഭീതിയിലാഴ്ത്തിയ ഈ മഹാവിപത്തിൽ നിന്നും ലോകത്തെ രക്ഷിക്കുന്നതിനും HIV രോഗബാധിതരായവർക്ക് സ്വാന്തനമേകുന്നതിനും വേണ്ടിയാണ് ലോകാരോഗ്യ സംഘടന (WHO) ഡിസംബർ 1 ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നത്. 

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും, മയക്ക് മരുന്ന് കുത്തിവയ്ക്കുന്നതിലൂടെയും, എച്ച്‌ഐവി ബാധിതരായ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് ഗർഭാവസ്ഥയിലോ പ്രസവസമയത്തോ അതിനുശേഷം മുലപ്പാലിലൂടെയോ ആണ് രോഗം പകരുന്നത്.

എന്നാൽ പുതിയ കണക്കുകൾ അനുസരിച്ച് എച്ച്‌ഐവി ഇപ്പോൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് യുവാക്കളിലാണ്. ഇതിന് പ്രധാന കാരണം ഓൺലൈൻ ലഹരി ഉപയോഗമാണന്നും ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. 2030ഓടെ എച്ച്ഐവി വൈറസ് ഇല്ലാതാക്കുക എന്നതാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്.

 ഏതൊരു രോഗത്തെയും പോലെ തന്നെ പ്രാരംഭഘട്ടത്തിൽ തന്നെ ശരിയായ രോഗ നിർണ്ണയവും ചികിത്സയും എയ്ഡ്സിനും നടത്തേണ്ടതാണ്. എന്നാൽ സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന പല തെറ്റിദ്ധാരണകളും എയ്ഡ്സ് രോഗബാധിതരെ യഥാസമയത്ത് ചികിത്സ തേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയാണ്.

ആഫ്രിക്കൻ രാജ്യങ്ങളിൽ ഈ രോഗം നേരത്തെ കാണപ്പെട്ടിരുന്നു എന്ന്‌ പറയപ്പെടുന്നു. എങ്കിലും എയ്‌ഡ്‌സ്‌ പ്രത്യേകം ശ്രദ്ധയിൽ പെട്ടത് 1981 ൽ ആണ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ശീലമാക്കിയ ഏതാനം അമേരിക്കൻ യുവാക്കളിലാണ് ഈ അവസ്ഥ ആദ്യമായി സ്ഥിരീകരിച്ചത്.