സിനിമാതാരങ്ങളെ കുറിച്ച് സാധാരണക്കാർക്കുള്ള ചില ധാരണകൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ദീപിക. 'വോഗ്' മാഗസിന് വേണ്ടി സംസാരിക്കുന്നതിനിടെയാണ് ദീപികയുടെ ശ്രദ്ധേയമായ പ്രതികരണം
താരങ്ങളെ കുറിച്ച് എപ്പോഴും സാധാരണക്കാര്‍ക്കിടയില്‍ പല അബദ്ധധാരണകളും ഉണ്ടാകാം. ധാരാളം പണമുണ്ട്, പ്രശസ്തിയുണ്ട്, സൗന്ദര്യമുണ്ട്, അംഗീകാരമുണ്ട്... ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ താരങ്ങളെല്ലാം വളരെ സന്തോഷത്തോടുകൂടിയായിരിക്കും ജീവിക്കുന്നത്.. എന്നിങ്ങനെ പോകും ഈ ചിന്തകള്‍.
എന്നാല്‍ ഈ ധാരണകളെല്ലാം തെറ്റാണെന്നാണ് പ്രമുഖ ബോളിവുഡ് താരമായ ദീപിക പദുക്കോണ്‍ പറയുന്നത്. വിഷാദരോഗത്തെ താന്‍ എങ്ങനെ അതിജീവിച്ചുവെന്ന് വിശദീകരിക്കുന്നതിലൂടെയാണ് താരങ്ങളെക്കുറിച്ചുള്ള ആളുകളുടെ തെറ്റായ ധാരണകളെ ദീപിക ചൂണ്ടിക്കാണിക്കുന്നത്.
'വോഗ്' മാഗസിന് വേണ്ടി സംസാരിക്കുന്നതിനിടെയാണ് ദീപികയുടെ ശ്രദ്ധേയമായ പ്രതികരണം.
'എനിക്ക്, എന്നെ സ്വയം വിപുലീകരിച്ച ഒരനുഭവമായിരുന്നു ഡിപ്രഷന്‍ നല്‍കിയത്. മാനസികമായ വിഷമതകളെ എങ്ങനെയെല്ലാം മറികടക്കാമെന്ന് അതെന്നെ പഠിപ്പിച്ചു. മറ്റൊരു കാര്യമുള്ളത്, എപ്പോളും ആളുകള്‍ക്ക് ഒരു തെറ്റിദ്ധാരണയുണ്ട്, ഇങ്ങനെയൊക്കെയുള്ള ആളുകള്‍ക്ക് മാത്രമേ ഡിപ്രഷന്‍ വരൂ, അല്ലാത്തവര്‍ക്ക് ഒരിക്കലും അത് വരില്ല.... അങ്ങനെയൊന്നുമില്ല. ഞാന്‍ സിനിമാമേഖലയില്‍ നിന്നാണ്, മറ്റ് മേഖലകളിലുള്ളവര്‍ക്ക് ഈ പ്രശ്‌നമുണ്ടാകുന്നില്ലേ? ഇത് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണെന്ന് മനസ്സിലാക്കണം'- ദിപിക പറയുന്നു.
മാനസികാരോഗ്യത്തിന് നിത്യജീവിതത്തില്‍ പ്രാധാന്യം നല്‍കുന്നതിനെ കുറിച്ച് നല്ല രീതിയിലുള്ള അവബോധം ഉണ്ടാക്കേണ്ടതുണ്ടെന്നും അതുകൊണ്ട് തന്നെ അതെക്കുറിച്ച് സംസാരിക്കുന്നതില്‍ ഒരു മടിയും വിചാരിക്കുന്നില്ലെന്നും ദീപിക പറയുന്നു.
